സണ്ണി സാറിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് കുറിയന്നൂര്‍ ഗ്രാമം

0 second read
0
0

പത്തനംതിട്ട: കുറിയന്നൂര്‍ തോട്ടത്തു മഠത്തില്‍ തോമസ് ജോസഫ് എന്ന സണ്ണി സാര്‍ നാടിന് എത്ര മാത്രം പ്രിയങ്കരനായിരുന്നുവെന്ന് അറിയാന്‍ ഇന്നലെ ആറന്മുളയില്‍ പമ്പയുടെ കരയില്‍ ഏതാനും നിമിഷങ്ങള്‍ മാത്രം നിന്നാല്‍ മതിയായിരുന്നു. അഷ്ടമി രോഹിണി നാളില്‍ ആറന്മുള കണ്ണന്റെ ജന്മദിനം ആഘോഷിക്കുന്ന ആഹ്‌ളാദ തിമിര്‍പ്പില്‍ ഒരു ഞെട്ടലായിട്ടാണ് ആ വാര്‍ത്ത വന്നത്. കുറിയന്നൂര്‍ പള്ളിയോടത്തിന്റെ രണ്ടാം അടനയമ്പുകാരന്‍ സണ്ണി സാര്‍ പമ്പയില്‍ വീണു മരിച്ചു. ഏതു കുത്തൊഴുക്കിലും നീന്തി കര പറ്റാന്‍ കഴിയുന്ന സണ്ണിയെ അറിയാവുന്ന നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അതൊരു ഷോക്കായിരുന്നു. വാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ കുറിയന്നൂര്‍ ഗ്രാമം തരിച്ചു നിന്നു.

നാട്ടിലെ എല്ലാ പൊതു പരിപാടികളിലും സജീവമായിരുന്നു സണ്ണി. ഇന്നലെ കുറിയന്നൂര്‍ പള്ളിയോടത്തിലെ രണ്ടാം അടനയമ്പുകാരനായതും അതു കൊണ്ടാണ്. അഷ്ടമിരോഹിണി നാളില്‍ ജലമേളയ്ക്കായി എത്തിയപ്പോഴാണ് കുറിയന്നൂര്‍ പളളിയോടത്തിന്റെ രണ്ടാം അടനയമ്പില്‍ നിന്നും പമ്പാ നദിയിലേക്ക് വീണ് സണ്ണിയുടെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്.

കുറിയന്നൂര്‍ മാര്‍ത്തോമ്മാ ഹൈസ്‌കൂളിലെ സീനിയര്‍ അധ്യാപകനായ തോമസ് ജോസഫ് ഔദ്യോഗിക ജോലി ആരംഭിക്കും മുമ്പ് തന്നെ പൊതു സമൂഹത്തിന് ഏറെ സ്വീകാര്യനായിരുന്നു. മാതൃകാ അധ്യാപകന്‍ എന്ന വാക്ക് അദ്ദേഹത്തിന്റെ കാര്യത്തില്‍ യാഥാര്‍ഥ്യം തന്നെയായിരുന്നു. തന്റെ മുത്തച്ഛനും പിതാവും കുറിയന്നൂര്‍ പളളിയോടവും ആറന്മുള ക്ഷേത്രവുമായി പാലിച്ച് പോന്നിരുന്ന ബന്ധം വളരെ ചെറുപ്പത്തിലെ അദ്ദേഹത്തിന്റെ ഹൃദയത്തിലും വന്ന് ചേര്‍ന്നിരുന്നു. കാലം ചെയ്ത മാര്‍ത്തോമാ സഭാ പരമാധ്യക്ഷന്‍ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പഠിച്ച സ്‌കൂളിലെ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച കാലം മുതല്‍ സ്‌കൂളിന്റെ ഉന്നമനത്തിനായി ചെയ്ത പ്രവൃത്തികള്‍ നിരവധിയാണ്.

കുറിയന്നൂര്‍ പളളിയോടവും വഞ്ചിപ്പാട്ടും വളളസദ്യയും ഉതൃട്ടാതി ജലമേളയും അടനയമ്പ് പിടുത്തവും എന്നും സണ്ണി സാറിന്റെ ഹൃദയ വികാരമായിരുന്നു. തന്നേക്കാള്‍ മുതിര്‍ന്നവരോട് ബഹുമാനത്തോടെ സംസാരിക്കുകയും സമപ്രായക്കാരോട് സൗഹൃദമായി ഇടപെടുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ ശിഷ്യരോട് സ്വന്തം മക്കളോടെന്ന പോലെ കടുപ്പിച്ചും തൊട്ട് പിന്നാലെ സ്‌നേഹാര്‍ദ്രമായും ഇടപെടുമായിരുന്നു. അപകട വിവരം അറിഞ്ഞപ്പോഴേക്കും അദ്ദേഹത്തെ ഒരു നോക്ക് കാണാനായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് നാട്ടുകാര്‍ ഓടി എത്തുകയായിരുന്നു. അപകടം നടന്ന് അധികം വൈകാതെ തന്നെ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാര്‍ക്ക് മൃതദേഹമാണ് പമ്പയില്‍ നിന്നും കണ്ടെടുക്കാനായത്.

Load More Related Articles
Load More By Veena
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…