അടൂര്‍: ഡീ അഡിക്ഷന്‍ സെന്ററില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവിന്റെ വിരലിലെ മാംസത്തില്‍ ആഴ്ന്നിറങ്ങിയ മോതിരം ഡോക്ടറുടെ സാന്നിധ്യത്തില്‍ ഫയര്‍ ഫോഴ്‌സ് മുറിച്ചെടുത്തു. മിത്രപുരം ഗാന്ധിഭവന്‍ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്ക്കായി പോലീസ് എത്തിച്ചിരുന്ന അരൂര്‍ എഴുപുന്ന സ്വദേശി ജസ്റ്റിന്റെ (44) വിരലില്‍ കുടുങ്ങിയ മോതിരമാണ് അടൂര്‍ അഗ്‌നി രക്ഷാ സേന മുറിച്ച് മാറ്റി.
കഴിഞ്ഞ 29 ന് പോലീസ് ആണ് ജസ്റ്റിനെ ലഹരിമുക്ത കേന്ദ്രത്തില്‍ എത്തിച്ചത്. ലഹരി മോചന കേന്ദ്രത്തില്‍ എത്തിക്കുമ്പോള്‍ തന്നെ വിരലില്‍ കെട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീട് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് ഒരു സ്റ്റീല്‍ മോതിരം വിരലില്‍ മുറുകി മാംസം അതിന് മുകളില്‍ മൂടപ്പെട്ട അവസ്ഥയിലാണ് എന്ന് കണ്ടത്. വിവരം അറിഞ്ഞ പോലീസ് ജസ്റ്റിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പൂര്‍ണമായും വിരലിലെ മാംസത്തിനുള്ളില്‍ അകപ്പെട്ടു പോയ മോതിരം മുറിച്ചുമാറ്റാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിയാതെ വന്നതോടെ പോലീസ് ജസ്റ്റിനുമായി ഫയര്‍ സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. എന്നാല്‍ വിദഗ്ദനായ ഡോക്ടറുടെ അസാന്നിധ്യത്തില്‍ മാംസത്തിനുള്ളില്‍ കുടുങ്ങിയിരിക്കുന്ന സ്റ്റീല്‍ വളയം മുറിക്കുന്നത് ആളിന്റെ ജീവന് തന്നെ ഭീഷണിയാകാന്‍ ഉള്ള സാധ്യത കണക്കിലെടുത്ത് ജസ്റ്റിനെ ആശുപത്രിയില്‍ എത്തിച്ച് ഒരു സര്‍ജന്റെ കൂടി സാന്നിധ്യത്തില്‍ സ്റ്റീല്‍ വളയം മുറിച്ച് നല്‍കാം എന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പോലീസിനെ അറിയിച്ചു. സര്‍ജന്റെ സേവനം ലഭ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബി. സന്തോഷ് കുമാര്‍, ഫയര്‍ ഓഫീസര്‍മാരായ ഡി. പ്രശോഭ്. ഡി, എ അനീഷ് കുമാര്‍, ഡിപിന്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി. ആശുപത്രി അധികൃതര്‍ ജസ്റ്റിന്റെ കൈ മരവിപ്പിച്ച ശേഷം ഫയര്‍ ഫോഴ്‌സ് കട്ടര്‍ ഉപയോഗിച്ച് വിരലിലെ വളയം മുറിച്ച് നീക്കം ചെയ്തു. മുറിവുണ്ടായ വിരലില്‍ മരുന്ന് വച്ച് ഡോക്ടര്‍ തുന്നി കെട്ടി. സര്‍ജന്‍ ഡോ. ബെന്‍ റോയിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു ഫയര്‍ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തനം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം.