പലഹാര നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായ ചുറ്റുപാടില്‍: അടച്ചു പൂട്ടി പെരിങ്ങര പഞ്ചായത്ത്‌

0 second read
0
0

തിരുവല്ല: പെരിങ്ങരയില്‍ പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലഘുഭക്ഷണ നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടി. തിരുനെല്‍വേലി സ്വദേശി ശങ്കറിന്റെ ഉടമസ്ഥതയില്‍ പെരിങ്ങര പത്താം വാര്‍ഡില്‍ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിറ്റാണ് അടച്ചുപൂട്ടിയത്. പരിസരവാസികളുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ഉഴുന്നുവടയും സമൂസയും നെയ്യപ്പവും കേക്കും അടക്കമുള്ള ലഘു ഭക്ഷണങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യുന്ന യൂണിറ്റാണ് ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയില്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയത്.

തിരുവല്ല, ചങ്ങനാശ്ശേരി താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലുള്ള ബേക്കറികളിലും ഹോട്ടലുകളിലുമായി ബൈക്കുകളിലും ഓട്ടോറിക്ഷകളിലും ആയാണ് പലഹാരങ്ങള്‍ വിതരണം ചെയ്യുന്നത് എന്ന് ജീവനക്കാര്‍ പറഞ്ഞു. തുറസ്സായതും വൃത്തിഹീനമായ അന്തരീക്ഷത്തിലും ആണ് അടുക്കള പ്രവര്‍ത്തിച്ചിരുന്നത് എന്ന് പരിശോധനയില്‍ കണ്ടെത്തി. പഴകിയ എണ്ണയാണ് പലഹാരങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിച്ചിരുന്നത്. പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള മൈദ അടക്കമുള്ള സാധനസാമഗ്രികള്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് സൂക്ഷിച്ചിരുന്നത് എന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

അടുക്കളയുടെ പരിസരപ്രദേശങ്ങള്‍ മലിന ജലം നിറഞ്ഞ ദുര്‍ഗന്ധം വമിക്കുന്നത് ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്ന 17 ജീവനക്കാരില്‍ പലര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഇല്ല എന്നും വ്യക്തമായിട്ടുണ്ട്. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ്, വാര്‍ഡ് മെമ്പര്‍ എസ് സനല്‍ കുമാരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ സതീഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജലക്ഷ്മി , വിജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. പിടിച്ചെടുത്ത ഭക്ഷണസാധനങ്ങളും പഴകിയ എണ്ണയും നശിപ്പിച്ചു. അടുക്കള പൂര്‍ണ്ണമായും നവീകരിക്കുന്നതിനും പരിസരം ശുചീകരിക്കുന്നതിനും ആയി അഞ്ച് ദിവസത്തെ സമയം നല്‍കിയതായും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉടമയ്ക്ക് നോട്ടീസ് നല്‍കിയതായും ഇവ പാലിക്കാത്ത പക്ഷം സ്ഥാപനം പൂര്‍ണമായും അടച്ചുപൂട്ടുന്ന നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

Load More Related Articles
Load More By Veena
Load More In LOCAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…