അടൂര്‍ കിന്‍ഫ്രപാര്‍ക്കില്‍ ബയോമെഡിക്കല്‍ പ്ലാന്റ്: എതിര്‍പ്പുമായി നാട്ടുകാരും സിപിഎമ്മും: യാതൊരു ആശങ്കയും വേണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

0 second read
0
0

അടൂര്‍: ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) ഇമേജ് ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സംബന്ധിച്ച് സമീപവാസികള്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതിക്കെതിരേ പ്രദേശവാസികളും സിപിഎമ്മും രംഗത്തു വന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ഐഎംഎ പത്തനംതിട്ട പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്തിയത്.

വായുവോ മണ്ണോ ജലമോ ഒരു വിധത്തിലും മലിനമാകില്ല. പ്രദേശം രോഗാണു വാഹകമാകുമെന്ന പ്രചാരണത്തിലും അടിസ്ഥാനമില്ലെന്ന് ഐ.എം.എ കേരള ഘടകം പ്രസിഡന്റ് ജോസഫ് ബെന്നവന്‍, സെക്രട്ടറി ഡോ. കെ. ശശിധരന്‍, ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ഏബ്രഹാം, ഇമേജ് ചെയര്‍മാന്‍ ഡോ. ഏബ്രഹാം വര്‍ഗീസ്, സെക്രട്ടറി ഡോ. കെ.പി. ഷറഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഹൈദരാബാദ് കേന്ദ്രമായ പ്രഗതി ലാബ്‌സ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സ് ആണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ മൂന്നേക്കറാണ് പ്ലാന്റിനായി വിട്ടു നല്‍കിയിരിക്കുന്നത്. 20 ടണ്‍ മാലിന്യമാണ് ഇവിടെ സംസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ആശുപത്രി, മെഡിക്കല്‍ ലബോറട്ടറികളില്‍ നിന്നുള്ള മാലിന്യമാണ് ഇവിടെ സംസ്‌കരിക്കുന്നത്. 24.84 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രദേശത്തിന് 10 കി.മീറ്റര്‍ ചുറ്റളവില്‍ മൂന്നുമാസ കാലയളവില്‍ പരിസ്ഥിതി പഠനം നടത്തിയിരുന്നു.

നിലവില്‍ ഇമേജിന് പാലക്കാട് ആണ് ബയോമെഡിക്കല്‍ പ്ലാന്റുള്ളത്. ഇതിന്റെ പ്രതിദിന കപ്പാസിറ്റി 70 ടണ്ണാണ്. എന്നാല്‍, പ്ലാന്റിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ മാലിന്യം അവിടെ സംസ്‌കരിക്കാനെത്തുന്നു. ഇത് യഥാസമയം സംസ്‌കരിക്കാന്‍ കഴിയാതെ കുമിഞ്ഞു കൂടിക്കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് തെക്കന്‍ ജില്ലകള്‍ക്ക് വേണ്ടി ഒരു പ്ലാന്റ് ഇളമണ്ണൂരില്‍ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്.

പ്ലാന്റ് ഒരു തരത്തിലുമുളള ജല, വായു, മണ്ണ് മലിനീകരണവും ഉണ്ടാക്കുന്നില്ലെന്ന് ഐ.എം.എ ഭാരവാഹികള്‍ പറഞ്ഞു. മാലിന്യ നിര്‍മാര്‍ജനം ശാസ്ത്രീയമാണ്. കേന്ദ്രസംസ്ഥാനജില്ലാ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുടെ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ് സംസ്‌കരണം നടക്കുന്നത്. ഇവിടെ രോഗവ്യാപനമോ പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന പ്രവര്‍ത്തനമോ ഉണ്ടാകുന്നില്ല. ഏറ്റവും ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ശാസ്ത്രീയമായിട്ടാണ് നിര്‍മാര്‍ജനം നടക്കുന്നത്.

ഓക്‌സിജന്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, ജലകണികകള്‍ ഇവയല്ലാതെ മറ്റൊരു ഖരജലവായു പദാര്‍ഥങ്ങളും അന്തരീക്ഷവുമായി കലരുന്നില്ല. അതു കാരണം പ്ലാന്റ് യാതൊരുവിധ വായു മലിനീകരണത്തിനും കാരണമാകുന്നില്ല. അത്യാധുനിക െ്രെഡ പ്ലാന്റാണ് ഉപയോഗിക്കുന്നത്. ജലത്തിന്റെ ഉപയോഗം പരിമിതമാണ്. ജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കുകയും ചെയ്യുന്നു. അതിനാല്‍ പ്ലാന്റില്‍ നിന്ന് ജലം പുറത്തേക്ക് ഒഴുകില്ല. ചുറ്റുമുള്ള ഒരു ശുദ്ധജലസ്രോതസും മലിനപ്പെടില്ല. മണ്ണ്, മറ്റ് ഖരവസ്തുക്കള്‍ എന്നിവയിലൊന്നും മാലിന്യങ്ങള്‍ കലരുകയോ അശുദ്ധമാക്കുകയോ ചെയ്യുന്നില്ല. ഇന്‍സിനറേറ്ററിന്റെ പുകക്കുഴല്‍ മതിയായ പൊക്കമുള്ളവയാണ്. ഇതില്‍ നിന്നുയരുന്ന പുക നിരീക്ഷിക്കുന്നതിന് സെന്‍സര്‍ സ്ഥാപിച്ചിട്ടുണ്ട്. അശുദ്ധവായു എത്തിയാല്‍ ആ സമയം ഡല്‍ഹിയിലും തിരുവനന്തപുരത്തുമുള്ള നിരീക്ഷണ കേന്ദ്രങ്ങളില്‍ അറിയാന്‍ കഴിയും. പ്ലാന്റ് നിലവില്‍ വരേണ്ടത് ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും ആശുപത്രികളുടെ സുരക്ഷിതമായ പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമാണ്. ജനങ്ങള്‍ക്ക് ഒരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാതെ പ്ലാന്റ് നടത്താനുള്ള ധാര്‍മിക ഉത്തരവാദിത്തം ഐ.എം.എയ്ക്കുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

 

ബയോമെഡിക്കല്‍ പ്ലാന്റ് ഇളമണ്ണൂരില്‍ അനുവദിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു വ്യക്തമാക്കി. ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശം ജനനിബിഡവുമാണ്. അങ്ങനെയുള്ള സ്ഥലത്ത് ആശുപത്രികളിലെ മാലിന്യം സംസ്‌കരിക്കാന്‍ അനുവദിക്കില്ല. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സര്‍ക്കാരിന്റെ ഭാഗമല്ല. അത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഭൂരിപക്ഷമുള്ള സംഘടനയാണ്. സര്‍ക്കാരില്‍ അപേക്ഷ നല്‍കി ഭൂമി വാങ്ങിയെന്ന് കരുതി അനുമതി ലഭ്യമല്ലെന്നും പ്ലാന്റിനെതിരേ സമരം നയിക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി പ്ലാന്റിനെതിരേ പ്രമേയം പാസാക്കിയിട്ടുണ്ട്.

Load More Related Articles
Load More By Veena
Load More In LOCAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…