
പത്തനംതിട്ട: വളര്‍ന്നു നിന്ന കാടു കാരണം ഓടയുടെ വിടവ് കാണാതെ വന്നതിനെ തുടര്‍ന്ന് വീട്ടമ്മയുടെ കാല്‍ സ്ലാബിനിടയില്‍ കുടുങ്ങി. ഓമല്ലൂര്‍ ആറ്റരികം തോട്ടത്തില്‍ പുത്തന്‍വീട്ടില്‍ ബീന (51) യുടെ കാലാണ് ജനറല്‍ ആശുപത്രിയുടെ പിന്നില്‍ ഡോകേ്ടഴ്‌സ് ലൈന്‍ റോഡിലുള്ള ഓടയുടെ വിടവില്‍ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് 5.30 നാണ് സംഭവം. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു ബീന. സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങിയ ബീന ഓടയുടെ മുകളിലേക്ക് കയറി നില്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് വിടവില്‍ കാല്‍ കുടുങ്ങിയത്. ഓടയുടെ സ്ലാബിന് മുകള്‍ ഭാഗത്ത് പുല്ലും മറ്റും നിറഞ്ഞ് കിടന്നിരുന്നതിനാല്‍ വിടവ് കാണാന്‍ കഴിഞ്ഞില്ല. നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തി. തുടര്‍ന്ന് അഗ്‌നി രക്ഷാ സേനയും എത്തി ഓടയുടെ സ്ലാബ് അകത്തി കാല്‍ പുറത്തെടുത്ത് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനറല്‍ ആശുപത്രിയില്‍ പുതിയ കെട്ടിടത്തിന്റെ പണി നടക്കുന്നതിനാല്‍ ഡോക്‌ടേഴ്‌സ് ലൈന്‍ റോഡ് വഴിയാണ് വാഹനങ്ങളും രോഗികളും കടന്നു പോകുന്നത്. പ്രധാന കവാടവും ഈ വഴിക്കാണ് ക്രമീകരിച്ചിരിക്കുന്നത്. അടുത്ത സമയത്താണ് ഈ റോഡ് നവീകരിച്ചത്. എന്നാല്‍ ഓടയുടെ പണികള്‍ ശരിയായി നടന്നിട്ടില്ല. പൊതുവെ വീതി കുറഞ്ഞ റോഡായതിനാല്‍ ആളുകള്‍ നടന്നു പോകുന്നത് ഓടയുടെ മുകളില്‍ കൂടിയാണ്. ഓടയുടെ പല ഭാഗത്തും സ്ലാബ് നിരപ്പില്ലാതെ കിടക്കുകയാണ്.