ബിജെപി സഹായിച്ചു: ചിറ്റാറില്‍ എല്ലാം സിപിഎമ്മിന്റെ വഴിക്ക്: വൈസ് പ്രസിഡന്റിനെതിരേ കോണ്‍ഗ്രസ് കൊണ്ടു വന്ന അവിശ്വാസം ചീറ്റി

4 second read
Comments Off on ബിജെപി സഹായിച്ചു: ചിറ്റാറില്‍ എല്ലാം സിപിഎമ്മിന്റെ വഴിക്ക്: വൈസ് പ്രസിഡന്റിനെതിരേ കോണ്‍ഗ്രസ് കൊണ്ടു വന്ന അവിശ്വാസം ചീറ്റി
0

പത്തനംതിട്ട: കേരളത്തില്‍ ഏറെ ചര്‍ച്ചാ വിഷയമായിരിക്കുന്ന സിപിഎം-ബിജെപി കൂട്ടുകെട്ട് ചിറ്റാര്‍ പഞ്ചായത്തില്‍ മറനീക്കി. ബി.ജെ.പിയുടെ രണ്ട് അംഗങ്ങള്‍ വിട്ടു നിന്നതോടെ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റായ സി.പി.എം അംഗത്തിനെതിരേ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 13 അംഗ പഞ്ചായത്തില്‍ യു.ഡി.എഫ്-ആറ്, എല്‍.ഡി.എഫ്-അഞ്ച്, ബി.ജെ.പി-രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. എല്‍.ഡി.എഫിന്റെ അഞ്ചും ബി.ജെ.പിയുടെ രണ്ടും അംഗങ്ങള്‍ വിട്ടു നിന്നതോടെയാണ് അവിശ്വാസം പരാജയപ്പെട്ടത്.
അഴിമതി ആരോപണം ഉന്നയിച്ചാണ് വൈസ് പ്രസിഡന്റിനെതിരെ യു.ഡി.എഫ് അവിശ്വാസം കൊണ്ടു വന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുമ്പോള്‍ കഴിഞ്ഞ പദ്ധതി കാലയളവില്‍ ലക്ഷക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ ലാപ്‌സാക്കി, പ്രധാന പദ്ധതികള്‍ നടത്താന്‍ കഴിഞ്ഞില്ല, ശബരിമല ഫണ്ട് വിനിയോഗം, ശ്മശാന നിര്‍മ്മാണം, മാര്‍ക്കറ്റ് നവീകരണം, എസ്്.സി/എസ്.ടി ഫണ്ട് വിനിയോഗത്തിലെ അപാകതകള്‍ തുടങ്ങി പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ചാണ് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ട് വന്നത്.

ജൂണില്‍ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അംഗങ്ങള്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഇപ്പോള്‍ വിട്ടു നിന്ന് സി.പി.എമ്മിന്റെ സഹായിച്ചത് സംസ്ഥാനമൊട്ടാകെയുള്ള ധാരണയുടെ ഫലമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രണ്ടാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇപ്പോള്‍ കോണ്‍ഗ്രസ് ഉന്നയിച്ച അതേ ആരോപണങ്ങള്‍ സി.പി.എമ്മിനെതിരേ പറഞ്ഞു കൊണ്ട് വീടുവീടാന്തരം പ്രചാരണം നടത്തിയിരുന്നു. ഇപ്പോള്‍ അതേ വിഷയത്തില്‍ അവിശ്വാസം കൊണ്ടു വന്നപ്പോള്‍ വിട്ടു നിന്ന് സിപിഎമ്മിനെ സഹായിച്ചുവെന്നാ ആക്ഷേപം. സംസ്ഥാനത്ത് ഉടനീളം സി.പി.എമ്മും ബി.ജെ.പിയും നടത്തി വരുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ ഒരു ഭാഗം മാത്രമാണ് ചിറ്റാറിലും നടന്നതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മ്മാന്‍ രവി കണ്ടത്തില്‍ ആരോപിച്ചു. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചില വാര്‍ഡുകളില്‍ പരസ്പരം സഹായിക്കാനുള്ള ധാരണയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയ രവികല എബി പ്രസിഡന്റ് അയോഗ്യനായ അന്നു തന്നെ രാജി വയ്ക്കണമായിരുന്നുവെന്നും ഇപ്പോള്‍ സ്ഥാനത്തിരിക്കാന്‍ ഒരു യോഗ്യതയും ഇല്ലെന്നും രാജി വച്ച് ജനവിധി തേടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് പടിക്കലും ടൗണിലും ധര്‍ണയും പ്രകടനവും നടത്തി. രവി കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.ബഷീര്‍ ഉദ്ഘാടനം ചെയ്തു.
മെമ്പര്‍മാരായ ജോര്‍ജ് കുട്ടി തെക്കേല്‍, സൂസമ്മ ദാസ്, റീനാ ബിനു, ജോളി റെന്നി എന്നിവര്‍ പ്രസംഗിച്ചു.

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…