ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നിസാര്‍ സെയ്ദ് (കെയര്‍ മാധ്യമരത്‌ന പുരസ്‌കാരം), തങ്കച്ചന്‍ മണ്ണൂര്‍ (കെയര്‍ ഗുരുരത്‌ന പുരസ്‌കാരം), ജോളി ജോര്‍ജ് (കെയര്‍ നഴ്‌സിങ് എക്‌സലന്‍സ് പുരസ്‌കാരം) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.
കഴിഞ്ഞ രണ്ട് ദശാബ്ദത്തില്‍ ഏറെയായി യുഎഇയില്‍ മാധ്യമ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ദുബായ് വാര്‍ത്ത മേധാവി നിസാര്‍ സെയ്ദിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. തിരുവനന്തപുരം ചെമ്പൂര്‍ സ്വദേശിയായ നിസാര്‍ സെയ്ദ് കൊല്ലം എസ് എന്‍ കോളേജില്‍ ഡിഗ്രി പഠനവും തുടര്‍ന്ന് ഭാരതീയ വിദ്യാഭവനില്‍ ജേര്‍ണലിസം ഡിപ്ലോമായും പൂര്‍ത്തിയാക്കിയ ശേഷം 2001 ലാണ് യുഎഇയില്‍ എത്തിയത്. യുഎഇയിലെ വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച നിസാര്‍ സെയ്ദിന് നാഷണല്‍ മീഡിയ കൗണ്‍സില്‍ അബുദാബിയുടെ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയുടെ സമാന്തര വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 40 വര്‍ഷമായി സജീവ സാന്നിധ്യമായ തങ്കച്ചന്‍ മണ്ണൂരിനാണ് ഗുരു ശ്രേഷ്ഠ പുരസ്‌കാരം . പാരലല്‍ കോളേജ് അധ്യാപകനായി 1983ല്‍ തുടക്കം. പിന്നീട് സ്വന്തമായി സ്ഥാപനം ആരംഭിക്കുകയും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനം പകര്‍ന്നു നല്‍കുകയും ചെയ്തു. പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയില്‍ റെഗുലര്‍ പഠനത്തിന് സീറ്റ് കിട്ടാതിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് െ്രെപവറ്റ് ആയി പ്രീഡിഗ്രി , ഡിഗ്രി കോഴ്‌സുകള്‍ പഠിക്കുന്നതിനുള്ള അവസരം ഒരുക്കി അവരുടെ സ്വപ്നം സാക്ഷാത്കരിച്ചു . സമാന്തര വിദ്യാഭ്യാസരംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നത്. യൂണിവേഴ്‌സല്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്സില്‍ അധ്യാപകനായി ഇപ്പോള്‍ അനുഷ്ഠിക്കുന്നു.
യുഎഇയിലെ ആതുര ശുശ്രൂഷ രംഗത്ത് കഴിഞ്ഞ 30 വര്‍ഷമായി ചെയ്ത പ്രവര്‍ത്തനങ്ങളാണ് ജോളി ജോര്‍ജിനെ കെയര്‍ നഴ്‌സിംഗ് എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹയാക്കിയത്. ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് എഡ്യൂക്കേറ്ററായി ജോലി ചെയ്യുകയാണ് ജോളി ജോര്‍ജ്. കോവിഡ് കാലഘട്ടത്തില്‍ നടത്തിയ സേവനങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പത്തനംതിട്ട വയ്യാറ്റുപുഴ കോടിയാട്ട് സജി ജോര്‍ജിന്റെ ഭാര്യയാണ്.
ഒക്ടോബര്‍ ആറിന് അജമാന്‍ റാഡിസണ്‍ ബ്ലൂ കോംപ്ലക്‌സില്‍ വച്ച് നടക്കുന്ന ‘ചിറ്റാറോണം2024’ന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച് ഗതാഗത മന്ത്രി കെ .ബി ഗണേഷ് കുമാര്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും.