പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് നിരവധി നിര്‍ദ്ദേശങ്ങള്‍
അടങ്ങുന്ന നാല് വിശദ നഗരസൂത്രണ പദ്ധതികള്‍ക്ക് നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്‍കി. സെന്‍ട്രല്‍ ഏരിയ, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ആന്‍ഡ് സറൗണ്ടിങ്, കണ്ണങ്കര എന്നിവയാണ് നാല് സ്‌കീമുകള്‍. 1984 ലാണ് ഏറ്റവും അവസാനമായി നഗരാസൂത്രണ പദ്ധതികള്‍ പ്രസിദ്ധീകരിച്ചത്. നഗരത്തിലെ ഭൂവിനിയോഗത്തിന് നിലവിലെ സ്‌കീമുകള്‍ തടസമാണെന്ന വിമര്‍ശനം വ്യാപകമായതിനെ തുടര്‍ന്നാണ് മാസ്റ്റര്‍ പ്ലാന്‍ പുതുക്കാന്‍ തീരുമാനമായത്.
കഴിഞ്ഞ 15 വര്‍ഷമായി തുടരുന്ന പുതുക്കല്‍ പ്രക്രിയയ്ക്ക് നിലവിലെ നഗരസഭാ ഭരണസമിതി അധികാരത്തില്‍ എത്തിയതോടെയാണ് വേഗത കൈവന്നത്. ചെയര്‍മാന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് വിഭാഗം നടത്തിയ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് നാല് സ്‌കീമുകള്‍ പ്രസിദ്ധീകരിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തത്. നഗരകേന്ദ്രത്തിലെ ഗതാഗത കുരുക്കിന് പരിഹാരമുള്‍പ്പെടെ നിരവധി വിനോദ വിശ്രമ ഉപാധികളാണ് വിശദ നഗരസൂത്രണ പദ്ധതികളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പുതിയ സ്‌കീമുകള്‍ പ്രസിദ്ധീകരിക്കുന്നതോടെ ഭൂ വിനിയോഗത്തില്‍ വലിയ ഇളവുകളാണ് ഭൂ ഉടമകള്‍ക്ക് ലഭിക്കുന്നത്. നാളിതുവരെ കെട്ടിട നിര്‍മ്മാണങ്ങള്‍ക്കായി ഉണ്ടായിരുന്ന തടസങ്ങള്‍ നീങ്ങും. ഗതാഗത കുരുക്കിന് ഇടയാക്കുന്ന സെന്‍ട്രല്‍ ജങ്ഷനിലെ പഴയ നഗരസഭ കെട്ടിടം നീക്കം ചെയ്ത് ജില്ലാ ആസ്ഥാനത്തിന്റെ കേന്ദ്രം എന്ന നിലയില്‍ മനോഹരവും ആകര്‍ഷണീയവും ആയ കേന്ദ്ര ചത്വരം നിര്‍മ്മിക്കാനാണ് നിര്‍ദ്ദേശം.
ആവശ്യമായ പാര്‍ക്കിങ്, കാല്‍നടക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, വഴിയോരക്കച്ചവടക്കാര്‍ക്കായുള്ള ആസൂത്രിതമായ ഇടങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും സെന്‍ട്രല്‍ സ്‌ക്വയര്‍ നിര്‍മ്മിക്കുക. പ്രധാന ഗതാഗത ടെര്‍മിനലുകളായ കെഎസ്ആര്‍ടിസി, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് എന്നിവയ്ക്കിടയിലുള്ള ഉപയോഗശൂന്യമായ പ്രദേശങ്ങള്‍ ഓട്ടോ ടാക്‌സി സ്റ്റാന്റുകള്‍, ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍, സൈക്കിള്‍ ട്രാക്കുകള്‍, നടപ്പാതകള്‍, ഇന്റര്‍സ്‌റ്റേറ്റ് ബസുകള്‍ക്കുള്ള പ്രത്യേക സ്ഥലം, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ്, ഹാപ്പിനസ് പാര്‍ക്ക് ആസൂത്രിത വഴിയോര കച്ചവട മേഖലകള്‍ എന്നിവ ഉള്‍പ്പെടുത്തി വികസിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ നഗരസഭ ബസ് സ്റ്റാന്‍ഡില്‍ മൂന്നു നിലയിലായുള്ള പാര്‍ക്കിങ് കെട്ടിടത്തോടൊപ്പം സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം, ഓട്ടോറിക്ഷ ടാക്‌സി സ്റ്റാന്‍ഡ്, ചുമട്ടു തൊഴിലാളികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും പ്രത്യേക വിശ്രമസ്ഥലം, പൊതുജനങ്ങള്‍ക്കുള്ള വിശ്രമ സൗകര്യങ്ങള്‍, ഇലക്ട്രിക് വാഹന ചാര്‍ജിങ് സംവിധാനം, നടപ്പാതകള്‍, സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായുള്ള സൗഹൃദ ഡിസൈന്‍ എന്നിവ അടങ്ങിയ പദ്ധതിയാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
മുനിസിപ്പല്‍ ഓഫീസ് കെട്ടിടത്തിന്റെ വിപുലീകരണം നിലവിലുള്ള കെട്ടിടവും സമീപം മാര്‍ക്കറ്റും തമ്മില്‍ ബന്ധിപ്പിക്കുക, പുതിയ സാമൂഹിക ഇടങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിയില്‍ ഉണ്ട്. ചുട്ടിപ്പാറ ടൂറിസം പദ്ധതിയാണ് മറ്റൊരു ആകര്‍ഷണീയമായ നിര്‍ദ്ദേശം. ജില്ലാ ജയില്‍ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശമുണ്ട്. ജയിലിന്റെ സാന്നിധ്യം കണ്ണങ്കര പ്രദേശത്തിന്റെ ഭാവി വികസനം തടസ്സപ്പെടുത്തുമെന്ന നിരീക്ഷണമാണ് നഗരസഭ കൗണ്‍സിലിന്റെത്. ജയിലിന്റെ നിലവിലെ സ്ഥലം ചുട്ടിപ്പാറയില്‍ ടൂറിസം പദ്ധതിയുടെ ബേസ് ക്യാമ്പ് ആയി മാറ്റുന്നതിനും ഭക്ഷണശാലകള്‍, ശുചിത്വ സൗകര്യങ്ങള്‍, സ്‌റ്റോറേജ് ആന്‍ഡ് എക്യുമെന്റ് ഏരിയ, വൈദ്യസൗകര്യങ്ങള്‍, ആക്ടിവിറ്റി മേഖലകള്‍ കമ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍, വൈദ്യുതി വിതരണം, പൊതു ഉപയോഗസ്ഥലങ്ങള്‍ പാര്‍ക്കിങ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, സുരക്ഷ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും കൗണ്‍സില്‍ മുന്നോട്ടുവച്ചു. പരിസ്ഥിതി ക്ഷേമത്തിന് പ്രാധാന്യം നല്‍കി വിനോദസഞ്ചാരത്തോടൊപ്പം നഗരത്തിലെ വിവിധ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും സാമൂഹ്യബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും സ്‌പോഞ്ച് പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം വിശദ നഗരസൂത്രണ പദ്ധതികളിലെ പുതുമയുള്ള ഇനമാണ്. വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്നും നഗരത്തെ സംരക്ഷിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തില്‍ കാല്‍നടയായി യാത്ര ചെയ്യാന്‍ കഴിയുന്ന നടപ്പാതകളുടെ ശൃംഖല വിഭാവനം ചെയ്തിട്ടുണ്ട്. തണല്‍ മരങ്ങള്‍ വിശ്രമസൗകര്യങ്ങള്‍ ലൈറ്റിങ്, സുരക്ഷ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. കാല്‍നട സൗഹൃദ നഗരമായി പത്തനംതിട്ടയെ ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. ഇതുവഴി ഗതാഗത കുരുക്ക് നിയന്ത്രണവും ആരോഗ്യ സംരക്ഷണവും ലക്ഷ്യം വെക്കുന്നു. റിങ് റോഡിന്റെ സൗന്ദര്യവല്‍ക്കരണമാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം. റോഡിന്റെ ഇരുവശങ്ങളിലും അഞ്ചു സോണുകളായി തിരിച്ച് പുഷ്പ സസ്യങ്ങള്‍, തണല്‍ മരങ്ങള്‍, സ്ട്രീറ്റ് ഫര്‍ണിച്ചറുകള്‍, വിശ്രമ സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. കുട്ടികളുടെ പാര്‍ക്ക് വിപുലീകരിക്കും. പുതിയ ബസ്റ്റാന്‍ഡിന്റെ കിഴക്കുഭാഗത്തായി സ്‌പോഞ്ച് പാര്‍ക്കിനോട് ചേര്‍ന്ന് രാത്രികാല സൗഹൃദ വെന്‍ഡിങ് സ്ട്രീറ്റും ഫുഡ് സ്ട്രീറ്റും വിഭാവനം ചെയ്തിട്ടുണ്ട്.
30 വര്‍ഷം മുന്‍പില്‍ കണ്ടുള്ള നിര്‍ദ്ദേശങ്ങളാണ് നഗരസഭാ കൗണ്‍സിലിനു വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് വിഭാഗം തയ്യാറാക്കിയിട്ടുള്ളതന്നും നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ആണ് വിശദ നഗരാസൂത്രണ പദ്ധതിയില്‍ ഉള്ളതെന്നും നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ഹുസൈന്‍ പറഞ്ഞു. ജില്ലാ ടൗണ്‍ പ്ലാനര്‍ ജി. അരുണ്‍, നിമ്മി കുര്യന്‍, ആര്‍. അനീഷ്, എം. വിഷ്ണു എന്നിവര്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചു. വിശദമായ ചര്‍ച്ചയ്ക്കുശേഷം പദ്ധതികള്‍ പ്രസിദ്ധീകരിക്കുന്നതിന് കൗണ്‍സില്‍ ഐകകണ്‌ഠ്യേനെ തീരുമാനിച്ചു.