കേന്ദ്രസര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി നടത്തിയ സമരത്തില്‍ ബിജെപി നേതാവ്: വെട്ടിലായത് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് കെ. കുമാര്‍

0 second read
Comments Off on കേന്ദ്രസര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി നടത്തിയ സമരത്തില്‍ ബിജെപി നേതാവ്: വെട്ടിലായത് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് കെ. കുമാര്‍
0

തൊടുപുഴ: പശ്ചിമഘട്ട മേഖലയെ പരിസ്ഥിതി ലോല പ്രദേശങ്ങളാക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കരട്   വിജ്ഞാപനത്തിനെതിരെ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് ബിജെപി നേതാവ് വെട്ടിലായി.
പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിന്റെ കരട് വിജ്ഞാപനം  പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കഴിഞ്ഞ ദിവസം  വണ്ടന്മേട് പഞ്ചായത്ത് ഭരണ സമിതി നടത്തിയ പ്രക്ഷോഭ പരിപാടിയിലാണ് ബിജെപി നേതാവ് പങ്കെടുത്തത്.

പുറ്റടിയിലാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും പൊതു സമ്മേളനം നടന്നത്. ഇതിലാണ് ബിജെപി ജില്ലാ വൈസ് പ്രസിഡന്റും മുന്‍ പഞ്ചായത്ത് അംഗവുമായ കെ. കുമാര്‍ പങ്കെടുത്തത്. സ്വന്തം പാര്‍ട്ടിയുടെ നയത്തിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് സമരം നടത്തിയ കുമാറിനെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ്   ഒരു വിഭാഗമെന്നാണ് വിവരം.

കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ സമരത്തിന്റെ  വാര്‍ത്തയും ചിത്രങ്ങളും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതോടെ  ബിജെപിയും വെട്ടിലായി. ജില്ലയിലെ മുതിര്‍ന്ന നേതാവ് തന്നെ പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത് ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.ജില്ലയിലെ പ്രബല സമുദായമായ കത്തോലിക്കാ സഭയും പ്രതിപക്ഷ പാര്‍ട്ടികളും  പരിസ്ഥിതി ലോല വിഷയത്തില്‍ ശക്തമായ സമരങ്ങളും പ്രചരണങ്ങളും നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ പരിസ്ഥിതി ലോല വിഷയത്തില്‍ പാര്‍ട്ടിയുടെ നയം വിശദീകരണം ലക്ഷ്യമിട്ട് യോഗങ്ങള്‍ സംഘടിപ്പിക്കാനിരിക്കെയാണ് നേതാവ് തന്നെ കേന്ദ്ര ഘടകത്തിന് എതിരെ രംഗത്ത് എത്തിയത്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…