പത്തനംതിട്ട: നഗരസഭയുടെ നേതൃത്വത്തില്‍ നവംബര്‍ എട്ടു മുതല്‍ 10 വരെ പത്തനംതിട്ടയില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള സംഘടിപ്പിക്കും. ഐഎഫ്എഫ്പി എന്ന പേരില്‍ നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ലോഗോ പ്രകാശിപ്പിച്ചു.
സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ. ജാസിം കുട്ടിയുടെ അദ്ധ്യക്ഷതയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ ടി സക്കീര്‍ ഹുസൈന്‍ പ്രകാശനം നിര്‍വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആമിന ഹൈദ്രാലി പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാ മണിയമ്മ, കൗണ്‍സിലര്‍മാരായ പി.കെ. അനീഷ് , എ. സുരേഷ് കുമാര്‍, സി.കെ. അര്‍ജുനന്‍ സംഘാടക സമിതി കണ്‍വീനര്‍ എം.എസ്. സുരേഷ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രഘുനാഥന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു. അസ്‌ലം തിരൂര്‍ രൂപകല്‍പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മേളയുടെ ഉദ്ഘാടന ചടങ്ങില്‍ സമ്മാനത്തുക വിതരണം നടത്തും.
പത്തനംതിട്ടയില്‍ വിവിധ തീയറ്ററുകളിലായി ഇന്ത്യന്‍-ലോക സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇതൊരു തുടക്കമാണെന്നും പിന്നാലെ വരുന്ന ഭരണ സമിതികള്‍ ചലച്ചിത്രമേള മുടക്കം കൂടാതെ മുന്നോട്ടു കൊണ്ടു പോകുമെന്നും നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ പറഞ്ഞു. നഗരസഭ ഇതിനായി പ്രത്യേകം പദ്ധതി തയാറാക്കി ആസൂത്രണ സമിതിയുടെ അംഗീകാരവും നേടിയിരുന്നു.