പത്തനംതിട്ട: സൈനികര്‍ ദേശീയ സ്വത്താണെന്നും ഇവരുടെ വീരമൃത്യു നാടിന്റെ നഷ്ടമാണെന്നും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഹിമാചല്‍പ്രദേശിലെ റോഹ്താങില്‍ 56 വര്‍ഷം മുന്‍പ് നടന്ന വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട ഇലന്തൂരിലെ തോമസ് ചെറിയാന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി സൈനികന്‍ തോമസ് ചെറിയാന്റെ ചിത്രത്തിന് താഴെ ശ്രീധരന്‍ പിള്ള റീത്ത് സമര്‍പ്പിച്ചു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും സുദീര്‍ഘമായ തിരച്ചിലിനൊടുവിലാണ് തോമസ് ചെറിയാന്റേതടക്കം നാലു സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്. തോമസ് ചെറിയാന്റ കുടുംബത്തിന്റെ വിശ്വാസമനുസരിച്ച് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കടുത്തായി അന്ത്യവിശ്രമം ഒരുക്കാന്‍ സാധിച്ചു. തോമസ് ചെറിയാന്റെയും ഇതേ അപകടത്തില്‍ കാണാതായ തോമസിന്റെയും കുടുംബങ്ങളെ അനുശോചനമറിയിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. 1968 ഫെബ്രുവരിഏഴിന് ഹിമാചല്‍പ്രദേശിലെ റോഹ്താങില്‍ നടന്ന അപകടത്തിന് ശേഷം ഏറെക്കാലം തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹങ്ങളോ വിമാനത്തിന്റെ അവശിഷ്ടങ്ങളോ ലഭിക്കാതെ വന്നതോടെ സ്വാഭാവികമായി തിരച്ചില്‍ നിലച്ച് പോയിരുന്നു. പിന്നീട് വാജ്‌പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള നാലഞ്ച് സംഭവങ്ങളില്‍
കാണാതായവര്‍ക്കായി തിരച്ചില്‍ പുനരാരംഭിക്കാന്‍ നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചെറിയാനൊപ്പം ലഭിച്ച മൃതദേഹങ്ങളിലൊന്ന് കോഴഞ്ചേരി വയലത്തല ഈട്ടിനില്‍ക്കുന്ന കാലായില്‍ ഇ.എം. തോമസിന്റേതാണെന്നു സംശയിക്കുന്നുണ്ടെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. തിരിച്ചറിയാന്‍ ശ്രമം നടത്തുന്നു. നെയിംബാഡ്ജിലെ പേരും പോക്കറ്റില്‍ നിന്ന് ലഭിച്ച ബുക്കുമാണ് തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത്. എന്നാല്‍ ഇത്തരത്തില്‍ യാതൊന്നും നാലാമത്തെ മൃതദേഹത്തില്‍ നിന്നു ലഭിച്ചിട്ടില്ല എന്നും ശ്രീധരന്‍ പിള്ള അറിയിച്ചു. ആന്റോ ആന്റണി എം.പി, ഷാജി രാഘവന്‍, ടി.ആര്‍.അജിത് കുമാര്‍, വിക്ടര്‍ ടി തോമസ്, സൂരജ് ഇലന്തൂര്‍, ജയകുമാര്‍ എന്നിവരും ഭവനത്തിലെ ചടങ്ങുകളില്‍ പങ്കെടുത്തു.