അജ്മാന്: കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് പ്രവാസികള്‍ക്ക് ഉപകാരപ്രദമാകുന്ന വിധം കെഎസ്ആര്‍ടിസി സെമി സ്ലീപ്പര്‍ ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന് അജ്മാന് റാഡിസണ്‍ ബ്ലൂ കോംപ്ലക്സില്‍ നടത്തിയ ചിറ്റാറോണം പരിപാടി ഉദ്ഘാടനം ചെയ്യമ്പോഴാണ് മന്ത്രിയുടെ പ്രഖ്യാപനം.
തുടക്കത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് കോഴിക്കോട്, കോട്ടയം, തിരുവല്ല ഭാഗത്തേക്ക് സര്‍വീസ് പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കും. ഇതിനായി 16 ബസ്സുകള്‍ ഉടന്‍ സജ്ജീകരിക്കും. വാഹനങ്ങളില്‍ ബാഗേജുകള്‍ വയ്ക്കുന്നതിന് കൂടുതല്‍ സൗകര്യം ഉള്ളതിനാല്‍ യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് വീട്ടിലേക്കുള്ള യാത്ര സുഗമമാകും. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ്സുകള്‍ നിര്‍ത്തും. ഇതുമൂലം യാത്രക്കാര്‍ക്ക് സാമ്പത്തിക ലാഭവും കെഎസ്ആര്‍ടിസിക്ക് നേട്ടവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
അതുപോലെ കെഎസ്ആര്‍ടിസി സംസ്ഥാനത്ത് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ എസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസ്സുകള്‍ സര്‍വീസ് ആരംഭിക്കും. അതിനായി 40 ബസ്സുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ഇതില്‍ പത്തെണ്ണം അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വൈഫൈ, മൊബൈല്‍ ചാര്‍ജിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വാഹനത്തില്‍ ഉണ്ടാകും. ദീര്‍ഘദൂര ബസ്സുകളില്‍ സ്നാക്സ് ഷോപ്പുകള്‍ പ്രവര്‍ത്തനം ആരംഭിക്കും.ഡ്രൈവിംഗ് ലൈസന്‍സ് പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യും. ഒക്ടോബര്‍ 2 മുതല്‍ കെഎസ്ആര്‍ടിസി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്ത മാര്‍ച്ച് 30 നു മുമ്പ് എല്ലാ ബസ്സുകളും ,ബസ് സ്റ്റേഷനുകളും പൂര്‍ണ്ണമായി മാലിന്യമുക്തമാക്കും. അതിനായി പ്രത്യേകം ഒരു ഹൗസ് കീപ്പിംഗ് ഓഫീസറെ നിയമിച്ചു കഴിഞ്ഞു.
പ്രസിഡന്റ് നോബിള്‍ കരോട്ടുപാറ അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര, സിനിമ നടനും നിര്‍മ്മാതാവുമായ തോമസ് തിരുവല്ല, ഡോ. മനു കുളത്തുങ്കല്‍, നൗഷാദ് ഹനീഫ, റെജി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷത്തെ കെയര്‍ പുരസ്കാരങ്ങള്‍ നിസാര്‍ സയ്ദ്, തങ്കച്ചന് മണ്ണൂര്‍, ജോളി ജോര്‍ജ് എന്നിവര്‍ക്ക് മന്ത്രി സമ്മാനിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ ആദരിച്ചു.
സാംസ്കാരിക ഘോഷയാത്ര, അത്തപ്പൂക്കളം, ചെണ്ടമേളം, തിറയാട്ടം, കാവടിയാട്ടം, മയിലാട്ടം, പുലികളി,തിരുവാതിരകളി ,സിനിമാറ്റിക് ഡാന്‍സ്, ക്ലാസിക് നൃത്തങ്ങള്‍, വടംവലി, ഓണസദ്യ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടന്നു. 700 ഓളം ആളുകള്‍ ഓണാഘോഷ പരിപാടികളില്‍ പങ്കാളികളായി.പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയാണ് കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്.