സിനിമയില്‍ അവസരം വാഗദാനം ചെയ്ത 10 ലക്ഷം തട്ടി: നടന്റെ പരാതിയില്‍ നിര്‍മാതാവിനെ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്

0 second read
Comments Off on സിനിമയില്‍ അവസരം വാഗദാനം ചെയ്ത 10 ലക്ഷം തട്ടി: നടന്റെ പരാതിയില്‍ നിര്‍മാതാവിനെ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്
0

തിരുവല്ല : സിനിമയില്‍ പ്രതിനായക വേഷം വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന അധ്യാപകന്റെ പരാതിയില്‍ ഒളിവിലായിരുന്ന നിര്‍മ്മാതാവിനെ അറസ്റ്റ് ചെയ്തു. ഏതാനും മാസം മുമ്പ് റിലീസ് ചെയ്ത തിറയാട്ടം എന്ന സിനിമയിലെ പ്രധാന നടനും നിര്‍മ്മാതാവുമായ ആലപ്പുഴ തുറവൂര്‍ വളമംഗലം നോര്‍ത്ത് വടിത്തറ വീട്ടില്‍ ജിജോ ഗോപിയാണ് അറസ്റ്റിലായത്. അധ്യാപകനും തിരുവല്ലയില്‍ താമസക്കാരനുമായ ഉപ്പുതറ സ്വദേശി ടോജോ ഉപ്പുതറയുടെ പരാതിയിലാണ് അറസ്റ്റ്. സജീവ് കിളികുലമാണ് സിനിമ സംവിധാനം ചെയ്തത്.

കണ്ണൂരിലും ചേര്‍ത്തലയിലുമായി ഷൂട്ട് ചെയ്ത സിനിമയില്‍ ചെറിയ ഒരു വേഷം ചെയ്യുവാന്‍ വേണ്ടിയാണ് ടോജോ കണ്ണൂര്‍ പിണറായിയിലെ ലൊക്കേഷനില്‍ എത്തിയത്. ടോജോയോട് നായക തുല്യമായ പ്രതിനായക വേഷം നല്‍കാമെന്ന് ജോജോ വാഗ്ദാനം ചെയ്തു. ഇതിന്‍ പ്രകാരം ഷൂട്ടിംഗ് പുരോഗമിക്കവേ സാമ്പത്തിക ഞെരുക്കത്തില്‍ ആണെന്നും സിനിമ റിലീസായ ശേഷം മടക്കി നല്‍കാമെന്നും വാഗ്ദാനം ചെയ്തു പലപ്പോഴായി 10 ലക്ഷത്തോളം രൂപ ജിജോ ടിജോയില്‍ നിന്നും കൈപ്പറ്റി. തുടര്‍ന്ന് പ്രതിനായകന്‍ എന്ന തരത്തില്‍ ആക്ഷന്‍ രംഗം ഉള്‍പ്പെടെ ഉള്ള ചിത്രീകരണത്തിനായി ഒരു മാസത്തോളം ടോജോ ലൊക്കേഷനില്‍ താമസിച്ചു. എന്നാല്‍ സിനിമ റിലീസ് ആയപ്പോഴാണ് തീരെ ശ്രദ്ധിക്കപ്പെടാത്ത ഏതാനും ഷോട്ടുകളില്‍ മാത്രമായി തന്റെ കഥാപാത്രം ചുരുങ്ങിയതായി ടിജോ മനസ്സിലാക്കിയത്.

സംവിധായകനും താനും ഉള്‍പ്പെടെയുള്ള ടീം അംഗങ്ങള്‍ പ്രീ റിലീസിംഗ് വേളയില്‍ കണ്ട സിനിമയില്‍ കഥാപാത്രത്തിന്റെ പൂര്‍ണ്ണരൂപം ഉണ്ടായിരുന്നതായും എന്നാല്‍ ചിത്രം റിലീസ് ആയപ്പോള്‍ നിര്‍മ്മാതാവ് തന്റെ കഥാപാത്രം അപ്രസക്തമായ സീനുകളില്‍ മാത്രം ഒതുക്കിയതായും ടോജോ പറയുന്നു. ഇതേ തുടര്‍ന്ന് ജോജോയില്‍ നിന്നും സംവിധായകന്‍ ഉള്‍പ്പെടെയുള്ള ഇടനിലക്കാര്‍ പണം തിരികെ ആവശ്യപ്പെട്ടുവെങ്കിലും പണം ലഭിച്ചില്ല. ഇതേ തുടര്‍ന്ന് ടോജോ തിരുവല്ല പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ കാര്യമായ പുരോഗതി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം ചേര്‍ത്തലയിലെ വാടകവീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ജിജോയെ മൊബൈല്‍ ടവര്‍ ലൊക്കേറ്റ് ചെയ്തു നടത്തിയ അന്വേഷണത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. സിനിമാ മോഹവുമായി അലയുന്ന യുവതലമുറ അടക്കം ഉള്ളവര്‍ക്ക് തനിക്ക് ഉണ്ടായ ദുരനുഭവം ഉണ്ടാവരുത് എന്നതിന്റെ പേരിലാണ് നിയമ നടപടികളുമായി മുന്നോട്ടു പോയതെന്നും കോടതി മുഖേന പണം തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ടോജോ ഉപ്പുതറ പറഞ്ഞു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…