മല്ലപ്പള്ളി: തെള്ളിയൂരില്‍ 1.2 കി.ഗ്രാം കഞ്ചാവുമായി ഒട്ടനവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. തെള്ളിയൂര്‍ പരിയാരത്ത് മലയില്‍ വിജയ ഭവനില്‍ ഓ.കെ അനു(40) ആണ് പിടിയിലായത്. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വീട്ടിലെ മുറിയില്‍ വലിയ പൊതിയാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തു.
ഇതര സംസ്ഥാന തൊഴിലാളികള്‍ മുഖേനെ എത്തിക്കുന്ന കഞ്ചാവ് യുവാക്കള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും പൊതികളിലാക്കി വില്‍ക്കുന്നതാണ് രീതിയെന്നും ജില്ലയിലെ കഞ്ചാവ് വിതരണ റാക്കറ്റിന്റെ പ്രധാന കണ്ണിയാണ് അനുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മല്ലപ്പള്ളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി. അനു ബാബുവിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സുശീല്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.സി. അനന്തു, അഭിജിത് ചന്ദ്രന്‍, ഭാഗ്യലക്ഷ്മി , ഡ്രൈവര്‍ മധു എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.