പത്തനംതിട്ട: കടകളില്‍ പരിശോധനയ്ക്ക് വന്ന ശുചിത്വമിഷന്‍ സംഘത്തിന് നേരെ യുവാവിന്റെ ആക്രോശവും കൈയേറ്റ ശ്രമവും. പത്തനംതിട്ട ആറന്മുള കോട്ട ജങ്ഷനില്‍ സ്‌റ്റേഷനറി കടയില്‍ പതിവ് പരിശോധനകള്‍ നടത്തുകയായിരുന്ന പത്തനംതിട്ട ശുചിത്വ മിഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് നേരെയാണ് കോട്ട ജയന്‍ എന്നയാള്‍ സ്‌കൂട്ടറില്‍ വന്ന് ഭീഷണി മുഴക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തത്. സ്ഥലത്ത് എത്തിയ ആറന്മുള പോലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തു. കോട്ട ജങ്ഷനില്‍ സ്‌റ്റേഷനറി കടയില്‍ പതിവ് പരിശോധനകള്‍ക്കിടെ വെട്ടുകത്തിയുമായി എത്തിയ ജയന്‍ ജോയിന്റ് ബിഡിഒ നിസാറിന്റെ നേതൃത്വത്തിലുളള എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പൊടുന്നനെ ഉളള സാമൂഹിക വിരുദ്ധന്റെ ആക്രമണത്തില്‍ പതറിപ്പോയ എന്‍ഫോഴ്‌സ്‌മെന്റ് സംഘം സഹായത്തിനായി ആറന്മുള പോലീസിനെ വിളിച്ചു. ഇയാള്‍ മുന്‍പും നിരവധി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടുളളതായാണ് വിവരം. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനുമാണ് ജയനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.