അടൂര്‍: യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. എക്‌സൈസ് സംഘം പരിശോധനയ്ക്ക് എത്തിയതില്‍ മനംനൊന്താണെന്ന് ബന്ധുക്കള്‍. ആരോപണം നിഷേധിച്ച് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍. വിശദമായ അന്വേഷണം നടത്താനും ഉത്തരവ്.
പഴകുളം ചാല വിഷ്ണു ഭവനില്‍ ചന്ദ്രന്റേയും ഉഷയുടേയും മകന്‍ വിഷ്ണു(27) വാണ് വീട്ടിനുള്ളില്‍ ഫാനിലെ ഹുക്കില്‍ തൂങ്ങി മരിച്ചത്. അമ്മാവന്‍ സുരേഷാണ് എക്‌സൈസ് സംഘത്തിനെതിരേ പരാതി നല്‍കിയിരിക്കുന്നത്.
എക്‌സൈസ് സംഘം വീട്ടില്‍ കയറി പരിശോധന നടത്തിയതായി സുരേഷ് നല്കിയ പരാതിയിലുണ്ടന്ന് പോലീസ് പറഞ്ഞു. വിഷ്ണു ഡ്രൈവറായി ജോലി ചെയ്യുകയാണ്.
ശനിയാഴ്ച ഉച്ചയ്ക്കാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിലെ ഫാന്‍ ഹുക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 17 നാണ് പറക്കോട് നിന്നുള്ള എക്‌സൈസ് സംഘം വിഷ്ണുവിന്റെ വീട്ടില്‍ എത്തിയത്. ഈ സമയം മറ്റാരും ഉണ്ടായിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് പിന്നീട് വിഷ്ണു വീടിനു പുറത്തിറങ്ങിയിരുന്നില്ല. വലിയ മാനസിക പ്രയാസത്തിലായിരുന്നു വിഷ്ണുവെന്നും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായും അമ്മയുടെ സഹോദരിയും വ്യക്തമാക്കി. ഈ വിവരങ്ങള്‍ പോലീസിന് മൊഴിയായി നല്‍കിയിട്ടുണ്ട്. അതേസമയം യുവാവിനെ എക്‌സൈസ് സംഘം മര്‍ദ്ദിച്ചുവെന്നത് കളവാണെന്ന് അടൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ അശോക് പറഞ്ഞു. വിഷ്ണു കുളിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുമ്പോഴാണ്
വീടിനു സമീപം എക്‌സൈസ് സംഘം എത്തിയത്. വിഷ്ണു കേസില്‍ പ്രതിയല്ലാത്തതിനാല്‍ സംസാരിച്ച് മടങ്ങുകയാണ് ഉണ്ടായതെന്നും ഇത് അയല്‍വാസികളെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. വിഷ്ണുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. പ്രാഥമിക പരിശോധനയില്‍ സംശയങ്ങള്‍ ഒന്നുമില്ലെന്ന് എസ്.എച്ച്.ഒ.ശ്യാം മുരളി പറഞ്ഞു.
യുവാവ് ജീവനൊടുക്കിയ സംഭവം:
അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ അന്വേഷിക്കും
പത്തനംതിട്ട: പഴകുളത്ത് എക്‌സൈസ് സംഘത്തിന്റെ പരിശോധനയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയെന്ന ആരോപണം അന്വേഷിക്കാന്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ രാജീവ് ബി. നായരെ ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി കമ്മിഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. മരിച്ച യുവാവിന്റെ ബന്ധുക്കള്‍ ആരോപണവും പരാതിയുമായി മുന്നോട്ടു വന്ന സാഹചര്യത്തിലാണ് അന്വേഷണം. സംഭവത്തെക്കുറിച്ച് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ എക്‌സൈസ് സംഘം ഇയാളെ മര്‍ദിക്കുകയോ വീട്ടിനുള്ളില്‍ അതിക്രമം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് റോബര്‍ട്ട് പറഞ്ഞു. കഴിഞ്ഞ 17 ന് രാവിലെ 10 ഗ്രാം കഞ്ചാവുമായി അടൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ അശോകന്റെ നേതൃത്വത്തിലുള്ള പട്രോളിങ് ടീം പഴകുളം ഭാഗത്ത് നിന്ന് സനു എന്ന യുവാവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളോട് കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ താന്‍ മാത്രമല്ല, മറ്റു പലരും ഇത് ഉപയോഗിക്കുന്നുണ്ടെന്ന് പറയുകയുണ്ടായി. കൂടാതെ തൊട്ടുമുകളിലെ വീടിന്റെ മുറ്റത്ത് നിന്ന വിഷ്ണു എന്ന യുവാവിനും ഇതില്‍ പങ്കുണ്ടെന്ന് രീതിയില്‍ സനു ഉദ്യോഗസ്ഥനോട് പറഞ്ഞു. സംശയം തോന്നി വീടിന്റെ മുറ്റത്ത് നിന്നിരുന്ന വിഷ്ണുവുമായി ഉദ്യോഗസ്ഥര്‍ സംസാരിച്ചപ്പോള്‍ ഇയാള്‍ പെട്ടെന്ന് കയര്‍ത്തു. ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ കൂടുതല്‍ പ്രകോപനം ഉണ്ടാക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ഇയാളുടെ മാതാവിനെ ഫോണില്‍ വിളിച്ച് മകനെ ഏതെങ്കിലും കൗണ്‍സിലിങ് കേന്ദ്രത്തില്‍ ആക്കി ചികില്‍സിക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. കഞ്ചാവുമായി പിടിയിലായ സനുവിന് അവിടെ വച്ചു തന്നെ ജാമ്യം നല്‍കുകയും ചെയ്തു. വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുക്കുകയോ മര്‍ദിക്കുകയോ ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും കൂടുതല്‍ വിശദമായ അന്വേഷണത്തിനാണ് അസി. കമ്മിഷണറെ നിയോഗിച്ചിരിക്കുന്നതെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.