പഴകുളത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ പോലീസ് കേസെടുത്തു

0 second read
Comments Off on പഴകുളത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ പോലീസ് കേസെടുത്തു
0

അടൂര്‍: പഴകുളത്ത് യുവാവ് ആത്മഹത്യ ചെയ്തത് എക്‌സൈസ് സംഘം മര്‍ദിച്ചതിനെ തുടര്‍ന്നാണെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. വനിത അടക്കം കണ്ടാലറിയാവുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് കേസ്. പഴകുളം ചാല വിഷ്ണു ഭവനില്‍ ചന്ദ്രന്റേയും ഉഷയുടേയും മകന്‍ വിഷ്ണു(27) വാണ് വീട്ടിനുള്ളില്‍ ഫാനിലെ ഹുക്കില്‍ തൂങ്ങി മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. എക്‌സൈസ് സംഘം മര്‍ദിച്ചതിന്റെ മനോവിഷമത്തില്‍ വിഷ്ണു ജീവനൊടുക്കിയതാണെന്ന് കാട്ടി അമ്മാവന്‍ സുരേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മകനെ മര്‍ദിച്ചുവെന്ന് മാതാവും ആരോപിച്ചിരുന്നു. അയല്‍വാസിയായ മനു എന്ന യുവാവിന്റെ മൊഴി പ്രകാരമാണ് എക്‌സൈസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസ് എടുത്തത്. വിഷ്ണുവിന്റെ ചെകിടത്ത് അടിച്ചുവെന്നും നാഭിക്ക് പിടിച്ച് കശക്കിയെന്നുമാണ് മനുവിന്റെ മൊഴി. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ യുവാവിന് മര്‍ദനമേറ്റതിന്റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. ഉദ്യോഗസ്ഥരില്‍ ഒരാള്‍ യൂണിഫോമിലും ശേഷിച്ചവര്‍ മഫ്തിയിലും ആണെന്നാണ് മനുവിന്റെ മൊഴി.

കഴിഞ്ഞ 17 നായിരുന്നു സംഭവം. അടൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അരുണ്‍ അശോകിന്റെ നേതൃത്വത്തില്‍ സനു എന്ന യുവാവിനെ 10 ഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു. സനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ വിഷ്ണുവിന്റെ വീട്ടിലെത്തിയത് എന്നാണ് എക്‌സൈസ് സംഘത്തിന്റെ ഭാഷ്യം. ഈ സമയം വിഷ്ണു കുളിക്കാന്‍ തയാറായി തോര്‍ത്തും ഉടുത്തു നില്‍ക്കുകയായിരുന്നു. എക്‌സൈസ് സംഘം ഇയാളോട് വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചുവെങ്കിലും സഹകരിച്ചില്ലെന്നാണ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ അശോക് പറയുന്നത്.സംഭവത്തെ തുടര്‍ന്ന് പിന്നീട് വിഷ്ണു വീടിനു പുറത്തിറങ്ങിയിരുന്നില്ല. വലിയ മാനസിക പ്രയാസത്തിലായിരുന്നു വിഷ്ണുവെന്നും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായും അമ്മയുടെ സഹോദരിയും വ്യക്തമാക്കി. ഈ വിവരങ്ങള്‍ പോലീസിന് മൊഴിയായി നല്‍കിയിട്ടുണ്ട്. അതേസമയം യുവാവിനെ എക്‌സൈസ് സംഘം മര്‍ദ്ദിച്ചുവെന്നത് കളവാണെന്ന് അടൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ അശോക് പറഞ്ഞു. വിഷ്ണു കുളിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുമ്പോഴാണ് വീടിനു സമീപം എക്‌സൈസ് സംഘം എത്തിയത്. വിഷ്ണു കേസില്‍ പ്രതിയല്ലാത്തതിനാല്‍ സംസാരിച്ച് മടങ്ങുകയാണ് ഉണ്ടായതെന്നും ഇത് അയല്‍വാസികളെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. വിഷ്ണുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. പ്രാഥമിക പരിശോധനയില്‍ സംശയങ്ങള്‍ ഒന്നുമില്ലെന്ന് എസ്.എച്ച്.ഒ.ശ്യാം മുരളി പറഞ്ഞു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…