പണിക്കെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടു പോയി ബംഗാളി തൊഴിലാളികള്‍ക്ക് മുട്ടന്‍ പണി കൊടുത്ത് മലയാളികള്‍: പെരിങ്ങരയില്‍ അതിഥി തൊഴിലാളികളെ കൊള്ളയടിച്ച് യുവാക്കള്‍ കൊണ്ടു പോയത് നാലായിരം രൂപയും രണ്ടു മൊബൈല്‍ ഫോണും

0 second read
Comments Off on പണിക്കെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടു പോയി ബംഗാളി തൊഴിലാളികള്‍ക്ക് മുട്ടന്‍ പണി കൊടുത്ത് മലയാളികള്‍: പെരിങ്ങരയില്‍ അതിഥി തൊഴിലാളികളെ കൊള്ളയടിച്ച് യുവാക്കള്‍ കൊണ്ടു പോയത് നാലായിരം രൂപയും രണ്ടു മൊബൈല്‍ ഫോണും
0

തിരുവല്ല: പാവപ്പെട്ട ബംഗാളി തൊഴിലാളികളെ അതിവിദഗ്ധമായി കൊള്ളയടിച്ച് മലയാളി യുവാക്കള്‍. തികച്ചും ആസൂത്രിതമായി നടത്തിയ തട്ടിപ്പില്‍ അതിഥി തൊഴിലാളികള്‍ക്ക് നഷ്ടമായത് നാലായിരം രൂപയും ഇരുപതിനായിരം രൂപ വില മതിക്കുന്ന രണ്ടു മൊബൈല്‍ഫോണുകളും.

പൊടിയാടിക്ക് സമീപം സ്ഥലമുടമ എന്ന് വിശ്വസിപ്പിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ പുല്ല് ചെത്താന്‍ നിയോഗിച്ച ശേഷം അവരുടെ പണവും മൊബൈലും അടങ്ങിയ ബാഗുകള്‍ മോഷ്ടിക്കുകയായിരുന്നു രണ്ടു മലയാളി യുവാക്കള്‍. കൊല്‍ക്കത്തയിലെ മണ്ഡല്‍ സ്വദേശികളായ ഹജാരി മണ്ഡല്‍, ഭഗീരത് മണ്ഡല്‍ എന്നിവരുടെ പണവും മൊബൈലുമാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച ആയിരുന്നു സംഭവം. തൊഴിലാളികള്‍ പുളിക്കീഴ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

പൊടിയാടിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ പെരിങ്ങരയിലെ വാടക വീട്ടില്‍ താമസിക്കുന്ന എട്ടംഗ ഇതര സംസ്ഥാന തൊഴിലാളികളില്‍ ഉള്‍പ്പെട്ടവരാണ് തട്ടിപ്പിന് ഇരയായവര്‍. ഹജാരിക്കും ഭഗീരഥിനും ചൊവ്വാഴ്ച ജോലി ലഭിച്ചിരുന്നില്ല. അതിനാല്‍ ഉച്ചഭക്ഷണവും തൊഴിലിടത്തില്‍ ധരിക്കാനുള്ള വേഷവും ബാഗുകളില്‍ ആക്കി ഇരുവരും രാവിലെ എട്ടു മണിയോടെ പെരിങ്ങര ജംഗ്ഷനില്‍ എത്തി. ഇതിനിടെ രണ്ടു യുവാക്കള്‍ ബൈക്കിലെത്തി പൊടിയാടി വൈക്കത്തില്ലത്തിന് സമീപത്തെ പുരയിടം വൃത്തിയാക്കാന്‍ ഉണ്ടെന്നും വരാന്‍ സാധിക്കുമോ എന്നും ചോദിച്ചു. കൂലി പറഞ്ഞ് ഉറപ്പിച്ച ശേഷം ഇരുവരും ബൈക്കില്‍ എത്തിയവരുടെ പിന്നാലെ സൈക്കിളുകളില്‍ പൊടിയാടിയിലെ വിജനമായ പുരയിടത്തില്‍ എത്തി.

പണികള്‍ ആരംഭിച്ചു കൊള്ളാന്‍ പറഞ്ഞശേഷം ബൈക്കില്‍ എത്തിയവര്‍ മടങ്ങിപ്പോയി. 11 മണിയോടെ മടങ്ങിയെത്തിയ ഇരുവരും ചെത്തിയ പുല്ലുകള്‍ വലിയ രണ്ട് കെട്ടുകള്‍ ആക്കാന്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊടിയാടി ജംഗ്ഷന് സമീപം മറ്റൊരു സ്ഥലത്ത് ചെറിയ ജോലികള്‍ ഉണ്ടെന്നും ഒരു പുല്‍ക്കെട്ട് എടുത്ത് തന്നോടൊപ്പം വരാനും ഹജാരി മണ്ഡലിനോട് ആവശ്യപ്പെട്ടു. പൊടിയാടി  കാവുംഭാഗം കുടകുത്തി പടിയില്‍ എത്തിയ ശേഷം റോഡ് വക്കിലെ പുരയിടത്തിലേക്ക് പുല്‍ക്കെട്ട് നിക്ഷേപിക്കുവാനും ഈ ഭാഗത്തെ പുല്ല് ചെത്തി വൃത്തിയാക്കുവാനും ആവശ്യപ്പെട്ട ശേഷം ബൈക്ക് ഓടിച്ചിരുന്ന ആള്‍ തിരികെപ്പോയി. അല്പ സമയത്തിനു ശേഷം ഭഗീരഥുമായി മടങ്ങിയെത്തി. ഇരുവരെയും ഈ ഭാഗം വൃത്തിയാക്കാന്‍ ഏല്‍പ്പിച്ചിട്ട് ഭാര്യയുടേത് എന്ന് പറഞ്ഞ് ഒരു മൊബൈല്‍ നമ്പര്‍ പേപ്പറില്‍ കുറിച്ച് തൊഴിലാളികള്‍ക്ക് നല്‍കി.

വൈകുന്നേരം ജോലി കഴിയുമ്പോള്‍ ഈ നമ്പറില്‍ വിളിച്ചാല്‍ മതിയെന്നും ഭാര്യ എത്തി പണം നല്‍കുമെന്നും തൊഴിലാളികളെ വിശ്വസിപ്പിച്ച ശേഷം  ഇയാള്‍ ബൈക്കില്‍ കയറിപ്പോയി. ഉച്ചയോടെ വിശപ്പും ദാഹവും ഏറിയപ്പോള്‍ ഇരുവരും വൈക്കത്തില്ലത്തെ പണി സ്ഥലത്തേക്ക് മടങ്ങിയെത്തി. അപ്പോഴാണ്  4000 രൂപയോളം അടങ്ങുന്ന പഴ്‌സുകളും 10000 രൂപയോളം വില വരുന്ന രണ്ട് മൊബൈല്‍ ഫോണുകളും അടങ്ങിയ ബാഗുകള്‍ നഷ്ടമായ വിവരം അറിഞ്ഞത്. ബൈക്കില്‍ എത്തിയ ആള്‍ നല്‍കിയ മൊബൈല്‍ നമ്പരിലും നഷ്ടമായ സ്വന്തം ഫോണുകളിലും വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയ നിലയില്‍ ആയിരുന്നു. പിന്നാലെ ഇവര്‍ പോലീസില്‍ പരാതി നല്‍കി.

തൊഴിലാളികളെ രണ്ടാമത് ജോലിക്ക് കൊണ്ടുപോയ കുടകുത്തിപടിയിലെ എഐ ക്യാമറ ദൃശ്യങ്ങള്‍ അടുത്ത ദിവസം പരിശോധിക്കുമെന്നും നഷ്ടമായ മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പുളിക്കീഴ് എസ് എച്ച് ഒ പറഞ്ഞു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…