പത്തനംതിട്ട: കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് ജില്ലാ സമ്മേളനം മൂന്നിന് കോന്നി പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ ( പി.ടി. രാധാകൃഷ്ണക്കുറുപ്പ് നഗര്‍) നടക്കും. സമ്മേളത്തിന് മുന്നോടിയായിരണ്ടിന് പതാക ജാഥ സംഘടിപ്പിക്കും. മുന്‍ ജില്ലാ സെക്രട്ടറി രാധാകൃഷ്ണക്കുറുപ്പിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും രാവിലെ 9 ന് ആരംഭിക്കുന്ന പതാക ജാഥ സംസ്ഥാന വൈസ് പ്രസിഡന്റ് സനില്‍ അടൂര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് രാജു കടക്കരപ്പള്ളി ജാഥാ ക്യാപ്റ്റനും ജില്ലാ ട്രഷറര്‍ ഷാജി തോമസ് വൈസ് പ്രസിഡന്റ് ജിജു വൈക്കത്തുശ്ശേരി എന്നിവര്‍ വൈസ് ക്യാപ്റ്റന്മാരും വൈസ് പ്രസിഡന്റ് ആര് വിഷ്ണുരാജ് ജാഥാ മാനേജരും ആയ പതാക ജാഥ അടൂര്‍, പന്തളം, തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, റാന്നി, പത്തനംതിട്ട, കോന്നി എന്നീ പ്രദേശങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം വൈകിട്ട് അഞ്ചിന് സമ്മേളന നഗരിയില്‍ എത്തിച്ചേരും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.സുജേഷ് സമ്മേളന നഗറില്‍ പതാക ഏറ്റുവാങ്ങും.
മൂന്നിന് രാവിലെ 10 ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് രാജു കടക്കരപ്പള്ളി അധ്യക്ഷത വഹിക്കും. യൂണിയന് പ്രഥമ എക്സലന്‍സ് അവാര്‍ഡ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വിതരണം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കെ.യു ജനീഷ്കുമാര്‍ എം.എല്‍.എ ആദരിക്കും. ഐഡി കാര്‍ഡ് വിതരണം കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ് നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്സ് യൂണിയന് ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ് ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറി ബിനോയ് വിജയന് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സ്മിജന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ച, മറുപടി എന്നിവയ്ക്കു ശേഷം പുതിയ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും നടക്കുമെന്ന് കെ.ജെ.യു ജില്ലാ പ്രസിഡന്റ് രാജു കടക്കരപ്പള്ളി, ജില്ലാ സെക്രട്ടറി ബിനോയ് വിജയന്, സ്വാഗത സംഘം ചെയര്മാന് ശ്യാംലാല്‍, കണ്‍വീനര്‍ ഷാഹിര്‍ പ്രണവം എന്നിവര്‍ അറിയിച്ചു.