തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഹെമറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ 50 കിലോമീറ്റർ ദൂരം സൈക്കിൾ റാലി സംഘടിപ്പിച്ചു. ബിലീവേഴ്സ് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗമായ രക്തം ( RACTHAM – റീജിയണൽ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രാൻസ്പ്ലാന്റേഷൻ, ഹെമറ്റോ ലിംഫോയിഡ് ഓങ്കോളജി ആൻഡ് മാരോ ഡിസീസസ്) 50 ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് പ്രസ്തുത സൈക്കിൾ റാലി സംഘടിപ്പിച്ചത്. മധ്യതിരുവിതാംകൂറിൽ ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ ട്രാൻസ്പ്ലാന്റേഷൻ കേന്ദ്രമാണിത്. ഒമയ്യാറൈഡ് എന്ന് പേരിട്ടിരുന്ന 50 സൈക്ലിസ്റ്റുകൾ പങ്കെടുത്ത സൈക്കിൾ റാലി തിരുവല്ല സബ് ഇൻസ്പെക്ടർ ശ്രീ ഉണ്ണികൃഷ്ണൻ ജി ഫ്ലാഗ് ഓഫ് ചെയ്തു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് രാവിലെ 5 മണിക്ക് ആരംഭിച്ച ഒമയ്യാറൈഡ് പുളിങ്കുന്ന് ജെട്ടി, പൊടിയാടി വഴി തിരികെ എട്ടു മണിയോടുകൂടി ആശുപത്രിയിൽ എത്തിച്ചേർന്നു.
രക്തദാനം പോലെ തന്നെ ലളിതവും അപകടരഹിതവുമാണ് ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ രോഗികളുടെ ചികിത്സയ്ക്ക് പ്രയോജനപ്പെടുന്ന സ്‌റ്റെം സെൽ ദാനം . അതിന്റെ പ്രാധാന്യം പൊതുജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുവാനും തെറ്റിദ്ധാരണകൾ തിരുത്തി വേണ്ട അവബോധം സമൂഹത്തിൽ സൃഷ്ടിക്കുവാനും ബോൺ മാരോ ട്രാൻസ്പ്ലാന്റേഷന് വിധേയരായ രോഗികളെ പിന്തുണയ്ക്കുവാനുമാണ് 50 ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ എന്ന സുപ്രധാന നാഴികക്കല്ല് പൂർത്തിയാക്കിയ കാലയളവിൽ ഇങ്ങനെയൊരു സൈക്കിൾ റാലി സംഘടിപ്പിച്ചതെന്ന് സൈക്ലിസ്റ്റുകളെ അഭിസംബോധനചെയ്തുകൊണ്ട് ബിലീവേഴ്സ്ആശുപത്രി അസോസിയേറ്റ് ഡയറക്ടറും ഹൃദ്രോഗ വിഭാഗം മേധാവിയുമായ ഡോ ജോൺ വല്യത്ത് പറഞ്ഞു. ഹെമറ്റോളജി വിഭാഗം മേധാവിയും രക്തം പ്രോഗ്രാം ഡയറക്ടറുമായ ഡോ ചെപ്സി സി ഫിലിപ്പ് ബോൺ മാരോ ട്രാൻസ്പ്ലാന്റേഷനെക്കുറിച്ച് ബോധവത്കരണ പ്രഭാഷണം നടത്തി. മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ജോംസി ജോർജ്, മെഡിക്കൽ എഡ്യൂക്കേഷണൽ ഡയറക്ടർ ഡോ തോമസ് മാത്യു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീമതി റോസി മാര്‍സല്‍ എന്നിവർ സന്നിഹിതരായിരുന്നു.
ജാപ്പനീസ് ഭാഷയിൽ നിസ്വാർത്ഥതയെയും സന്നദ്ധതയെയും സൂചിപ്പിക്കുന്ന പദമാണ് ഒമയ്യാറി. സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ, ആശുപത്രി അഡ്മിനിസ്ട്രേഷൻ ജീവനക്കാർ, മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ , പൊതുജനങ്ങൾ ഉൾപ്പെടെ 12 വയസ്സ് മുതൽ 64 വയസ്സുവരെ പ്രായമുള്ള ആളുകൾ സൈക്കിൾ റാലിയിൽ പങ്കെടുത്തു. പങ്കെടുത്ത സൈക്ലിസ്റ്റുകൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു . ശേഷം അൻപത് ട്രാൻസ്പ്ലാന്റുകളെ സൂചിപ്പിച്ച് 50 വർണ്ണബലൂണുകൾ ആകാശത്തേക്ക് ഉയർത്തിവിട്ടു. അടിയന്തിര സാഹചര്യം നേരിടുവാൻ എമർജൻസി സേവനങ്ങൾ സജ്ജീകരിക്കപ്പെട്ട ആംബുലൻസും സൈക്കിൾ റാലിയെ അനുഗമിച്ചിരുന്നു.