കമ്യൂണിസ്റ്റ് ചാപ്പ കുത്തി കേന്ദ്രസര്‍വീസില്‍ നിന്ന് പിരിച്ചു വിടപ്പെട്ടവര്‍ക്ക് വേണ്ടി അഡ്വ. ആര്‍. മനോഹരന്റെ ധര്‍മസമരം തുടരുന്നു

0 second read
0
0

പത്തനംതിട്ട: രാജ്യദ്രോഹി ചാപ്പയണിഞ്ഞ് മരിക്കാന്‍ തയാറല്ല. അഡ്വ. ആര്‍. മനോഹരന്‍ എന്ന എഴുപത്തിയാറുകാരന്‍ പറയുന്നു. അതിന് വേണ്ടി വലിയൊരു പോരാട്ടത്തിലാണ് അദ്ദേഹം. ഒറ്റയാന്‍ പോരാട്ടം. രേഖകളില്‍ നിന്ന് രാജ്യദ്രോഹി എന്ന ചാപ്പ നീക്കണം. കമ്മ്യൂണിസ്റ്റ് ആയതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിന്ന് പിരിച്ച് വിടപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് 76 കാരനായ അഡ്വ. ആര്‍ മനോഹരന്റെ ഏകാംഗ ധര്‍മ്മ സമര യാത്ര:

ഓഗസ്റ്റ് 15 ന് കാസര്‍കോഡ് തലപ്പാടിയില്‍ നിന്നും ആരംഭിച്ചതാണ് അഡ്വ. ആര്‍ മനോഹരന്റ ഒറ്റയാള്‍ ധര്‍മ്മ സമര യാത്ര. മനോഹരന്‍ തന്റെയും മറ്റനേകം അളുകളുടെയും ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന അനീതിക്ക് പരിഹാരം തേടിയാണ് ഈ ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങിയിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് ആയതിന്റെ പേരില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ച് വിടപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സ്വാതന്ത്ര്യാനന്തരം 1977 വരെയാണ് ഇത്തരത്തില്‍ ഒരു നിയമം രാജ്യത്ത് നിലനിന്നിരുന്നത്. ജനതാ സര്‍ക്കാര്‍ അധികാരമേറ്റപ്പോഴാണ് നിയമം മാറ്റിയത്. അഡ്വ. മനോഹരന്‍ ഇത്തരത്തില്‍ രണ്ട് തവണയാണ് സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുള്ളത്.

1971 ല്‍ ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് റജിമെന്റില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. ട്രെയിനിങിന് ശേഷം പോസ്റ്റിങ് ആയതിന് പിന്നാലെ അന്നത്തെ നടപടിക്രമമനുസരിച്ച് നടന്ന വേരിഫിക്കേഷനില്‍ ഇദ്ദേഹം കമ്മ്യൂണിസ്റ്റ് ആണ് എന്ന റിപ്പോര്‍ട്ട് ലഭിച്ചു. റിപ്പോര്‍ട്ട് ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസംതന്നെ മനോഹരനെ സര്‍വീസില്‍ നിന്നും പുറത്താക്കി. 1972 ല്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലാര്‍ക്ക് അയി ജോലിയില്‍ പ്രവേശിച്ചെങ്കിലും വീണ്ടും പഴയ അനുഭവം ആവര്‍ത്തിക്കുകയായിരുന്നു. ഈ കാലഘട്ടത്തില്‍ കേരളത്തിന് പുറമേ ബിഹാര്‍ ഒറീസ, മഹാരാഷ്ട്ര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നുറ് കണക്കിനാളുകളാണ് ഇത്തരത്തില്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കപ്പെട്ടത്. മിക്കവരുടെയും ഭാവി ജീവിതം ഇരുളിലായി. ചിലര്‍ തെരുവുകളില്‍ അലഞ്ഞ് നടന്നു. ചിലര്‍ മാനസിക രാഗികളായി, ചിലര്‍ ഒറ്റക്കും മറ്റു ചിലര്‍ കുടുംബത്തോടൊപ്പവും ആത്മഹത്യ ചെയ്തു. ജനതാ ഗവണ്‍മെന്റ് നിയമം മാറ്റിയെങ്കിലും മുന്‍പ് പിരിച്ചുവിടപ്പെട്ടവരുടെ വിഷയം കണ്ടില്ലെന്ന് നടിച്ചു. സര്‍ക്കാരിന് പരാതി കൊടുത്താല്‍ മറുപടിയില്ല. കാലഹരണപ്പെട്ട കേസിന്റെ ഗണത്തില്‍പ്പെടുത്തി കോടതികളും കൈയ്യൊഴിഞ്ഞു. കമ്മ്യൂണിസ്റ്റ് എന്ന് മുദ്രകുത്തി സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടപ്പെട്ടവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കൈവിട്ടു. കമ്മ്യൂണിസ്റ്റ് ആയതിന്റെ പേരില്‍ അന്നത്തെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് രണ്ട് വട്ടം പിരിച്ചുവിട്ട അഡ്വ. ആര്‍ മനോഹരനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും രണ്ട് വട്ടം പുറത്താക്കി.

താനുള്‍പ്പടെ ഒരു വലിയ വിഭാഗം നേരിട്ട ജനാധിപത്യ വിരുധമായ നീതി നിഷേധത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് ഈ കായംകുളം സ്വദേശിയുടെ, ശാരീരിക അവശതകള്‍ മറന്നുള്ള ധര്‍മ്മ സമര യാത്ര. കാസര്‍കോഡ് നിന്നാരംഭിച്ച യാത്ര 12 ജില്ലകളും പിന്നിട്ട് ഇപ്പോള്‍ പത്തനംതിട്ടയിലെത്തി. ഇന്ന് അടുരില്‍ നിന്നും കൊല്ലത്തേക്ക് യാത്ര തിരിക്കും. കൊല്ലം തിരുവനന്തപുരം വഴി പാറശാലയിലെത്തി അവിടെ ഗാന്ധി പാര്‍ക്കില്‍ ഒരു ദിവസത്തെ ഉപവാസത്തിന് ശേഷം കേരളാ ഗവര്‍ണ്ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതിനല്‍കി സമരം അവസാനിപ്പിക്കും.

Load More Related Articles
Load More By Veena
Load More In NEWS PLUS

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…