പന്തളം: ബിജെപി ഭരിക്കുന്ന നഗരസഭയില്‍ ഭരണ സമിതിക്കെതിരെ സിപിഎം സംഘടിപ്പിച്ച ധര്‍ണയില്‍ പങ്കെടുത്ത് ബിജെപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കൗണ്‍സിലര്‍. പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ കെ.വി പ്രഭയാണ് സിപിഎം പരിപാടിയില്‍ പങ്കെടുത്ത് ഭരണ സമിതിക്കെതിരേ നിലപാട് എടുത്തത്.
ഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെയാണ് സിപിഎം മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവായിരുന്നു ഉദ്ഘാടകന്‍. ഈ വേദിയിലാണ് ബിജെപി കൗണ്‍സിലര്‍ കെ.വി പ്രഭ പങ്കെടുത്തത്. ഇദ്ദേഹത്തെ ബി.ജെ.പി.യുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
നഗരസഭയില്‍ ബി.ജെ.പി. ഭരണത്തിലേറിയ സമയം മുതല്‍ ഭരണ സമിതിയില്‍ നിന്നുകൊണ്ടുതന്നെ ഇവര്‍ക്കെതിരേ പല കാര്യങ്ങളിലും പൊരുത്തപ്പെടാത്ത നിലപാടുകളുമായി മുന്നോട്ടുപോകുകയായിരുന്നു കെ.വി. പ്രഭ. ഇടയ്ക്ക് ചെയര്‍പേഴ്‌സണുമായി നേരിട്ട് കൊമ്പുകോര്‍ത്തതും വലിയ വിവാദമായിരുന്നു. ഒടുവില്‍ വസ്തുനികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള കാര്യത്തിലാണ് ഭരണസമിതിക്കെതിരേ പ്രഭ ആഞ്ഞടിച്ചത്.
കഴിഞ്ഞ ദിവസം നഗരസഭയ്‌ക്കെതിരെ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലും പങ്കെടുത്തിരുന്നു. ഇപ്പോഴുള്ള സാഹചര്യത്തില്‍ കെ.വി പ്രഭ സിപിഎം ചേരിയിലേക്ക് കാലം മാറ്റുമെന്നാണ് കണക്കു കൂട്ടുന്നത്.
ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ ഭൂരിപക്ഷത്തിലാണ് പന്തളം നഗരസഭയില്‍ ബിജെപി അധികാരത്തില്‍ വന്നത്. മുതിര്‍ന്ന നേതാവ് കെ.വി. പ്രഭ ചെയര്‍പേഴ്‌സണ്‍ ആകുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സുശീല സന്തോഷിനെയാണ് ചെയര്‍പേഴ്‌സണ്‍ ആക്കിയത്. ജനറല്‍ സീറ്റില്‍ പട്ടികജാതി വനിതയെ ചെയര്‍പേഴ്‌സണ്‍ ആക്കിയ ബിജെപിയെുടെ നടപടി പരക്കെ അംഗീകരിക്കപ്പെട്ടു.
പക്ഷേ, അസംതൃപ്തനായ കെവി പ്രഭ അന്നു മുതല്‍ ഭരണ സമിതിക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും രംഗത്തു വന്നു. ചെയര്‍പേഴ്‌സനെതിരേ വീഡിയോ ച്രപരിപ്പിച്ചതിന്റെ പേരില്‍ വലിയ വിവാദം നഗരസഭയില്‍ ഉടലെടുത്തിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ട് താക്കീത് ചെയ്‌തെങ്കിലും അതെല്ലാം മറികടന്ന് വിമത പ്രവര്‍ത്തനവുമായി പ്രഭ മുന്നോട്ടു പോവുകയായിരുന്നു. ഇടതും വലതും അടക്കമുള്ള പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ കവച്ചു വയ്ക്കുന്ന തരത്തിലായിരുന്നു പ്രഭ ഭരണ സമിതിക്കെതിരേ രംഗത്തു വന്നത്. സഹികെട്ടാണ് നേതൃത്വം പ്രഭയെ സസ്‌പെന്‍ഡ് ചെയ്തത്. പന്തളം പഞ്ചായത്ത് ആയിരിക്കുന്ന കാലം മുതല്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചിട്ടുള്ള ആളാണ് പ്രഭ.