അടൂര്‍: വൈദികന് ചമഞ്ഞ് പ്രാര്‍ഥിക്കാനെത്തി വയോധികയുടെ സ്വര്‍ണമാലയും പണവും മോഷ്ടിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍ മല വിസര്‍ജനം നടത്തി പോലീസുകാര്‍ക്ക് നേരെ വാരി എറിഞ്ഞു. തിരുവനന്തപുരം കാഞ്ഞിരംകുളം കണ്ണംകോളേജില്‍ ഷിബു എസ്.നായരെയാണ്(47) അടൂര്‍പോലീസ് അറസ്റ്റ് ചെയ്തത്.
ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ വൈദികന് എന്ന വ്യാജേന വീട്ടില്‍ കയറി പ്രാര്‍ത്ഥിച്ച ശേഷം വയോധികയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12 ന് ചാങ്കൂര്‍ തോട്ടപ്പാലം പാലത്തിങ്കല്‍ മഞ്ജു സദനം വീട്ടില്‍ ബേബിയുടെ ഭാര്യ മറിയാമ്മ( 80) യുടെ കൈയില്‍ നിന്നും ആയിരം രൂപയും കഴുത്തില്‍ കിടന്ന ഉദ്ദേശം മുക്കാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണ്ണ മാലയും പൊട്ടിച്ച് കടക്കുകയായിരുന്നു ഷിബു.
വിവിധ ജില്ലകളിലായി 36 കേസുകളില്‍ പ്രതിയാണ് ഇയള്. ഒക്ടോബര്‍ 30 നാണ് ഇയാള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. മറിയാമ്മയും ഭര്‍ത്താവും മകള്‍ മോളിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഇവിടെ എത്തിയ ഷിബു ് പള്ളിയില്‍ നിന്നും മകള്‍ മോളിക്ക് ഒരു ലോണ്‍ അനുവദിച്ചതായി വയോധികയെ തെറ്റിദ്ധരിപ്പിച്ചു. ഇതിന്റെ തുടര്‍ നടപടികള്‍ക്കായി ആയിരം രൂപ വേണമെന്നും ആവശ്യപ്പെട്ടു.
ഇതു വിശ്വസിച്ച മറിയാമ്മ വീടിനുള്ളില്‍ ചെന്ന് ആയിരം രൂപ എടുത്തുകൊണ്ട് വന്ന സമയത്ത് പണം തട്ടിപ്പറിച്ച ശേഷം കഴുത്തില്‍ കിടന്ന സ്വര്‍ണ്ണ മാലയും പൊട്ടിച്ച് ഷിബു ഓടി പോകുകയായിരുന്നു. മോളി ഈ സമയം തൊഴിലുറപ്പ് പണിക്ക് പോയിരിക്കുകയായിരുന്നു. പോലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തില്‍ മുണ്ടക്കയത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരം ഡാന്‍സാഫ് സംഘത്തിലെ എസ്ഐ അജികുമാറും ബിനുവും അടൂര്‍ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന് കൈമാറിയതിനെ തുടര്‍ന്ന്, മൂന്നു സംഘമായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ എസ്.എച്ച്.ഒ.ശ്യാം മുരളിയുടെയും എസ്.ഐമാരായ.ബാലസുബ്രഹ്മണ്യന്റെയും രാധാകൃഷ്ണന്റെയും നേതൃത്വത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. മാല പോലീസ് തെളിവെടുപ്പില്‍ കണ്ടെടുത്തു. വിവിധ അന്വേഷണസംഘങ്ങളിലായി എസ് ഐമാരായ അനീഷ്, ധന്യ, അജി, എസ്.സി.പി.ഒ മുഹമ്മദ് റാഫി, ശ്രീജിത്ത്, മുജീബ്, ബിനു,സി.പി.ഒമാരായ ശ്യാംകുമാര്‍,രാജഗോപാല്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രതിയെ പിടികൂടിയപ്പോള്‍ മുതല്‍ അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. ലോക്കപ്പിനുള്ളില്‍ നിന്നും പോലീസുകാര്‍ക്ക് നേരെ വിസര്‍ജ്യം വാരി എറിഞ്ഞു. ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു. ഓഗസ്റ്റില്‍ തൃശ്ശൂരില്‍ വച്ച് അപകടത്തില്‍ പരുക്കേറ്റ ഷിബു ആംബുലന്‍സില്‍ വച്ച് നഴ്സിന്റെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തിയ കേസിലാണ് ജയിലില്‍ കഴിഞ്ഞിരുന്നത്. മോഷണം, കവര്‍ച്ച വിശ്വാസവഞ്ചന, പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷിബു.