കമ്പംമെട്ട് (ഇടുക്കി): തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് സുനാമി ഇറച്ചി കേരളത്തിലേക്ക് കടത്തുന്ന സംഘം വീണ്ടും സജീവമായി. കശാപ്പ് കേന്ദ്രങ്ങളുടെ എണ്ണം കുറഞ്ഞതോടെ കോള്‍ഡ് സ്റ്റോറേജ് വഴിയാണ് ഏറെയും ഇത്തരം മാംസങ്ങള്‍ വിറ്റഴിക്കുന്നത്. ഇറച്ചിയുടെ വില കൂടിയതും ക്ഷാമവുമാണ് സുനാമി ഇറച്ചി വിപണിയില്‍ എത്താനുള്ള കാരണം. നിലവാരം കുറഞ്ഞ ഇറച്ചി കേരളത്തിലേക്ക് എത്തിക്കാന്‍ ഏജന്‍സികളും സജീവമാണ്.
ഹോട്ടലുകള്‍, ബാറുകള്‍,വിവിധ ക്യാന്റീനുകള്‍ എന്നിവിടങ്ങളിലേക്ക് എത്തുന്നവയില്‍ അധികവും സുനാമി ഇറച്ചിയാണ്. കോള്‍ഡ് സ്റ്റോറേജിലോ വഴിയോരത്തെ ഇറച്ചി വില്പന കേന്ദ്രങ്ങളിലോ ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധന ഇല്ലാത്തതിനാല്‍ ചത്ത മാടിന്റെ ഇറച്ചി വിറ്റാലും കണ്ടെത്താനാകില്ല.ശരിയായ രീയിതില്‍ കശാപ്പ് ചെയ്യാത്തതും ശാസ്ത്രീയമായി ഫ്രീസുചെയ്യാത്തതുമായ ഇറച്ചിയെയാണ് സാധാരണ ഗതിയില്‍ സുനാമി ഇറച്ചി എന്നുപറയുന്നത്. മാരക അസുഖം ബാധിച്ച് ചത്ത മൃഗങ്ങളുടെ ഇറച്ചിവരെ ഈയിനത്തില്‍ ഉള്‍പ്പെടുന്നു.
കോഴി മുതല്‍ ആട്, പോത്ത്, കാള, പശു തുടങ്ങിയ മൃഗങ്ങളുടെ ഇറച്ചിവരെ സുനാമി ഇറച്ചിയായി കേരളത്തില്‍ എത്തുന്നുണ്ടെന്നും വിവരമുണ്ട്. ഇത്തരം ഇറച്ചി കഴിച്ചാല്‍ വയറിളക്കം, ഛര്‍ദി ഉള്‍പ്പെടെ ഉദര സംബന്ധമായ പ്രശ്നങ്ങളുമായിട്ടായിരിക്കും തുടക്കം. തമിഴ്നാട്ടിലെ തേനി,ദിണ്ടിഗല്‍ തുടങ്ങിയ ജില്ലകളില്‍ നിന്ന് ചത്തമാടുകളെയടക്കം ഇറച്ചി കേരളത്തിലേക്ക് കൊണ്ടുവരുന്നു എന്ന പരാതിയെ തുടര്‍ന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി കേരള ലീഗല്‍ സര്‍വീസ് അതോറിട്ടിയോട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് ഗുണനിലവാരമില്ലാത്ത ഇറച്ചി സംസ്ഥാനത്തേക്ക് എത്തുന്നുണ്ടെന്ന് ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്കി.ഇതിന്റെ പശ്ചാത്തലത്തില്‍ ഗുണനിലവാരമില്ലാത്ത ഇറച്ചി സംസ്ഥാനത്തേക്ക് വരുന്നത് തടയാന്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.ആ സമയത്ത് ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ നടത്തിയിരുന്നു.പരിശോധനകള്‍ നിലച്ചതോടെ വീണ്ടുംഇത്തരം ഇറച്ചി അതിര്‍ത്തി കടന്നെത്തുന്നത്.
തേനി,ദിണ്ടിഗല്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന അറവു ശാലകളില്‍ വൃത്തിഹീനമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന മാട്ടിറച്ചി മതിയായ ശീതീകരണ സംവിധാനങ്ങള്‍ ഇല്ലാതെയാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് കണ്ടെത്തിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല.
വഴിയോരത്താണ് മാടുകളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വില്പനയും. രോഗം മൂലം ചത്ത മാടുകളുടെ ഇറച്ചിയാണോ വില്‍ക്കുന്നത് എന്ന് പോലും അറിയാന്‍ കഴിയില്ല. പഴകിയ ഇറച്ചിയില്‍ മാടുകളുടെ രക്തം ഒഴിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന സംഭവങ്ങളുമുണ്ട്.