പാലക്കാട്: കള്ളപ്പണ ഇടപാടിൽ പൊലീസും സിപിഎമ്മും ചേർന്ന് യുഡിഎഫിനെ സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ. കള്ളപ്പണം മാറ്റാൻ പൊലീസ് യുഡിഎഫുകാർക്ക് സഹായം ചെയ്തുവെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കെപിഎം ഹോട്ടലിൽ ആസൂത്രിത നാടകങ്ങളാണ് നടന്നത്. റെയ്ഡ് വിവരം പൊലീസിൽ നിന്നു തന്നെ കോൺഗ്രസുകാർക്ക് ചോർന്നു കിട്ടി. കള്ളപ്പണ കേസും എൽഡിഎഫ് യുഡിഎഫ് ഡീലിൻ്റെ ഭാഗമാണ്. യുഡിഎഫിനെ ജയിപ്പിക്കാൻ എൽഡിഎഫിലെ ഒരു വിഭാഗം പ്രവർത്തിക്കുകയാണ്. പാലക്കാട് എൽഡിഎഫ്- യുഡിഎഫ് അന്തർധാര വളരെ സജീവമാണ്. പോലീസിൻ്റെ വീഴ്ചയല്ല രാഷ്ട്രീയ ഇടപെടലിൻ്റെ വീഴ്ചയാണ് ഇവിടെ കണ്ടത്. പൊലീസ് എന്ത്കൊണ്ട് എഫ്ഐആർ ഇടുന്നില്ലെന്ന് മന്ത്രി എംബി രാജേഷ് മറുപടി പറയണം. കള്ളപ്പണ ഇടപാട് നടന്നെന്ന് എംബി രാജേഷ് ഉൾപ്പെടെ മന്ത്രിമാർ പ്രതികരിച്ചത് ജനങ്ങൾ മറന്നിട്ടില്ല.
പൊലീസ് അലംഭാവം വ്യക്തമാണ്. പുറത്തുള്ള സിസിടിവികൾ പരിശോധിച്ചില്ല. യുഡിഎഫ് സ്ഥാനാർത്ഥി തന്നെ പറയുന്നുണ്ട് ഞാൻ യാത്രയിലായിരുന്നു. അപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് ജോമോൻ ഫോണിൽ വിളിച്ച് മുറികൾ പരിശോധിക്കുന്ന കാര്യങ്ങൾ പറഞ്ഞു. ഉടൻ തന്നെ ഞാൻ ജോമോൻ്റെ ഫോണിൽ പൊലീസിനെ വിളിച്ചു. ഇതിലെ വൈരുദ്ധ്യം മാദ്ധ്യമങ്ങൾ പരിശോധിച്ചില്ല. അദ്ദേഹം ആ സമയത്ത് യാത്രയിലായിരുന്നില്ല. കെപിഎമ്മിൽ എല്ലാം സെറ്റ് ചെയ്ത ശേഷമാണ് അദ്ദേഹം പോയത്. കുറച്ചു പൊലീസാണ് ഹോട്ടലിലേക്ക് വന്നത്. ആവശ്യമായ സജ്ജീകരണങ്ങൾ ഒന്നും ഇല്ല.
കൃത്യമായ ഒത്തുതീർപ്പ് ഫോർമുല എൽ ഡിഎഫും യുഡിഎഫുമായിട്ടുണ്ടാക്കിയിട്ടുണ്ട് . എൽഡിഎഫ് സ്ഥാനാർത്ഥിയും എകെ ബാലനും ഞങ്ങൾ വോട്ട് ചെയ്തത് യുഡിഎഫിനാണെന്ന് തുറന്നു പറഞ്ഞതാണ്.
വ്യാജ ഐഡി കേസിൽ ഒരു തെളിവും പൊലീസ് കോടതിയിൽ ഹാജരാക്കാത്തത് കൊണ്ടാണ് ഫെനിക്ക് ജാമ്യം കിട്ടിയത്. വ്യാജ ഐഡി കാർഡ് ഡീൽ നടത്തിയ ടീം തന്നെയാണ് കള്ളപ്പണ ഇടപാടിനും പിന്നിൽ. സിപിഎം ഒറ്റ രാത്രി കൊണ്ട് മലക്കം മറഞ്ഞു. സരിനെ ബലിയാടാക്കാനാണ് സിപിഎം തീരുമാനം. ജോ ഡോക്ടറുടെ ഗതി വരുമെന്ന് സരിന് മനസിലായി.
കള്ളപ്പണം പിടിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കാൻ സമ്മതിക്കില്ല. ജില്ലാ കളക്ടറിൽ വിശ്വാസമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.