ലഹരിക്ക് അടിമയായ ക്രൂരന്‍: അഞ്ചു വയസുകാരിയെ പീഡിപ്പിച്ചത് മൃഗീയമായി: രാജപാളയത്ത് നിന്ന് തുടങ്ങിയ പീഡനപര്‍വം അവസാനിക്കുന്നത് കുമ്പഴയിലെ കൊലപാതകത്തോടെ: അലക്‌സ് പാണ്ഡ്യന്‍ വധശിക്ഷയ്ക്ക് അര്‍ഹന്‍ തന്നെ

1 second read
0
0

പത്തനംതിട്ട : കുമ്പഴയില്‍ തമിഴ്‌നാട് സ്വദേശിയായ ബാലികയെ പീഡിപ്പിച്ചു കൊന്ന രണ്ടാനച്ഛനെ അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി- ഒന്ന് ( പോക്‌സോ കോടതി ) ജഡ്ജി ജയകുമാര്‍ ജോണ്‍ വധശിക്ഷയ്ക്ക് വിധിച്ചു. തമിഴ്‌നാട് വിരുതുനഗര്‍ ശിവകാശി തളുക്കുപെട്ടി ആനയൂര്‍ കിഴക്ക് തെരുവില്‍ ഡോര്‍ നമ്പര്‍ 01/129 ല്‍ അലക്‌സ് പാണ്ഡ്യ (26)നെയാണ് കോടതി ശിക്ഷിച്ചത്. പ്രതിക്കെതിരെ കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞിരുന്നു.

കൊലപാതകത്തിന് മരണം വരെ തൂക്കികൊല്ലാന്‍ വിധിച്ചപ്പോള്‍ 2,00,000 രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിച്ചു കണ്ടുകെട്ടണം. ദേഹോപദ്രവം ഏല്‍പ്പിച്ചതിന് വിവിധ വകുപ്പുകളിലായി എട്ടു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികകഠിന തടവ് അനുഭവിക്കണം. പോക്‌സോ 4, 3 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യത്തിനു 25 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികകഠിന തടവ് അനുഭവിക്കണം. പോക്‌സോ നിയമത്തിലെവിവിധ വകുപ്പുകള്‍ അനുസരിച്ച് 20 കൊല്ലം വീതം കഠിനതടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം അധികകഠിന തടവ് അനുഭവിക്കണം. ബാലനീതി നിയമത്തിലെ വകുപ്പ് 75 പ്രകാരം ഒരു വര്‍ഷത്തെ കഠിനതടവും 50, 000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക കഠിന തടവ് അനുഭവിക്കണം. വധശിക്ഷ ഒഴികെ വിധിന്യായത്തില്‍ പറയുന്ന ശിക്ഷകളെല്ലാം ഒരുമിച്ചൊരു കാലയളവ് അനുഭവിച്ചാല്‍ മതി. പിഴത്തുകയുടെ പകുതി കുട്ടിയുടെ മാതാവിന് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ നവീന്‍ എം ഈശോ ഹാജരായി.

 

പ്രതി ലഹരിക്ക് അടിമ, കുട്ടിയോട് കാട്ടിയത് കാടത്തം

2021 ഏപ്രില്‍ അഞ്ചിനാണ് നാടുനടുക്കിയ സംഭവം. വൈകിട്ട് മൂന്നു മണിയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് കൊണ്ടു വന്ന കുട്ടിയെ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ മരണപ്പെട്ടതായി കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ 67 മുറിവുകള്‍ ഉണ്ടായിരുന്നു. കത്തികൊണ്ട് വരഞ്ഞതും ചോറു വിളമ്പുന്ന തവി കൊണ്ട് കുത്തിയതും അടിച്ചതുമായിരുന്നു മുറിവുകള്‍. മൃഗീയവും ക്രൂരവുമായ മര്‍ദ്ദനവും ലൈംഗിക പീഡനവുമാണ് കുട്ടി അനുഭവിച്ചത്. തന്റെ സംരക്ഷണയിലുള്ള കുട്ടിയെ ഒഴിവാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. കുട്ടിയുടെ പിതാവിനോടുള്ള വിരോധവും കാരണമായി. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. കൂടുതല്‍ അന്വേഷണത്തില്‍ കുട്ടിയെ ലഹരിക്കടിമയായ പ്രതി തമിഴ്‌നാട്ടില്‍ വച്ചും കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതായി പോലീസ് സംഘം കണ്ടെത്തി. വിരുതുനഗര്‍ ജില്ലയില്‍ തെങ്കാശി പരുവക്കുടിയിലുള്ള വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാമില്‍ വച്ച് ഒരിക്കല്‍ കുട്ടിയെ തലയ്ക്കടിച്ചു വീഴ്ത്തി. തലച്ചോറിന് ഗുരുതരമായി പരുക്കേറ്റു. വലത് നെറ്റിയില്‍ ഗുരുതരമായ പരുക്കും സംഭവിച്ചു. രാജപാളയം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍, ഡോക്ടര്‍മാരോട് ഇയാള്‍ പറഞ്ഞത് കളിക്കിടയില്‍ വീണു പരിക്കേറ്റു എന്നായിരുന്നു. പരുക്ക് ഗുരുതരമായതിനാല്‍ തിരുനല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി.

അവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് കുട്ടിയെ കുമ്പഴയിലെത്തിച്ച് ഇവര്‍ക്കൊപ്പം താമസിപ്പിക്കുകയായിരുന്നു. ലഹരിവസ്തുക്കള്‍ക്ക് അടിമയായ പ്രതി പല വിധത്തിലുള്ള മര്‍ദ്ദനങ്ങള്‍ ഇവിടെ വച്ചും തുടര്‍ന്നു. സംഭവ ദിവസം വൈകിട്ട് 2.50 ന് മുമ്പുള്ള സമയം വരെ ഇവിടെ വച്ച് പലതവണ കുട്ടിയെ ശാരീരികമായും ലൈംഗികമായും അതിക്രൂരമായ വിധത്തില്‍ പീഡിപ്പിച്ചു. അന്നുതന്നെ പലതവണ ഇയാള്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയും ചെയ്തു. സമാനതകളില്ലാത്ത ലൈംഗികവൈകൃതങ്ങളാണ് കുട്ടിയോട് ഇയാള്‍ കാട്ടിയത്. തല പിടിച്ച് ഭിത്തിയില്‍ ഇടിച്ചതു കാരണം തലയുടെ പിന്നില്‍ ഗുരുതരമായ പരിക്കുകളുമുണ്ടായി. മുഖത്തും നാഭിക്കും തൊഴിച്ചു, ഇടതുവശത്തെ രണ്ടു വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടായി. വൃക്കകള്‍ക്കും ക്ഷതമേറ്റു. ശരീരമാസകലമേറ്റ പരിക്കുകളുടെ കാഠിനത്താല്‍ മരണം സംഭവിക്കുകയായിരുന്നു.

തൊഴില്‍ തേടി കേരളത്തില്‍, കാമുകിയുടെ കുഞ്ഞ് തടസ്സമായി

തമിഴ്‌നാട് രാജപാളയം സ്വദേശികളായ അലക്‌സ് പാണ്ട്യനും കുട്ടിയുടെ അമ്മയും തൊഴില്‍ തേടി കുമ്പഴയിലെത്തിയതാണ്. ഇവിടെ വാടകവീട്ടില്‍ താമസമായ ശേഷമാണ് യുവതിയുടെ ആദ്യ വിവാഹത്തിലെ രണ്ടു മക്കളില്‍ മൂത്തകുട്ടിയെ കൊണ്ടുവന്നത്. ആദ്യ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചുപോയതാണ്. കുട്ടിയുടെ അമ്മ അടുത്ത വീടുകളില്‍ പണിക്കു പോകാറുണ്ട്. ഈ സമയം മകളെ അലക്‌സിനെ ഏല്‍പ്പിക്കും. സംഭവ ദിവസവും ഇപ്രകാരം ഇയാളെ ഏല്‍പ്പിച്ചിട്ട് പണിക്കുപോയി. തിരിച്ചു വന്നപ്പോള്‍ കണ്ടത് ദേഹമാകെ മുറിവേറ്റ് അബോധാവസ്ഥയിലായ കുട്ടിയെയായിരുന്നു. അലക്‌സിനോട് ചോദിച്ചപ്പോള്‍ മര്‍ദ്ദനമായിരുന്നു മറുപടി. തുടര്‍ന്ന് അയല്‍വാസികളോട് വിവരം പറയുകയും അവരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. തന്റെയും യുവതിയുടെയും ജീവിതത്തില്‍ നിന്നും കുഞ്ഞിനെ ഒഴിവാക്കലായിരുന്നു പ്രതിയുടെ ലക്ഷ്യം.

കൃത്യമായ അന്വേഷണം, പ്രതി ഉടനടി വലയില്‍

ജനറല്‍ ആശുപത്രിയില്‍ നിന്നും സംഭവദിവസം വൈകിട്ട് അഞ്ചേമുക്കാലോടെയാണ് പത്തനംതിട്ട സ്‌റ്റേഷനില്‍ അറിയിപ്പ് ലഭിക്കുന്നത്. തുടര്‍ന്ന് എസ്.എച്ച്.ഓ ആയിരുന്ന ഇന്‍സ്‌പെക്ടര്‍ ബിനീഷ് ലാല്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ പോലീസ് മേധാവിയായിരുന്ന ആര്‍. നിശാന്തിനിയുടെ ഉത്തരവ് പ്രകാരം ഡിവൈ.എസ്.പി പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തില്‍ ഉടനടി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതി അലക്‌സ് പാണ്ഡ്യനെ വൈകിട്ട് ആറിന് കസ്റ്റഡിയില്‍ എടുത്ത് പത്തനംതിട്ട സേ്റ്റഷനില്‍ എത്തിച്ചു. കുലശേഖരപ്പേട്ടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മാതാവിന്റെ മൊഴി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ കൊലപാതകമെന്ന് വ്യക്തമായ. ഇന്‍സ്‌പെക്ടര്‍ ബിനീഷ് ലാല്‍ തന്നെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി അഡ്വക്കേറ്റ് നവീന്‍ എം ഈശോയെ നിയമിച്ചു. വിചാരണസമയത്ത് എല്ലാ സാക്ഷികളും കൃത്യമായ മൊഴികള്‍ നല്‍കിയതും സാഹചര്യതെളിവുകളും പ്രോസിക്യൂഷന് സഹായകമായി. മലയാലപ്പുഴ എസ്.എച്ച്.ഓ മനോജ് കുമാര്‍, വുമണ്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ ലീലാമ്മ, പത്തനംതിട്ട എസ്.ഐമാരായിരുന്ന സഞ്ജു ജോസഫ്, സവിരാജന്‍, സന്തോഷ്, എ.എസ്.ഐമാരായ സന്തോഷ്, ആന്‍സി, സി.പി.ഓ അരുണ്‍ ദേവ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
പിടികൂടിയ രാത്രിയില്‍ തന്നെ പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു. പോലീസ് ജീപ്പിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. പോലീസും നാട്ടുകാരും ചേര്‍ന്ന് രാത്രി മുഴുവന്‍ ഉറക്കമിളച്ച് നടത്തിയ തെരച്ചിലില്‍ കുമ്പഴ തുണ്ടുമണ്‍ കരയില്‍ നിന്നും പുലര്‍ച്ചെ ആറുമണിയോടെ പിടികൂടി. വിചാരണയ്ക്കിടെ ഒരുതവണ പ്രതി കോടതിവളപ്പില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…