പത്തനംതിട്ട: സിഗ്‌നല്‍ ചുവപ്പായിരിക്കേ അത് ലംഘിച്ച് അമിതവേഗതയില്‍ പാഞ്ഞ സ്വകാര്യ ബസ് സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി. ബസിന് അടിയില്‍പ്പെട്ട യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബസിന്റെ ഡ്രൈവറെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു. പിന്നാലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവതിക്ക് നേരെ ബസുടമയും ജീവനക്കാരും ഭീഷണി മുഴക്കിയെന്ന് പരാതി.
കോഴഞ്ചേരി കുരിശു മുക്കിലാണ് സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍ അപകടം ഉണ്ടാക്കിയത്. സിഗ്‌നല്‍ലൈറ്റ് ചുവപ്പ് കത്തി നില്‍ക്കവേ പൊയ്യാനില്‍ ജങ്ഷനില്‍ നിന്നും ടി.കെ റോഡിലൂടെ തെക്കേമലയിലേക്ക് അതിവേഗം വന്ന സ്റ്റാര്‍ ബസിടിച്ച് നാരങ്ങാനം ഗുരുചൈതന്യത്തില്‍ ബിന്ദു (43)വിനാണ് പരുക്കേറ്റത്. നാരങ്ങാനം റോഡില്‍ നിന്നും മുഖ്യപാതയിലേക്ക് കടന്നു
പോകാനായുള്ള പച്ച വെളിച്ചം കത്തി നില്‍ക്കേയാണ് ഇവര്‍ സ്‌കൂട്ടറില്‍ ഇവിടേക്ക് പ്രവേശിച്ചത്. ഈ സമയം സിഗ്‌നല്‍ തെറ്റിച്ച് അതിവേഗതയില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. നാരങ്ങാനം ഭാഗത്ത് നിന്നു വരുന്നവര്‍ സിഗ്നലില്‍ നിന്ന് നേരെ പോകാതെ ഇടത്തേക്ക് തിരിഞ്ഞ് ടിബി ജങ്ഷനില്‍ നിന്ന് വലത്തേക്ക് പോകണമെന്നാണ് നിയമം. ഇവിടെ സ്‌കൂട്ടറില്‍ വന്ന യുവതി നേരെ വ്യവസായ കേന്ദ്രത്തിലേക്ക് പോകുന്ന പാതയിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്നും പറയുന്നു.
ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് വീണ ഇവരെ മറ്റ് വാഹനങ്ങളില്‍ വന്നവരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. വാഹനം പെട്ടെന്ന് നിര്‍ത്തിയതിനാല്‍ പിന്നിലെ ടയര്‍ കയറാതെ രക്ഷപ്പെടുകയായിരുന്നു. കൈക്കും തോളിനും കാര്യമായ പരുക്കും ശരീരമാസകലം മുറിവുകളുമുള്ള ബിന്ദു ചികിത്സയിലാണ്. വ്യവസായകേന്ദ്രം ജങ്ഷനിലെ മൊത്ത വ്യാപാര ശാലയില്‍ ജോലി നോക്കുന്ന ഇവര്‍ അവിടേക്ക് പോകുമ്പോഴായിരുന്നു അപകടം. ഓടിക്കൂടിയവര്‍ ബസ് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു. ഹെല്‍മറ്റ് കൊണ്ട് ഇയാള്‍ക്ക് തലയ്ക്ക് അടിയേറ്റു. ഇലന്തൂര്‍ സ്വദേശിയാണ് ഡ്രൈവര്‍. നേരത്തേ ഒരു അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുള്ളയാളാണ്. അപകടവും ജീവനക്കാര്‍ക്കേറ്റ മര്‍ദനവും ബിന്ദുവിന്റെ കുറ്റമാണെന്ന് ആരോപിച്ചാണ് ബസുടമയും സംഘവും ആശുപത്രിയില്‍ എത്തി ഇവരെ ഭീഷണിപ്പെടുത്തിയതായി പരാതിയുള്ളത്. ആശുപത്രിയില്‍ ഭീഷണി മുഴക്കിയ ശേഷം ഇവര്‍ പോലീസ് സ്‌റ്റേഷനിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്രേ. ഇതോടെ ഉടമയ്ക്ക് ഒപ്പം വന്ന ആളെ പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞു വച്ചു.
എന്നാല്‍ പരുക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന യുവതിയെ
ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കേസ് എടുത്തിട്ടില്ല. അപകടം ഉണ്ടാക്കിയ ബസിനും ജീവനക്കാര്‍ക്കും എതിരെ ഇതിന്റെ പേരില്‍ കേസ് എടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു.