മണ്ണഞ്ചേരി (ആലപ്പുഴ): ഉറങ്ങിക്കിടക്കവേ കഴുത്തില്‍നിന്ന് കുറുവ സംഘമെന്ന് കരുതുന്ന മോഷ്ടാക്കള്‍ സ്വര്‍ണമാല മോഷ്ടിച്ചതിന്റെ ഭീതി മാറാതെ മണ്ണഞ്ചേരി മാളിയേക്കല്‍ വീട്ടില്‍ കുഞ്ഞുമോന്റെ ഭാര്യ ഇന്ദു.
ഇവരുടെ മൂന്നര പവന്റെ സ്വര്‍ണമാലയാണ് അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്തത്. ഇതേക്കുറിച്ച് പറയുമ്പോള്‍ ശബ്ദത്തിന് ഇപ്പോഴും പേടി മാറാത്ത ഇടര്‍ച്ച. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം കട്ടിലില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്തത്.
‘ഉറക്കത്തില്‍ കഴുത്തില്‍ എന്തോ ഇഴയുന്നത് പോലെ തോന്നിയാണ് ഉണര്‍ന്നത്. തൊട്ട് മുന്നില്‍ മോഷ്ടാവിനെ കണ്ടപ്പോള്‍ ശബ്ദം പുറത്തേക്ക് വന്നില്ല. നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ നാക്ക് തളര്‍ന്നു പോയ അവസ്ഥ. അല്‍പസമയത്തിന് ശേഷമാണ് ശബ്ദം പുറത്തേക്ക് വന്നത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി. പിന്നാലെ ഓടിച്ചെന്നെങ്കിലും പുറത്തിറങ്ങി അയല്‍വീടിന്റെ ഭാഗത്തേക്ക് രക്ഷപ്പെട്ടു’ ഇന്ദു പറയുന്നു.
സ്വര്‍ണത്തിന് പുറമേ മുറിയിലെ മേശപ്പുറത്ത് വെച്ച ആയിരം രൂപയോളം സൂക്ഷിച്ചിരുന്ന പഴ്‌സും നഷ്ടപ്പെട്ടു. പിന്നീട് വീടിന്റെ അടുക്കള ഭാഗത്ത് പുറത്ത് പഴ്‌സും പേപ്പറുകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വീട്ടിലെ അലമാരയും മറ്റും തുറക്കുവാന്‍ ശ്രമിച്ചിട്ടില്ല.
ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ വീടുകളിലാണ് ഇന്നലെ കുറുവ സംഘമെന്ന് സംശയിക്കുന്നവരുടെ മോഷണം നടന്നത്. ഉറങ്ങിക്കിടന്ന വീട്ടമ്മമാരുടെ മാലകള്‍ പൊട്ടിച്ചെടുക്കുകയും സമീപത്തെ നിരവധി വീടുകളില്‍ മോഷണ ശ്രമം നടത്തുകയും ചെയ്തു. മാളിയേക്കല്‍ വീട്ടില്‍ കുഞ്ഞുമോന്റെ ഭാര്യ ഇന്ദുവിന്റെ മൂന്നര പവന്റെ സ്വര്‍ണമാലയും സമീപ വാര്‍ഡില്‍ കോമളപുരം പടിഞ്ഞാറ് നായിക്യംവെളി വീട്ടില്‍ അജയകുമാറിന്റെ ഭാര്യ ഇന്ദുവിന്റെ മാലയുമാണ് കവര്‍ന്നത്. അജയകുമാറിന്റെ ഭാര്യയുടെ മാല മുക്കു പണ്ടമായിരുന്നുവെങ്കിലും താലി സ്വര്‍ണമായിരുന്നു. താലി പിന്നീട് വീട്ടിലെ തറയില്‍നിന്ന് ലഭിച്ചു.
സമീപത്തെ പോട്ടയില്‍ സിനോജ്, കോമളപുരം ടാറ്റാ വെളിക്ക് പടിഞ്ഞാറ് അഭിനവം വീട്ടില്‍ വിനയചന്ദ്രന്‍ എന്നിവരുടെ വീടുകളുടെ അടുക്കള വാതിലുകളും പൊളിച്ച നിലയിലാണെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ആലപ്പുഴ നോര്‍ത്ത്, മണ്ണഞ്ചേരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള വീടുകളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ പന്ത്രണ്ട് മുതലാണ് മോഷണപരമ്ബര തുടങ്ങിയത്. പ്രദേശത്തു നിന്നു ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് രണ്ടാഴ്ച മുമ്ബ് മണ്ണഞ്ചേരി നേതാജി ജങ്ഷന് സമീപം മോഷണശ്രമം നടത്തിയ മോഷ്ടാക്കള്‍ തന്നെയാണ് ഇവരെന്നാണ് സൂചന.
രാത്രി മഴ പെയ്യുന്ന സമയത്തായിരുന്നു മോഷണങ്ങള്‍. നടന്നാണ് കള്ളന്‍മാര്‍ വീടുകളിലെത്തിയത്. ദൂരെ എവിടെയെങ്കിലും വാഹനംവെച്ച ശേഷം ഇവിടേക്ക് നടന്നു വന്നതായാണ് പൊലീസ് കരുതുന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാക്കള്‍ കടന്നു കളയുകയായിരുന്നു. ആലപ്പുഴ ഡി.വൈ.എസ്.പി മധു ബാബു വീടുകള്‍ സന്ദര്‍ശിച്ചു. പൊലീസ് നായും വിരലടയാള വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു.