തിരുവല്ല: കേരളത്തിന്റെ ആരോഗ്യമേഖലയുടെ വളര്‍ച്ചയ്ക്ക് ക്രൈസ്തവ സഭകള്‍ വഹിച്ച പങ്ക് നിര്‍ണായകമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗി അധിഷ്ഠിതമായ ചികില്‍സയാണ് കേരളത്തിലെ ആരോഗ്യമേഖലയുടെ പാരമ്പര്യം. അത് പിന്തുടരുകയാണ് ബിലീവേഴ്‌സ് ആശുപത്രി ചെയ്തിട്ടുള്ളത്.
സാധുജനങ്ങളോടുള്ള മോറാന്‍ മോര്‍ യോഹാന്‍ പ്രഥമന്റെ കരുതലാണ് ഈ ആശുപത്രിയുടെ വളര്‍ച്ചയ്ക്ക് നിദാനം. സമഗ്രമായ ചികിത്സ നല്‍കി അനവധി രോഗികള്‍ക്ക് പ്രത്യാശ പകര്‍ന്ന കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ സേവനം കേരളത്തിന്റെ ആരോഗ്യമേഖലയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ആതുരശുശ്രൂഷയിലും മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തും മെഡിക്കല്‍ ഗവേഷണരംഗത്തും ബിലീവേഴ്‌സ് ആശുപത്രി നല്‍കുന്ന സംഭാവനകള്‍ ഗവര്‍ണര്‍ ചുണ്ടിക്കാട്ടി. പ്രളയമടക്കമുള്ള പ്രകൃതിദുരന്ത കാലത്തും കോവിഡ് മഹാമാരി കാലത്തും വിവിധ തലങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ബിലീവേഴ്‌സ് ആശുപത്രി നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ സഭാ അധ്യക്ഷന്‍ മോറാന്‍ മോര്‍ സാമുവല്‍ തിയോഫിലസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ്ണ കാന്‍സര്‍ ചികിത്സാകേന്ദ്രം, രോഗങ്ങള്‍ കൃത്യമായും വേഗത്തിലും കണ്ടു പിടിക്കുന്ന രോഗനിര്‍ണ്ണയകേന്ദ്രം, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലാബുകളും ഫാര്‍മസികളും, ഉള്‍നാടന്‍പ്രദേശവാസികള്‍ക്കായി സഞ്ചരിക്കുന്ന ആതുരശുശ്രൂഷാകേന്ദ്രം, സജീവ ടെലിമെഡിസിന്‍ സംവിധാനങ്ങള്‍, മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി വിദേശസര്‍വകലാശാലകളുടെ സഹകരണത്തോടെ അക്കാഡമികള്‍ എന്നിങ്ങനെ ബിലീവേഴ്‌സ് ആശുപത്രിയുടെ അടുത്ത പത്തു വര്‍ഷത്തേക്കുള്ള അഞ്ചിന പ്രവര്‍ത്തനപദ്ധതിയുടെ പ്രഖ്യാപനം ചടങ്ങില്‍ മെത്രാപ്പോലീത്ത നടത്തി.
10-ാം വര്‍ഷികത്തോട് അനുബന്ധിച്ച് 10 കുട്ടികള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്താന്‍ ചിലവാകുന്ന രണ്ടരക്കോടി രൂപയുടെ ചികിത്സാ സഹായവും തിരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്ക് ഇലക്ര്ടിക് വീല്‍ ചെയറുകളും ഗവര്‍ണര്‍ വിതരണം ചെയ്തു. കേരള ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗവും ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി മാനേജറുമായ ഫാ. സിജോ പന്തപ്പള്ളില്‍, അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ, ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ സഭാ സെക്രട്ടറി റവ. ഡോ. ഡാനിയല്‍ ജോണ്‍സണ്‍, ബിലീവേഴ്‌സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ജോണ്‍ വല്യത്ത്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോംസി ജോര്‍ജ്, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. എലിസബത്ത് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരും ബിലീവേഴ്‌സ് കോളേജ് ഓഫ് നഴ്‌സിംഗ് , ബിലീവേഴ്‌സ് അക്കാഡമി ഓഫ് അലൈഡ് സയന്‍സ് വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.