തുര്‍ക്കി ഭൂകമ്പത്തില്‍ അകപ്പെട്ട ഘാന ദേശീയ താരം ക്രിസ്റ്റ്യന്‍ അറ്റ്‌സുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആഭ്യന്തര ലീഗില്‍ ഹതായസ്‌പോറിനായി കളിക്കുന്ന അറ്റ്‌സുവിനെ രക്ഷപ്പെടുത്തിയെന്ന വാര്‍ത്ത ക്ലബ് ഡയറക്ടര്‍ നിഷേധിച്ചു.
അറ്റ്‌സുവിനെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും താരത്തിന്റെ വക്താവും അറിയിച്ചു. 31കാരനെ പുറത്തെത്തിച്ചെന്നും ആശുപത്രിയിലാണെന്നും നേരത്തെ ഘാന ഫുട്ബാള്‍ ഫെഡറേഷനും ആഫ്രിക്കന്‍ ഫുട്ബാള്‍ കോണ്‍ഫഡറേഷനും അറിയിച്ചിരുന്നു. ക്ലബ് വൈസ് പ്രസിഡന്റും കണ്ടെത്തിയെന്ന് മാധ്യമങ്ങളെ അറിയിച്ചു.
എന്നാല്‍, ഇതുപ്രകാരം നടത്തിയ അന്വേഷണങ്ങളില്‍ താരത്തെ
കണ്ടെത്താനായില്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ക്ലബ് സ്‌പോര്‍ടിങ് ഡയറക്ടര്‍ താനിര്‍ സാവുത്തും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. അതേ സമയം, അറ്റ്‌സുവിനെ ഏത് ആശുപത്രിയിലേക്ക് മാറ്റിയെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതായി തുര്‍ക്കിയിലെ ഘാന അംബാസഡര്‍ ഫ്രാന്‍സിസ്‌ക ആഷിയെറ്റി പറഞ്ഞു.
തലേന്ന് രാത്രി തുര്‍ക്കി സൂപ്പര്‍ ലീഗില്‍ ഇഞ്ച്വറി സമയ ഗോളുമായി സ്വന്തം ടീമിനെ വിജയത്തിലെത്തിച്ച താരമാണ് പുലര്‍ച്ചെയുണ്ടായ ദുരന്തത്തില്‍ പെട്ടത്. ടീമിലെ മറ്റു താരങ്ങളും കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ അറ്റ്‌സുവും മറ്റ് ഒമ്പത് താരങ്ങളും രണ്ട് ഒഫീഷ്യലുകളും ഉണ്ടായിരുന്നതായും ഇവരില്‍ മൂന്നു കളിക്കാരെ മാത്രമാണ് പുറത്തെടുക്കാനായതെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രിമിയര്‍ ലീഗില്‍ ന്യൂകാസില്‍, ചെല്‍സി ടീമുകള്‍ക്കൊപ്പം ബൂട്ടുകെട്ടിയ വിങ്ങര്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് തുര്‍ക്കി സൂപ്പര്‍ ലീഗിലെത്തിയത്. 2017 മുതല്‍ തുടര്‍ച്ചയായ അഞ്ചു സീസണില്‍ ന്യൂകാസിലിനൊപ്പം പന്തു തട്ടിയതിനൊടുവില്‍ 2021ല്‍ സൗദി ലീഗിലെത്തിയ അറ്റ്‌സു തുര്‍ക്കി ഭൂകമ്പത്തിന് തലേന്നു രാത്രിയിലും ടീമിനു വേണ്ടി ഇറങ്ങിയിരുന്നു. അവസാന വിസിലിന് തൊട്ടു മുമ്പ് ഫ്രീകിക്ക് ഗോളാക്കി താരം ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. ഈ ആഘോഷം പൂര്‍ത്തിയാകും
മുമ്പേയാണ് രാജ്യത്തെയും അയല്‍രാജ്യമായ സിറിയയെയും നടുക്കി വന്‍ഭൂചലനമുണ്ടാകുന്നതും ഇവര്‍ താമസിച്ച കെട്ടിടം തകര്‍ന്നുവീഴുന്നതും.
കാലിന് പരുക്കോടെ അറ്റ്‌സുവിനെ പുറത്തെത്തിച്ചെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശ്വാസ പ്രശ്‌നങ്ങളും ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഇത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും താരവും സ്‌പോര്‍ട്ടിങ് ഡയറക്ടറും ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു.