തിരുവല്ല: ലോട്ടറി, നാരങ്ങാവെള്ള കച്ചവടം നടത്തുന്ന തട്ടുകടക്കാരിയെ പരസ്യമായി അപമാനിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത യുവാക്കളെ പുളിക്കീഴ് പോലീസ് ഉടനടി പിടികൂടി. കടപ്രയില്‍ വാടകയ്ക്ക് താമസിച്ച് തട്ടുകട നടത്തുന്ന ആലപ്പുഴ സ്വദേശിനിക്ക് നേരേ ഞായറാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് കൈയേറ്റം ഉണ്ടായത്. കടപ്ര നിരണം കറ്ററപ്പടി വീട്ടില്‍ അജു എം. മാത്യു (30), ഇലഞ്ഞിമാം പള്ളത്ത് വീട്ടില്‍ അഭിജിത്ത് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടയിലെത്തിയ യുവാക്കള്‍ സ്ത്രീയോട് അപമര്യാദയായും ലൈംഗിക ചുവയോടെയും സംസാരിച്ചു. യുവതി എതിര്‍ത്തപ്പോള്‍ ഇയാള്‍ ഹെല്‍മറ്റ് കൊണ്ട് അടിക്കാന്‍ ശ്രമിക്കുകയും പിന്നിലൂടെ ചെന്ന് ചവിട്ടുകയുമായിരുന്നു. പിന്നീട് ഒന്നാംപ്രതി ക്ഷമ ചോദിച്ചുകൊണ്ട് കയറി പിടിക്കുകയും ഷാള്‍ വലിച്ചെറിയുകയും ചെയ്തു.
ഉടനെ തന്നെ സേ്റ്റഷനില്‍ എത്തി വിവരമറിയിച്ച യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഉടനടി യുവാക്കളെ കസ്റ്റഡിയിലെടുത്തു. കേസ് എടുത്തതിനാല്‍ തുടര്‍ന്നും തനിക്കെതിരെ പ്രതികളുടെ ഉപദ്രവം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് യുവതി മൊഴി നല്‍കി. ഇതിനെ തുടര്‍ന്ന് യുവതിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നതിന് പോലീസ് അപേക്ഷ സമര്‍പ്പിച്ചു. പ്രതികള്‍ മുമ്പ് പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത ഓരോ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പോലീസ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്.ഐമാരായ കെ. സുരേന്ദ്രന്‍, സതീഷ് കുമാര്‍, എസ്.സി.പി.ഓ സുദീപ്, സി.പി.ഓമാരായ സച്ചിന്‍, രഞ്ജു, അഖില്‍, സന്ദീപ്, നവീന്‍, റിയാസ് എന്നിവരാണ് ഉണ്ടായിരുന്നത്.