
ശബരിമല: സന്നിധാനത്ത് കൂട്ടം തെറ്റിയ പന്ത്രണ്ടുകാരനെ നിമിഷങ്ങള്‍ക്കകം കണ്ടെത്തി ബന്ധുക്കളെ ഏല്‍പ്പിച്ച് പോലീസ്. മലപ്പുറത്തുനിന്നുള്ള കുട്ടിയാണ് ഇന്നലെ രാവിലെ ഏട്ടരയോടെ കൂട്ടംതെറ്റിയത്. മാളികപ്പുറത്തു വച്ചാണ് കൂട്ടരില്‍ നിന്നും കുട്ടി ഒറ്റപ്പെട്ടത്. ഭയചകിതനായ കുട്ടി ഒറ്റയ്ക്ക് നടക്കുന്നത് കണ്ട, ധനലക്ഷ്മി ബാങ്കിന്റെ സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്, മലപ്പുറം ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ നിന്നുള്ള രജീഷിന്റെ അടുക്കലേക്ക് കുട്ടിയെ എത്തിച്ചു. രജീഷ് കുട്ടിയില്‍ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങി ബന്ധുവിനെ വിളിച്ചു. കുട്ടിയെ കാണാതെ തിരഞ്ഞു പരിഭ്രാന്തരായി നടക്കുകയായിരുന്ന ബന്ധുക്കള്‍ക്ക് പോലീസുദ്യോഗസ്ഥന്റെ വിളി സമാധാനമേകി. ആശ്വാസത്തോടെ അവര്‍ രജീഷിന്റെ അടുക്കലെത്തി കുട്ടിയെ ഏറ്റുവാങ്ങി. പോലീസിന് നന്ദി പറഞ്ഞ് സ്വാമിമാരുടെ സംഘം മടങ്ങി.