റബര്‍ഷീറ്റും സ്‌കൂട്ടറും മോഷ്ടിച്ചു കടന്ന സ്ഥിരം മോഷ്ടാവ് തുളസീധരന്‍ കറങ്ങി നടക്കുന്നതിനിടയില്‍ പോലീസ് പിടിയില്‍

0 second read
0
0

പത്തനംതിട്ട: വീട്ടില്‍ നിന്ന് മോഷ്ടിച്ച റബര്‍ ഷീറ്റ് മുറ്റത്തിരുന്ന സ്‌കൂട്ടറില്‍ കയറ്റി രക്ഷപ്പെട്ട സ്ഥിരം മോഷണക്കേസ് പ്രതി അടിച്ചു പൊളിച്ച് കറങ്ങി നടക്കുന്നതിനിടെ പോലീസ് പിടിയില്‍. മൂപ്പതിലധികം മോഷണക്കേസുകളില്‍ പ്രതിയായ പറക്കോട് ടി.ബി ജങ്ഷനില്‍ നെല്ലിക്കോട്ട് പടിഞ്ഞാറ്റതില്‍  തുളസീധര (48)നാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം പന്തളം, ഏനാത്ത് പോലീസിന്റെ സംയുക്തസംഘം നടത്തിയ നീക്കത്തിലാണ് മോഷ്ടാവ്  വലയിലായത്. പന്തളം എസ്.എച്ച്.ഒ ടി.ഡി.പ്രജീഷ്, ഏനാത്ത് എസ്.എച്ച്.ഓ അമൃത് സിങ് നായകം  എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കഴിഞ്ഞ എട്ടിന് രാത്രി കുരമ്പാല സ്വദേശി അനീഷിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന നൂറിലധികം റബര്‍ ഷീറ്റുകളും ആക്ടീവ സ്‌കൂട്ടറും മോഷ്ടിച്ചാണ് പ്രതി പോയത്. പുലര്‍ച്ചെ അഞ്ചിനാണ് മോഷണ വിവരം വീട്ടുകാര്‍ അറിഞ്ഞത്.

പന്തളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംശയമുള്ള നിരവധിപേരെ നിരീക്ഷിച്ചു. സ്ഥിരമായി ഈ രീതിയില്‍ മോഷണം നടത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും  ചെയ്തു.  മോഷ്ടാവ് തുളസി  ആണെന്ന് താമസിയാതെ തിരിച്ചറിഞ്ഞു. ഓരോ മോഷണത്തിനു ശേഷവും പോലീസ് തിരിച്ചറിയുന്ന സാഹചര്യത്തില്‍ താമസിക്കുന്ന വീട് ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് വാടകയ്ക്ക് മാറുകയാണ് ഇയാളുടെ പതിവ്. മോഷണം നടത്തുന്ന സമയം പാന്റ്‌സ് ആണ് ധരിക്കാറ്. ഷര്‍ട്ട് ഇന്‍ ചെയ്താവും നടപ്പ്. മോഷ്ടാവിനെ നിരീക്ഷിച്ചു പിന്തുടര്‍ന്ന പോലീസ് സംഘം  ചുനക്കരയില്‍ ഒളിച്ചു താമസിക്കുന്നതായി മനസ്സിലാക്കി. അന്വേഷണസംഘം ആ ഭാഗത്ത് തമ്പടിച്ച് ഇയാളുടെ നീക്കം നിരീക്ഷിച്ചു. പക്ഷെ പോലീസിന്റെ വലയില്‍ കുരുങ്ങാതെ  തുളസി വിദഗ്ദ്ധമായി അവിടുന്ന് കടന്നു.

ഇയാള്‍ ചുനക്കരയില്‍ നിന്നും പത്തനാപുരത്തേക്ക്  രക്ഷപ്പെടുന്നതിനിടയില്‍ പോലീസിന്റെ വലയിലാവുകയായിരുന്നു. മോഷ്ടിച്ച  റബ്ബര്‍ ഷീറ്റുകള്‍ കിളിമാനൂരില്‍ കൊണ്ടുപോയി അവിടുത്തെ കടയില്‍ വിറ്റശേഷം തിരിച്ചുവരുമ്പോള്‍ വാളകത്തു വച്ച് സ്‌കൂട്ടര്‍ കേടായി. അവിടെ വര്‍ക്ക് ഷോപ്പില്‍ കയറ്റി വണ്ടി നന്നാക്കി യാത്ര തുടര്‍ന്നു വരുമ്പോഴാണ് പോലീസ് സംഘങ്ങളുടെ  സംയുക്തനീക്കത്തില്‍ കുടുങ്ങിയത്. പിന്നീട് ഇയാളെ ഷീറ്റ് വിറ്റ കടയിലും മറ്റും എത്തിച്ച്   പോലീസ് തെളിവെടുപ്പ് നടത്തി അവ കണ്ടെടുത്തു.  പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  ഇയാള്‍ ഇതുവരെ 10 കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. പന്തളം പോലീസ് സേ്റ്റഷന് പുറമെ അടൂര്‍, കൊടുമണ്‍,നൂറനാട്, കിളിമാനൂര്‍ തുടങ്ങിയ സേ്റ്റഷനുകളിലും ഇയാള്‍ക്ക് മോഷണ കേസുകള്‍ നിലവിലുണ്ട്.

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…