ഏനാത്ത്: യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുതുശേരിഭാഗം ഹരീഷ് ഭവനില്‍ ഹരിഷ് (37) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ യുവാവിനെ പോലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 2.30- ന് ഏഴംകുളം കുതിരമുക്ക് ഭാഗത്തുനിന്നാണ് ഏനാത്ത് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. 4.30 ഓടെ വൈദ്യ പരിശോധനയ്ക്കായി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
രക്തസമ്മര്‍ദ്ദം കൂടുതലായതിനാല്‍ അരമണിക്കൂര്‍ നിരീക്ഷണത്തില്‍ കിടത്തി. തുടര്‍ന്ന് ഇയാളെ ഏനാത്ത് സ്റ്റേഷനിലെത്തിച്ചു. കുറച്ചു സമയത്തിനു ശേഷം ഹരീഷ് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. പോലീസ് വീണ്ടും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വിഷം കഴിച്ചതായി ഇയാള്‍ ഡോക്ടറോട് പറഞ്ഞത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു വച്ചിരുന്ന വിഷം ഇയാള്‍ ആദ്യം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നിരീക്ഷണമുറിയിലെ കൈ കഴുകുന്ന ഭാഗത്തു വച്ച് കഴിച്ചുവെന്ന് പോലീസിനോട് പറഞ്ഞു. കഴിഞ്ഞ 15-നാണ് സ്ത്രീയെ വെട്ടുകയും മര്‍ദിക്കുകയും ചെയ്ത സംഭവമുണ്ടായത്.