പത്തനംതിട്ട: സമസ്ത മേഖലകളിലും വിഭാഗീയത കൊണ്ട് നിറയുകയാണ് ജില്ലയിലെ കേരള കോണ്‍ഗ്രസ് (എം). ജില്ലാ പ്രസിഡന്റിനെതിരേ കലാപക്കൊടി ഉയര്‍ത്തി പ്രബല വിഭാഗം നില കൊള്ളുകയാണ്. അതു കൊണ്ടു തന്നെ ഔദ്യോഗികപക്ഷം തൊടുന്നതെല്ലാം വിവാദത്തിലേക്കും നീങ്ങുന്നു. ജില്ലാ നേതൃയോഗത്തില്‍ അമ്പതില്‍ താഴെ പ്രവര്‍ത്തകര്‍ മാത്രം പങ്കെടുത്തതായിരുന്നു ആദ്യ തിരിച്ചടി. നാരങ്ങാനം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വെല്ലുവിളിക്കാന്‍ പോയി ആറന്മുള നിയോജക മണ്ഡലം എല്‍ഡിഎഫില്‍ നിന്ന് പുറത്തു പോകേണ്ട അവസ്ഥയിലെത്തിയതായിരുന്നു അടുത്തത്. ഏറ്റവുമൊടുവിലായി തിരുവല്ല നഗരസഭയ്ക്ക് മുന്നില്‍ നടത്തിയ സമരത്തിലും ഒരു വിഭാഗം വിട്ടു നിന്നത് അതിനേക്കാള്‍ വലിയ തിരിച്ചടിയായി.
ഈ സാഹചര്യത്തിലാണ് ഇന്നലെ ജില്ലാ ആസ്ഥാനത്ത് നടത്തിയ മുനമ്പം ഐക്യദാകര്‍ഢ്യ ജ്വാലയ്ക്ക് മികച്ച പങ്കാളിത്തം ഉറപ്പു വരുത്താന്‍ ജില്ലാ പ്രസിഡന്റും സംഘവും ശ്രമിച്ചത്. ഇതിന് വേണ്ടി സമീപ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകരെ ഇറക്കേണ്ടി വന്നുവെന്നാണ് ഇപ്പോള്‍ എതിര്‍പക്ഷം ഉയര്‍ത്തുന്ന വിമര്‍ശനം. കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കുന്ന ജലവിഭവ വകുപ്പിലെ കരാര്‍ തൊഴിലാളികളെയും രംഗത്തിറക്കിയിരുന്നുവത്രേ. സംസ്ഥാന നേതാക്കള്‍ ആരും പരിപാടിക്ക് എത്തിയില്ല. തിരുവല്ല നിയോജകമണ്ഡലത്തില്‍ നിന്ന് അഞ്ചു പേരും അടൂരില്‍ നിന്ന് രണ്ടു പേരും പത്തനംതിട്ട ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കമ്മറ്റികളില്‍ നിന്നുമായി ഏഴു പേരും പങ്കെടുത്തു. ഇലന്തൂരില്‍ നിന്ന് ആരുമില്ലായിരുന്നു. ഓമല്ലൂരില്‍ നിന്ന് മൂന്നു പേരാണ് ഉണ്ടായിരുന്നത്. റാന്നിയില്‍ നിന്ന് ഒരു ഇന്നോവയില്‍ ആളെത്തിയെന്നുമാണ് എതിര്‍പക്ഷം എടുത്ത കണക്ക്.
മുനമ്പം ഭൂമിയില്‍ കുടിയിറക്കു ഭീഷണി നേരിടുന്ന ജനങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. സമാധാന അന്തരീക്ഷം നിലനിര്‍ത്തുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് ജില്ലാ പ്രസിഡന്റ് സജി അലക്‌സ്ഗാന്ധി സ്‌ക്വയറില്‍ ഐക്യദാര്‍ഢ്യ ജ്വാലാ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ഉന്നതാധികാര സമിതി അംഗം ഉഷാലയം ശിവരാജന്‍,സംഘടനാ കാര്യ ജില്ലാ ജനറല്‍ സെക്രട്ടറി ഏബ്രഹാം വാഴയില്‍, ഡോ. വര്‍ഗ്ഗീസ് പേരയില്‍, ജോര്‍ജ്ജ് ഏബ്രഹാം, ഫാ സ്‌കോട്ട് സ്ലീബാ പുളിമുടന്‍, കുര്യന്‍ മടയ്ക്കല്‍, ക്യാപ്റ്റന്‍ സി.വി. വര്‍ഗ്ഗീസ്, സാം കുളപ്പള്ളി, റഷീദ് മുളന്തറ, ജേക്കബ് മാമ്മന്‍ വട്ടശ്ശേരില്‍, ജേക്കബ് ഇരട്ട പുളിക്കന്‍, മാത്യു മരോട്ടിമൂട്ടില്‍, ജെറി അലക്‌സ്, തോമസ് മോഡി, അഡ്വ. ബിജോയി തോമസ്, ഏബ്രഹാം തോമസ്, തോമസ് മാത്യു ഏഴംകുളം, തോമസ് വര്‍ഗ്ഗീസ്, ജോണ്‍ വി തോമസ്, അഡ്വ ബോബി കാക്കനാംപള്ളി, ചെറിയാന്‍ കോശി, എം.സി.ജയകുമാര്‍, അജി പാണ്ടിക്കുടി, ആനീശ്ലീബ, ശോഭാ ചാര്‍ലി, ഷിബു കുന്നപ്പുഴ, ഹാര്‍ലി ജോണ്‍,ലിനു വി ഡേവിഡ്, മനോജ് കുഴിയില്‍, സന്തോഷ് കുമാര്‍ വി കെ, ഷിബു സി സാം,പോള്‍ മാത്യു, എന്നിവര്‍ പ്രസംഗിച്ചു. പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ ഗാന്ധി സ്‌ക്വയറില്‍ എത്തിയത്.