പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മു എ. സജീവ് (22) താഴെവെട്ടിപ്രത്തെ ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് സഹപാഠികളെ കോടതി റിമാന്‍ഡ് ചെയ്തു.
കൊല്ലം പത്തനാപുരം കുണ്ടയം കൊഴുവക്കാട് വടക്കേതില്‍ അലീന ദിലീപ് (22), കോട്ടയം വാഴപ്പള്ളി തുരുത്തി തകിടിയേല്‍ എ.ടി. ആഷിത (22), കോട്ടയം അയര്‍ക്കുന്നം, കൊങ്ങാട്ടൂര്‍ വാലുമേല്‍ കുന്നേല്‍ വീട്ടില്‍ അഞ്ജന മധു ( 22) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ആത്മഹത്യക്ക് കാരണമാകും വിധം മാനസിക പീഡനമുണ്ടായി എന്നതിന് തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാര്‍ അറിയിച്ചു.
പോലീസ് കസ്റ്റഡി അപേക്ഷ വച്ചുവെങ്കിലും കോടതി അനുവദിച്ചില്ല. കഴിഞ്ഞ ദിവസം വൈകിട്ട് വീടുകളില്‍ നിന്ന് ഡിവൈ. എസ്.പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.അമ്മുവിനെ നിരന്തരമായി പിന്‍തുടര്‍ന്ന് മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി അന്വേഷണത്തില്‍ വെളിവായി. തുടര്‍ന്ന്, കേസിന്റെ വകുപ്പ് മാറ്റി ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുകയായിരുന്നു. പെണ്‍കുട്ടികളെ അടുത്തമാസം അഞ്ചു വരെ കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്ദ്ധര്‍, പോലീസ് ഫോട്ടോഗ്രാഫര്‍ എന്നിവരുടെ സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ഹോസ്റ്റലിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ശാസ്ത്രീയ പരിശോധനയ്ക്ക് ബന്തവസ്സിലെടുത്തു. അമ്മുവിന്റെ മുറിയില്‍ നിന്നും നോട്ട് ബുക്ക്, മൊബൈല്‍ ഫോണ്‍ എന്നിവയും കണ്ടെടുത്തു.
ബുക്കില്‍ പോലീസ് പിടിയിലായവരുടെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവങ്ങളും മറ്റും രേഖപ്പെടുത്തിയതായും ഉപദ്രവം തുടര്‍ന്നാല്‍ നിയമനടപടികള്‍ക്ക് നിര്‍ബന്ധിതയാകും എന്നെഴുതിയതായും പോലീസ് കണ്ടെത്തി. പ്രതികള്‍ക്കെതിരെ അമ്മുവിന്റെ പിതാവ് കോളേജ് പ്രിന്‍സിപ്പലിന് അയച്ച പരാതിയും കോളേജ് അധികൃതര്‍ സ്വീകരിച്ച നടപടികളുടെ രേഖകളും കണ്ടെടുത്തു. ആരോപണവിധേയര്‍ക്ക് ലഭിച്ച മെമ്മോയും അവയ്ക്ക് അവര്‍ നല്‍കിയ മറുപടികളും, കോളേജ് അധികൃതര്‍ക്ക് അമ്മു ഒപ്പിട്ടുനല്‍കിയ മൊഴിയും പോലീസ് ശേഖരിച്ചിരുന്നു. മാനസിക പീഡനവും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതും അമ്മു അതില്‍ പറയുന്നുണ്ട്.
ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ, പോലീസ് ഇൻസ്‌പെക്ടർ ഷിബുകുമാർ, എസ് ഐമാരായ ജിനു, ഷെമി മോൾ, ഷിബു, എ എസ് ഐമാരായ രാജീവ്, രമേശൻ പിള്ള, പോലീസ് ഉദ്യോഗസ്ഥരായ ഹാഷിം അഷർ എന്നിവരാണ് ഉള്ളത്.