പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥിനി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി റിമാന്‍ഡില്‍ കഴിയുന്ന സഹപാഠികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. തിങ്കളാഴ്ച പരിഗണിക്കും.
പത്തനാപുരം സ്വദേശിനി അലീന ദിലീപ്, വാഴപ്പള്ളി സ്വദേശിനി എ. ടി. ആഷിത, അയര്‍ക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് റിമാന്‍ഡിലായത്.
വ്യാഴാഴ്ച മൂവരെയും അവരവരുടെ വീടുകളില്‍ നിന്നു പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനുശേഷംഅറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. അമ്മു എ. സജീവ് ജീവനൊടുക്കാന്‍ കാരണമാകും വിധം മാനസിക പീഡനമുണ്ടായി എന്നതിന് തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടികള്‍ക്കു ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് മൂവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.
മൂവരെയും കൊട്ടാരക്കര സബ്ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അമ്മുവിന്റെ മരണത്തിന് കാരണക്കാര്‍ അറസ്റ്റിലായ മൂന്നുപേര്‍ മാത്രമല്ലെന്നും അഞ്ചുപേര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും സഹോദരന്‍ അഖില്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 15നു വൈകുന്നേരമാണ് അമ്മുവിനെ വെട്ടിപ്രത്തെ സ്വകാര്യ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നലിയില്‍ നിന്നു വീണ നിലയില്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
സഹപാഠികളില്‍ നിന്നു നിരന്തരമായ മാനസിക പീഡനം അമ്മുവിനുണ്ടായിരുന്നതായി മാതാപിതാക്കളും സഹോദരനും പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അമ്മു കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.