പന്തളം: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് രണ്ടു മാസത്തിന് മുന്‍പ് മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. പാലാ കടയംഭാഗം കുരുമ്പില്‍ വീട്ടില്‍ ജപ്പാന്‍ ബാബു എന്ന് വിളിക്കുന്ന ബാബു ഏലിയാസാ(59)ണ് അറസ്റ്റിലായത്. മോഷണം നടന്ന സ്ഥലത്ത് നിന്ന് ശേഖരിച്ച ശാസ്ത്രീയ വിവരങ്ങളില്‍ നിന്നാണ് മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചത്.
അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എന്‍.എസ്.എസ് കോളജിന് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ദന്താശുപത്രി, കമ്പ്യൂട്ടര്‍ സെന്റര്‍, കണ്‍സ്ട്രക്ഷന്‍ കമ്പനി ഓഫീസ് എന്നിവിടങ്ങളില്‍ നിന്നായി 18,000 രൂപയാണ് ഡിസംബര്‍ 17 ന് രാത്രി മോഷ്ടിച്ചത്. ദന്താശുപത്രിയുടെ ഗ്ലാസ് ഡോര്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. വിരലടയാളത്തില്‍ നിന്ന് സ്ഥിരം മോഷ്ടാവായ ജപ്പാന്‍ ബാബുവിനെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലായിരുന്നു. തിരുവല്ല പോലീസിന്റെ സഹായത്തോടെ തിരുവല്ലയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. കാഞ്ഞിരപ്പള്ളി, ചിങ്ങവനം, പാലാ, കോട്ടയം എന്നീ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുകളുണ്ട്.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മഹാജന്റെ നിര്‍ദേശപ്രകാരം എസ്.എച്ച്.ഓ. എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കെ.എസ്.ആര്‍.ടി.സി ബസില്‍ അടൂര്‍ ചെന്നിറങ്ങിയിട്ട് പന്തളത്തേക്ക് നടന്ന് സൗകര്യപ്രദമായ വീടുകളും കടകളും കണ്ടെത്തിയാണ് മോഷണം നടത്തിയിരുന്നത്.