
പത്തനംതിട്ട: നഗരത്തിന്റെ ഹൃദയത്തുടിപ്പ് ഏറ്റു വാങ്ങാന്‍ ഒരുങ്ങുകയാണ് ടൗണ്‍ സ്‌ക്വയര്‍. മലയോര മേഖലയുടെ സാംസ്‌കാരിക സംഗമ വേദിയായി ഇവിടം മാറും എന്ന പ്രതീക്ഷയിലാണ് നഗരസഭ.പത്തനംതിട്ടയെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ പ്രമുഖ വ്യക്തികളായ കെ കെ നായര്‍, ജസ്റ്റിസ് ഫാത്തിമ ബീവി എന്നിവര്‍ക്ക് ഇവിടെ സ്മാരകമുയരും. ഓപ്പണ്‍ സ്റ്റേജിനൊപ്പം കാണികളായി ആയിരം പേരെ ഉള്‍ക്കൊള്ളാനും ഇവിടെ സൗകര്യമുണ്ടാകും.
പ്രത്യേക ശബ്ദം – വെളിച്ച സംവിധാനം, വശങ്ങളില്‍ പാര്‍ക്ക്, ചെറുപൂന്തോട്ടം, സ്‌നാക്‌സ് ബാര്‍, ശൗചാലയങ്ങള്‍ എന്നിവ ഉള്‍പ്പെടെ നഗര ഹൃദയത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളില്‍ ഒന്നായി ടൗണ്‍ സ്‌ക്വയര്‍ മാറും. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ പദ്ധതിക്ക് വേണ്ടി നഗരസഭ പണം നല്‍കി സ്ഥലം ഏറ്റെടുത്തിരുന്നു. നഗരസഭ ബസ് സ്റ്റാന്‍ഡില്‍ നിന്ന് മാറ്റിയ കെ.കെ.നായര്‍ പ്രതിമയ്ക്ക് പകരം ടൗണ്‍ സ്‌ക്വയറില്‍ സ്ഥാപിക്കുന്ന പുതിയ പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സ്മരണാര്‍ത്ഥം കവാടം സ്ഥാപിക്കുവാനും ബന്ധപ്പെട്ടുവരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു.
ജനങ്ങളുടെ സാംസ്‌കാരിക ഒത്തു ചേരലുകള്‍ക്ക് വേദി ഒരുക്കുകയാണ് ടൗണ്‍ സ്‌ക്വയര്‍ പൂര്‍ത്തിയാക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. സാമൂഹ്യ പുരോഗതിയുടെ ചാലക ശക്തിയായ സാംസ്‌കാരിക മുന്നേറ്റത്തിന് ഇത് ശക്തിപകരും എന്ന് ഭരണസമിതി പ്രതീക്ഷിക്കുന്നതായി നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു.