
വണ്ടന്മേട് (ഇടുക്കി): ഏലം കൃഷിക്കായി പാട്ടത്തിന് നല്കിയ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് വന്മരങ്ങള് മുറിച്ച് കടത്തുന്നു. ഏലം കൃഷിക്ക് മാത്രമാണ് ഭൂമി പാട്ടത്തിന് നല്‍കുന്നത്. ഇത്തരം ഭൂമിയില്‍ നിന്ന് മരം വെട്ടാന്‍ അനുമതിയില്ല. ഇത് മറികടന്നാണ് വ്യാപകമായി മരങ്ങള്‍ മുറിച്ചു കടത്തുന്നത്. കരുണ, ഞാറ, കുളമാവ്, അരയാഞ്ഞിലി, ഈട്ടി തുടങ്ങിയ ഇനത്തിലുള്ള മരങ്ങളാണ് ഏറെയും കടത്തുന്നത്.
മരം മുറിച്ചതിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ മരക്കുറ്റികള്‍ തീയിട്ട് നശിപ്പിക്കുന്നതായും വിവരമുണ്ട്.ശിഖരം മുറിക്കലിന്റെയും മരങ്ങള്‍ കടപുഴകലിന്റെയും പേരിലും വ്യാപകമായി മരങ്ങള്‍ കടത്തുന്നുണ്ട്.വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെയാണ് തടി കടത്തെന്നാണ് ആക്ഷേപം.
റേഞ്ച് ഓഫീസ് മുതല്‍ താഴേത്തട്ടില്‍ വരെ കൃത്യമായി പടിയെത്തുന്നതിനാല് അനധികൃത മരം മുറിക്കല്‍ നടക്കുന്ന വിവരം അറിഞ്ഞാലും ഉദ്യോഗസ്ഥര്‍ കണ്ട ഭാവം നടിക്കില്ല.മരം മുറി സംബന്ധിച്ച് അറിവ് നല്‍കുന്നവരുടെ പേരും വിലാസവും ഉദ്യോഗസ്ഥരെ തന്നെ കടത്ത് സംഘങ്ങള്‍ക്ക് ചോര്‍ത്തി നല്കുന്നതായു പരാതികളുണ്ട്.വണ്ടന്മേട് മേഖലയില്‍ നിന്നും പതിനൊന്ന് മാസത്തിനിടയ്ക്ക് ലക്ഷക്കണക്കിന് രൂപയുടെ തടിയാണ് വെട്ടിക്കടത്തിയതെന്നാണ് വിവരം.
സ്റ്റേഷനില്‍ 3000;റേഞ്ചില്‍ ആയിരം
പട്ടയഭൂമിയില്‍ നിന്നാണെങ്കിലും മരം മുറിച്ചുമാറ്റുന്നതും തടി കടത്തിക്കൊണ്ടുപോകുന്നതും കടമ്പകള്‍ ഏറെയാണ്.ഇതു മുതലെടുത്താണ് തടി വ്യാപാരികളെ ഉദ്യോഗസ്ഥര്‍ പിഴിയുന്നത്.തടി മുറിക്കുന്നത് സ്ഥലമുടമ അറിഞ്ഞില്ലെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയും.ലോഡ് ഒന്നിന് റേഞ്ച് ഓഫീസില്‍ ആയിരം രൂപയും ഫോറസ്റ്റ് സ്റ്റേഷനില്‍ 3000 രൂപയുമാണ് പടി. റിസര്‍വ് ഫോറസ്റ്റിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് മരം മുറിയെങ്കില്‍ തുക വീണ്ടും ഇരട്ടിക്കും.
പടി നല്‍കിയില്ലെങ്കില്‍ കൃത്യമായി വിളിയും വരുമെന്നാണ് തടി വ്യാപാരികള്‍ പറയുന്നത്.നിലവില്‍ വനഭൂമി കുടിയേറ്റം ക്രമീകരിക്കല്‍ ചട്ടം അനുസരിച്ച് നല്കിയ പട്ടയങ്ങളില്‍ നിന്ന് ഒരു തരത്തിലുമുള്ള മരങ്ങളും മുറിക്കാന്‍ അനുമതിയില്ല.എന്നാല്‍ പ്രദേശത്തെ ഭൂരിഭാഗം പട്ടയങ്ങളും ഇത്തരത്തിലുള്ളതാണ്.ഇവിടങ്ങളില്‍ നിന്നും വ്യാപകമായി മരം മുറിച്ച് കടത്തുന്നുണ്ട്.