അഫ്രീന്‍(സിറിയ): ഭൂകമ്പത്തില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് 30 മണിക്കൂറിനു
ശേഷം രക്ഷിച്ച മുഹമ്മദ് എന്ന ഏഴുവയസുകാരനെ ചികിത്സിച്ച ഡോക്ടറുടെ അനുഭവ കുറിപ്പ് കരളലിയിക്കുന്നത്.
”അവന്റെ നോട്ടം എന്റെ കണ്ണുകളിലേക്കായിരുന്നു. ഞാന്‍ പൊട്ടിക്കരഞ്ഞു
പോയി. അതിന്റെ കാരണം അറിയില്ല. നോട്ടത്തില്‍ അവന്റെ ഞങ്ങളെ വിശ്വസിക്കുന്നതായി തോന്നി. സുരക്ഷിത കരങ്ങളിലാണെന്ന പ്രതീക്ഷയും അവനുണ്ടായി” ഡോ. അഹ്മദ് അല്‍ മിസ്‌രി പറയുന്നു.
തിങ്കളാഴ്ച പുലര്‍ച്ചയുണ്ടായ ഭൂകമ്പത്തില്‍ പരുക്കേറ്റ നൂറുകണക്കിന് പേരെ ചികിത്സിച്ച ഡോ. അഹ്മദ് ഇത്തരം നൂറുകണക്കിന് സംഭവങ്ങളിലൂടെയാണ് കടന്നു പോയത്. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പിതാവിന്റെ മൃതദേഹത്തിന്റെ അടിയിലായിരുന്നു അവന്‍ കിടന്നിരുന്നതെന്ന് ഡോ. അഹ്മദ് പറഞ്ഞു. ”വലിയ കരുത്തുള്ള കുട്ടിയാണ് അവന്‍. പരുക്കുകളുടെ വേദനകള്‍ സഹിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം കണ്ടപ്പോള്‍ തന്നെ അറിയുമോയെന്ന് മുഹമ്മദിനോട് ചോദിച്ചു. ഡോക്ടര്‍, താങ്കളാണ് എന്റെ ജീവന്‍ രക്ഷിച്ചത് എന്നായിരുന്നു മറുപടി.
മുഹമ്മദിന്റെ മാതാപിതാക്കളടക്കം അടുത്ത ബന്ധുക്കള്‍ ഭൂകമ്ബത്തില്‍ കൊല്ലപ്പെട്ടിരുന്നു. വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അഫ്രീന്‍ പട്ടണത്തിലെ അല്‍ശിഫ ആശുപത്രിയിലെ റസിഡന്റ് സര്‍ജനാണ് ഡോ. അഹ്മദ്. തിങ്കളാഴ്ച പുലര്‍ച്ച ഭൂകമ്ബമുണ്ടായി മണിക്കൂറുകള്‍ക്കകം ഇരുന്നൂറിലധികം പേരാണ് പരുക്കുകളുമായി രണ്ടു ഡോക്ടര്‍മാര്‍ മാത്രമുള്ള ഈ ആശുപത്രിയിലേക്ക് എത്തിയത്.
പരിമിത സൗകര്യങ്ങളില്‍ പരമാവധി പേരുടെ ജീവന്‍ രക്ഷിക്കാനും വേദന കുറക്കാനുമുള്ള ശ്രമങ്ങളിലായിരുന്നു അവര്‍. ഒരു ഡോക്ടറെന്ന നിലയില്‍ ഏറ്റവും മോശം അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. മരുന്നുകളുടെയും സൗകര്യങ്ങളുടെയും അപര്യാപ്തതമൂലം വേദന കൊണ്ട് കരയുന്ന രോഗികളെ നോക്കിനില്‍ക്കേണ്ട അവസ്ഥ ദാരുണമായിരുന്നെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.