പന്തളം: നഗരസഭ ഭരണം ബിജെപിക്ക് നഷ്ടമാകാനിടയാക്കിയത് നേതൃത്വത്തിന്റെ പിടിപ്പു കേട്. മുതിര്‍ന്ന ബിജെപി കൗണ്‍സിലര്‍ കെ.വി. പ്രഭയെ സസ്‌പെന്‍ഡ് ചെയ്തതാണ് നിലവില്‍ അവിശ്വാസം വരാന്‍ കാരണം. ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണും അവിശ്വാസത്തിലെ തോല്‍വി ഭയന്ന് രാജി വയ്‌ക്കേണ്ടിയും വന്നു. ജില്ലാ നേതൃത്വം കാണിച്ച മണ്ടത്തരം സംസ്ഥാന നേതൃത്വം ആവര്‍ത്തിച്ചതോടെ വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന ഭരണ സമിതി അസ്ഥിരമാവുകയായിരുന്നു. ശബരിമല യുവതി പ്രവേശന സമരത്തിന്റെ ചുവടു പിടിച്ച് നടത്തിയ പ്രചാരണത്തിനൊടുവില്‍ നല്ല ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന ബി.ജെ.പി ഭരണ സമിതി വീണത് മറ്റൊരു മണ്ഡലകാലത്താണ് എന്നത് വിരോധാഭാസമായി.
33 അംഗ നഗരസഭയില്‍ ബി.ജെ.പി-18, എല്‍.ഡി.എഫ്-9, യു.ഡി.എഫ്-5, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് കക്ഷിനില. വ്യക്തമായ ഭൂരിപക്ഷത്തില്‍ ഭരണം ലഭിച്ചപ്പോള്‍ തന്നെ ആദ്യ മണ്ടത്തരം കാണിച്ചു. സിപിഎമ്മില്‍ നിന്ന് ചേക്കേറിയ സുശീല സന്തോഷിനെ ജനറല്‍ സീറ്റില്‍ ചെയര്‍പേഴ്‌സണ്‍ ആക്കിയതായിരുന്നു അത്. പന്തളം പഞ്ചായത്തായിരിക്കുമ്പോള്‍ മുതല്‍ ഏതു വാര്‍ഡില്‍ നിന്നാലും പുഷ്പം പോലെ ജയിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ.വി. പ്രഭയ്ക്ക് ചെയര്‍മാന്‍ സ്ഥാനം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. അതല്ലെങ്കില്‍ ന്യൂനപക്ഷ പ്രാതിനിധ്യം എന്ന നിലയില്‍ പി.പി.അച്ചന്‍ കുഞ്ഞിനെ ചെയര്‍മാനാക്കുമെന്നും കരുതി. എന്നാല്‍, സുശീലയെ ചെയര്‍പേഴ്‌സണ്‍ ആക്കി ഞെട്ടിക്കുകയാണ് സംസ്ഥാന നേതൃത്വം ചെയ്തത്. അവര്‍ക്ക് പറയാന്‍ ന്യായമുണ്ടായിരുന്നു. ശബരിമല യുവതി പ്രവേശന സമരത്തില്‍ ഏറെയും അണിനിരന്നത് സ്ത്രീകളാണ്. ആചാരം രക്ഷിക്കാന്‍ വേണ്ടി പോരാടിയ സ്ത്രീകള്‍ തന്നെ അയ്യപ്പന്റെ ജന്മഗേഹത്തിലെ നഗരസഭ ഭരിക്കട്ടെ എന്നായിരുന്നു തീരുമാനം.
ഭരണസമിതി അധികാരത്തിലേറിയതിന് പിന്നാലെ അസ്വാരസ്യങ്ങളും തുടങ്ങി. ബിജെപി കൗണ്‍സിലര്‍മാരില്‍ ഏറെയും സ്ത്രീകളായിരുന്നു. കെ.വി. പ്രഭ ഒരു വശത്ത്. അസംതൃപ്തരായ മറ്റു കൗണ്‍സിലര്‍മാര്‍ മറ്റൊരു വശത്ത്. ചെയര്‍മാന്‍ സ്ഥാനം സ്വപ്നം കണ്ടിരുന്ന പ്രഭ വിമതശബ്ദം ഉയര്‍ത്തി. എന്തും കൊണ്ടും ചെയര്‍മാന്‍ സ്ഥാനത്തിന് അര്‍ഹനായ തന്നെ തഴഞ്ഞതിലുള്ള പ്രഭയുടെ നിരാശ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വഴി തെളിച്ചു. പ്രഭയും ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷും തമ്മിലുള്ള തര്‍ക്കവും തെറിവിളിയും സമൂഹമാധ്യമങ്ങളില്‍ വരെ വൈറലായിരുന്നു. പാര്‍ട്ടിയിലെ ആഭ്യന്തരം പ്രശ്‌നം പലതവണ സംസ്ഥാന കമ്മിറ്റി മുന്‍പിലെത്തിയെങ്കിലും ബി.ജെ.പി നേതൃത്വം അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. ഒടുവില്‍ പ്രഭയെ സസ്‌പെന്‍ഡ് ചെയ്യുക എന്ന വിഡ്ഢിത്തമാണ് നേതൃത്വം കാണിച്ചത്. കാത്തിരുന്ന പ്രതിപക്ഷം പ്രഭയെയും ബി.ജെ.പിയിലെ മറ്റ് രണ്ട് കൗണ്‍സിലര്‍മാരെയും കൂട്ടുപിടിച്ചതോടെ അട്ടിമറിക്ക് കളമൊരുങ്ങുകയായിരുന്നു.
കെ.വി. പ്രഭയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതോടെ കൂറുമാറ്റ നിരോധനം എന്ന കടമ്പ കടന്നു കിട്ടി. ഇനി പ്രഭയുടെ കളിയാണ്. പ്രതിപക്ഷമായ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പിന്തുണയോടെ പ്രഭ ചെയര്‍മാനാകും. ബിജെപി കൗണ്‍സിലര്‍മാരില്‍ ചിലരുടെ വോട്ട് കൂടി ലഭിക്കുന്നത് ഭൂരിപക്ഷം നേടാനും സഹായിക്കും. ചുരുക്കത്തില്‍ ബിജെപി നേതാക്കളുടെ മണ്ടത്തരം കാരണമാണ് നഗരസഭ ഭരണം നഷ്ടമായിരിക്കുന്നത്.
പതനം ഉറപ്പായ സാഹചര്യത്തില്‍ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷും വൈസ് ചെയര്‍പേഴ്‌സണ്‍ യു. രമ്യയും ഇന്നലെ വൈകിട്ട് അഞ്ചിന് രാജിവയ്ക്കുകയായിരുന്നു.
സെക്രട്ടറി ഇ.ബി അനിതയ്ക്കാണ് ഇരുവരും രാജിക്കത്ത് നല്‍കിയത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍, ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ്, ജില്ല ജനറല്‍ സെക്രട്ടറി പ്രദീപ് അയിരൂര്‍ എന്നിവരുമായി നഗരസഭയുടെ ഓഫീസ് മുറിയില്‍ ഇന്നലെ ഉച്ച മുതല്‍ നടന്ന തിരക്കിട്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഇരുവരും രാജിക്കത്ത് കൈമാറിയത്. ബി.ജെ.പിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.വി. പ്രഭയുടെ പിന്തുണയോടെ നവംബര്‍ 21നാണ് എല്‍.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
തെക്കന്‍ കേരളത്തില്‍ ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയാണിത്. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി രാജി വാര്‍ത്ത എത്തിയത്. എന്നാല്‍ മുന്‍ നിശ്ചയ പ്രകാരം റിട്ടേണിങ് ഓഫീസര്‍ പത്തനംതിട്ട എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ എ.എസ്. നൈസാം ഇന്ന് നഗരസഭ ഓഫീസില്‍ എത്തി മേല്‍നടപടി സ്വീകരിക്കും. ഇരുവരുടെയും രാജിക്കത്ത് നഗരസഭാ സെക്രട്ടറി തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ക്ക് ഇ മെയില്‍ വഴി അയച്ചു കൊടുത്തു. 15 ദിവസത്തിനകം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കും. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി മാത്യുവിനാണ് ഇരുവരുടെയും താല്‍ക്കാലിക ചുമതല.