തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് വലിയ ഒഴുക്ക് തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അതിന്റെ ഭാഗമായാണ് മധു മുല്ലശ്ശേരി ബിജെപിയിലെത്തിയതെന്നും തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മധുവിന് പാര്‍ട്ടി അംഗത്വം നല്‍കിയ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. സിപിഎം പോപ്പുലര്‍ ഫ്രണ്ട് വല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. പിണറായിയില്‍ നിന്നും തുടങ്ങിയ പാര്‍ട്ടി പിണറായിയില്‍ തന്നെ അവസാനിക്കും. ജനങ്ങള്‍ ഇടതുപക്ഷത്തിന് ബദലായി കാണുന്നത് ബിജെപിയെയാണ്. പാര്‍ട്ടി മാറുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുക്കുകയാണ്. ബിപിന്‍ സി ബാബുവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തത് ഇതിന്റെ ഉദാഹരണമാണ്. ഗാര്‍ഹിക പീഡനത്തിന് കേസെടുക്കുകയാണെങ്കില്‍ ഭരണകക്ഷിയിലെ മന്ത്രിമാര്‍ക്കെതിരെ കേസെടുക്കേണ്ടി വരും. ബിജെപിയില്‍ ചേരുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കും. തിരുവനന്തപുരം ജില്ലയിലെ രണ്ട് പാര്‍ലമെന്റ് മണ്ഡലങ്ങളും എന്‍ഡിഎക്ക് നഷ്ടപ്പെട്ടത് പതിനയ്യായിരത്തോളം വോട്ടുകളുടെ വ്യത്യാസത്തിലാണ്. മധുവിനെ പോലെയുള്ള മികച്ച സംഘാടകര്‍ പാര്‍ട്ടിയിലെത്തുന്നതോടെ ജില്ലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും.
ശിശുക്ഷേമ സമിതിയില്‍ പിഞ്ചു കുഞ്ഞിന് പീഡനമേല്‍ക്കേണ്ടി വരുന്നു. ക്ഷേമപെന്‍ഷന്‍ പോലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുന്നു. സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
സിപിഎം മംഗലപുരം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരിയെ ഓണ്‍ലൈനിലൂടെയാണ് കെ.സുരേന്ദ്രന്‍ ബിജെപി അംഗമാക്കിയത്. മുന്‍ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം, മംഗലപുരം ഏരിയ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്ന മധു എട്ട് വര്‍ഷം മംഗലപുരം ലോക്കല്‍ സെക്രട്ടറിയായിരുന്നു. തോന്നക്കല്‍ എച്ച് ഡബ്ല്യു ട്വന്റി വണ്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, മംഗലപുരം പഞ്ചായത്ത് മെമ്പര്‍ തുടങ്ങിയ റോളുകള്‍ അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. അദ്ദേഹത്തോടെപ്പം ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം മിഥുന്‍ മുല്ലശ്ശേരിയും ബിജെപിയില്‍ ചേര്‍ന്നു.
ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, സംസ്ഥാന ഉപാദ്ധ്യക്ഷരായ വിടി രമ, സി.ശിവന്‍കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയന്‍, എസ്.സുരേഷ്, ജെആര്‍ പദ്മകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.