പത്തനംതിട്ട : അയ്യപ്പഭക്തർക്ക് ശബരിമലയുമായി ബന്ധപ്പെട്ട് അറിയേണ്ട വസ്തുതകളും വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കിയിരിക്കുകയാണ് ജില്ലാ പോലീസ്. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിർദേശാനുസരണം ജില്ലാ പോലീസ് സൈബർ സെൽ തയ്യാറാക്കിയ ‘ശബരിമല – പോലീസ് ഗൈഡ്’ എന്ന പോർട്ടലിലൂടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ കാണാവുന്ന രീതിയിൽ ഇംഗ്ലീഷ് ഭാഷയിൽ തയാർ ചെയ്തിരിക്കുന്ന പോലീസ് ഗൈഡിൽ തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ പ്രധാന വിവരങ്ങളും അയ്യപ്പ ഭക്തർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളും മറ്റു നിർദേശങ്ങളും അടങ്ങിയിരിക്കുന്നു.
പോലീസ് ഹെൽപ്‌ലൈൻ നമ്പരുകൾക്ക് പുറമെ, പോലീസ് സ്റ്റേഷനുകളുടെയും, ഗതാഗതം, ആരോഗ്യം, മെഡിക്കൽ, കെ എസ് ആർ റ്റി സി, ആംബുലൻസ്, അഗ്നിരക്ഷാസേന, ഭക്ഷ്യസുരക്ഷ, ദേവസ്വം ഓഫീസ് എന്നിവയുടെയും ഫോൺ നമ്പരുകൾ ആദ്യം വിവരിച്ചിരിക്കുന്നു. തുടർന്ന്, പൊതുവിവരങ്ങൾ എന്ന തലക്കെട്ടിൽ ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശബരിമലയുടെ ഐതിഹ്യം ചരിത്രം, വിവിധ ഉത്സവങ്ങൾ, ഇരുമുടിക്കെട്ട്, എന്നിവയുടെ വിശദമായ വിവരണം ലഭ്യമാക്കിയിട്ടുണ്ട്.
വാഹനങ്ങളുടെ പാർക്കിംഗ് ഗ്രൗണ്ടുകൾ, ഓരോ ജില്ലയിൽ നിന്നും ശബരിമലയിലേക്കുള്ള പാതകൾ (വ്യോമ, റെയിൽ, റോഡ്), ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ഇടത്താവളങ്ങളായി പ്രവർത്തിക്കുന്ന സ്ഥലങ്ങളും ഗ്രൗണ്ടുകളും, ദർശനവഴി തുടങ്ങിയുള്ള വിവരങ്ങൾ അടുത്ത തലക്കെട്ടുകളിൽ വിശദമാക്കുന്നു. തുടർന്ന്, സോപാനം, മാളികപ്പുറം, ആഴി, അരവണ കൌണ്ടർ തുടങ്ങി അയ്യന്റെ സന്നിധിയിലേക്കുള്ള അയ്യപ്പഭക്തരുടെ സഞ്ചാരവഴികളിലെ എല്ലാ ഇടങ്ങളും ഗൂഗിൾ മാപ്പിൽ ലഭ്യമാക്കുന്നു. പമ്പ, സന്നിധാനം ആശുപത്രികളുടെ സേവനം, നിലക്കൽ പാർക്കിംഗ് കേന്ദ്രം എന്നിങ്ങനെ അറിയേണ്ടതെല്ലാം വ്യക്തമാക്കുന്ന പോലീസ് ഗൈഡ് അവസാനിക്കുന്നത് കാലാവസ്ഥ അറിയിപ്പിലാണ്. വിവരങ്ങൾ യഥാസമയം പുതുക്കി നൽകുന്നതിന് സാധിക്കും വിധമാണ് ഗൈഡ് ഒരുക്കിയിരിക്കുന്നതെന്നും, ഇത് തീർത്ഥാടകർക്ക് ഏറെ ഉപകാരപ്രദമാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.