ശബരിമല: അഗസ്ത്യര്‍ കൂട്ടത്തിലെ വനവാസികള്‍ ഇത്തവണയും അയ്യപ്പദര്‍ശനപുണ്യം തേടി ശബരിമലയിലെത്തി. തിരുവനന്തപുരം ജില്ലയിലെ കോട്ടൂര്‍ മുണ്ടണി മാടന്‍ തമ്പുരാന്‍ ക്ഷേത്ര ട്രസ്റ്റി വിനോദ് മുണ്ടണിയുടെ നേതൃത്വത്തിലുള്ള 145 അംഗ സംഘമാണ് ഇത്തവണ അയ്യനെകാണാന്‍ വന വിഭവങ്ങളുമായി എത്തിയത് .എല്ലാവര്‍ഷവും മണ്ഡലകാലത്ത് അയ്യപ്പന് സമര്‍പ്പിക്കാനായി തേന്‍, കാട്ടുപൂക്കള്‍ ,കദളിക്കുല തുടങ്ങിയ വിഭവങ്ങളുമായാണ് ഇവര്‍ മല ചവിട്ടുന്നത്.
തിരുവനന്തപുരത്തെ പാറ്റാംപാറ, കുന്നത്തേരി, പ്ലാവിള, കമലകം, മുക്കോത്തിവയല്‍, പൊടിയം, കൊമ്പിടി, ചോനാംപാറ, മാങ്കോട്, മുളമൂട്, കൈതോട്, പാങ്കാവ്, ആമല തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ പ്രാവിള, കോതയാര്‍, ആറുകാണി നിവാസികളുമാണ് ഇത്തവണത്തെ സംഘത്തില്‍ ഉള്‍പ്പെട്ടത്.സംഘാംഗമായ ഭിന്ന ശേഷിക്കാരന്‍ അയ്യപ്പന്‍ കാണി ഇഴഞ്ഞാണ് മല കയറിയത്. 45 കാരനായ ഇദ്ദേഹം ഇത് മൂന്നാം തവണയാണ് ശബരിമല ദര്‍ശനത്തിനായി എത്തുന്നത്.
മുളംകുറ്റികളില്‍ നിറച്ച കാട്ടുതേന്‍, കദളിക്കുല, കുന്തിരിയ്ക്കം, കരിമ്പ് തുടങ്ങിയ വനവിഭവങ്ങളും പൂക്കൂടകള്‍, പൂവട്ടികള്‍ തുടങ്ങിയ കരകൗശല വസ്തുക്കളുമാണ് അഗസ്ത്യര്‍കൂടവാസികള്‍ അയ്യപ്പന് സമര്‍പ്പിച്ചത്.
വനമേഖലയില്‍ നിന്നും രണ്ടു ദിവസം മുന്‍പേ കാല്‍നടയായി പുറപ്പെട്ട തീര്‍ഥാടകര്‍ കോട്ടൂര്‍ മുണ്ടണി മാടന്‍ തമ്പുരാന്‍ ക്ഷേത്രത്തില്‍ നിന്നാണ് ഇരുമുടിക്കെട്ടുമായി സന്നിധാനത്തെത്തിയത്. പതിനെട്ടാം പടി ചവിട്ടി സോപാനം വഴി ശ്രീകോവിലില്‍ എത്തിയ സംഘം വനത്തില്‍ നിന്നും ശേഖരിച്ച കാട്ടുതേന്‍, കരിമ്പ്, കുന്തിരിക്കം എന്നിവ അയ്യപ്പന് സമര്‍പ്പിച്ചു. മേല്‍ശാന്തിയില്‍ നിന്നും പ്രസാദം സ്വീകരിച്ച ശേഷം മാളികപ്പുറത്തും ഇവര്‍ ദര്‍ശനം നടത്തി.