കൂടല്‍: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു. തൊട്ടുപിന്നാലെ കത്തി നശിച്ചു. കാറിലുണ്ടായിരുന്ന അഞ്ച് അയ്യപ്പന്മാര് ഉടന്‍ തന്നെ പുറത്തു ചാടിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കൂടല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഇടത്തറയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ശബരിമല ദര്‍ശനംകഴിഞ്ഞു മടങ്ങിയ തെലങ്കാന സ്വദേശികളായ അയ്യപ്പന്മാരാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഹോണ്ട എലിവേറ്റര്‍ കാര്‍ അമിതവേഗതയില്‍ സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ കാറില്‍ നിന്ന് തീയും പുകയും ഉയര്‍ന്നു. നിസാരപരുക്കേറ്റ അഞ്ചു പേരും പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെ കാര്‍ പൂര്‍ണമായും കത്തിയമരുകയായിരുന്നു.ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തു വന്നെങ്കിലും തീ പടരുന്നത് തടയാന്‍ സമയം എടുത്തു.