പതിനേഴുകാരി പ്രസവിച്ച കേസില്‍ വിവാഹം കഴിച്ച യുവാവും പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍: യുവാവ് മുന്‍പും പോക്‌സോ കേസില്‍ പ്രതി

0 second read
0
0

അടൂര്‍: പ്രായപൂര്‍ത്തിയാകാതെ വിവാഹം കഴിച്ച പെണ്‍കുട്ടിയെ പ്രസവിച്ച സംഭവത്തില്‍ ബസ് കണ്ടക്ടറായ യുവാവും പെണ്‍കുട്ടിയുടെ അമ്മയും പോക്‌സോ കേസില്‍ അറസ്റ്റില്‍. യുവാവിന്റെ മാതാപിതാക്കളും പ്രതികളാകും. കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയില്‍ വീട്ടില്‍ ആദിത്യന്‍(21), ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുന്ന പെണ്‍കുട്ടിയുടെ മാതാവ് എന്നിവരെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കേസില്‍ ഒന്നും രണ്ടും പ്രതികളാണ്. മൂന്നും നാലും പ്രതികളായ യുവാവിന്റെ മാതാപിതാക്കളുമായി ആലോചിച്ച് സമ്മതം നേടിയാണ് രണ്ടാം പ്രതി ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തത്. ആദിത്യന്‍ മുന്‍പൊരു പോക്‌സോ കേസില്‍ പ്രതിയാണ്. അതിലും ഏറെ ഗൗരവകരമായത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചത് സര്‍ക്കാര്‍ ആശുപത്രിയിലാണെന്നുള്ളതാണ്.

സ്വകാര്യബസ്സിലെ കണ്ടക്ടറായ പ്രതി 17 വയസുള്ള പെണ്‍കുട്ടിയുമായി രണ്ടുവര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ എതിര്‍ത്തുവെങ്കിലും കൂട്ടാക്കാതെ ബന്ധം തുടര്‍ന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ അഞ്ചാം മാസം യുവാവിന്റെ മാതാപിതാക്കള്‍ ജോലി ചെയ്യുന്ന വയനാടിന് കൊണ്ടു പോയി. അവിടെ വച്ച് പെണ്‍കുട്ടി ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവത്തിന് ശേഷം നാല് മാസം കഴിഞ്ഞ് കുഞ്ഞുമായി ഇവിടെ വന്ന് യുവാവിനൊപ്പം താമസിക്കുകയായിരുന്നു. ആദിത്യനുമായി ഇപ്പോള്‍ പിണക്കത്തിലായ പെണ്‍കുട്ടിയുടെ സഹോദരന്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ച് വിവരങ്ങള്‍ പറഞ്ഞു. തുടര്‍ന്ന്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അറിയിച്ചതുപ്രകാരം ഏനാത്ത് പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

2022 മുതല്‍ പെണ്‍കുട്ടിയുമായി അടുത്ത യുവാവ് പ്രണയം നടിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ നിരന്തരം ബന്ധപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി ബലാല്‍സംഗത്തിന് വിധേയയാക്കി. ഭര്‍ത്താവുമായി പിരിഞ്ഞുനില്‍ക്കുന്ന രണ്ടാം പ്രതിയും മറ്റും താമസിക്കുന്ന വാടക വീട്ടില്‍ നിത്യസന്ദര്‍ശകനായി മാറിയ ഇയാളെ കഴിഞ്ഞ വര്‍ഷം കുട്ടിയുടെ പ്ലസ് വണ്‍ പരീക്ഷസമയത്ത് അമ്മ വിളിച്ചുവരുത്തി. തുടര്‍ന്ന്, മാതാപിതാക്കളുടെ സമ്മതം വാങ്ങിയശേഷം, കുട്ടിയെ ഇയാള്‍ക്കൊപ്പം പ്രതിയുടെ വീട്ടിലേക്ക് ഇവര്‍ പറഞ്ഞയച്ചു. പിന്നീട് ക്ഷേത്രത്തില്‍ വച്ച് ഇരുവരുടെയും താലികെട്ടു നടത്തി. ഭാര്യാ ഭര്‍ത്താക്കന്മാരെപ്പോലെ പ്രതിയുടെ വീട്ടില്‍ കഴിഞ്ഞു വരികയായിരുന്നു. നിയമാനുസൃതമല്ലാത്ത വിവാഹത്തിന് കൂട്ടുനില്‍ക്കുകയും നിയമാനുസൃത രക്ഷാകര്‍തൃത്വത്തില്‍ നിന്നും മനപ്പൂര്‍വം ഒഴിവാക്കണമെന്നുമുള്ള ഉദ്ദേശത്തോടെയും ആണ് ഇവര്‍ കുട്ടിയെ യുവാവിനോപ്പം അയച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
കുട്ടി തുടര്‍ന്ന് ഗര്‍ഭിണിയായപ്പോള്‍ ഇത് മറച്ചുവയ്ക്കാനായി പ്രതിയുടെ മാതാപിതാക്കള്‍ ജോലിചെയ്യുന്ന വയനാട് ഇവര്‍ എത്തിച്ചു. അവിടെ കൈനാടി ഗവണ്മെന്റ് ആശുപത്രിയില്‍ പ്രസവം നടന്നു. ഡോക്ടര്‍മാര്‍ക്കോ മറ്റ് ജീവനക്കാര്‍ക്കോ സംശയം തോന്നിയില്ല.

തുടര്‍ന്നാണ് ഇവിടെയെത്തി യുവാവുമായി വീണ്ടും താമസിച്ചുവന്നത്. കഴിഞ്ഞദിവസം ശിശുസംരക്ഷണ യൂണിറ്റില്‍ നിന്നും, സംഭവം സംബന്ധിച്ച് കത്ത് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍, ഏനാത്ത് പോലീസ് സ്ഥലത്ത് വിശദമായ അന്വേഷണം നടത്തുകയും പെണ്‍കുട്ടിയെ കണ്ടെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് വിശദമായി മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. ഗുരുതരമായ കുറ്റകൃത്യം ആണെന്ന് ബോധ്യപ്പെട്ട പോലീസ് ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും ബാലനീതി നിയമമനുസരിച്ചും ബാല വിവാഹനിരോധന നിയമം വകുപ്പ് 9 പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ആദിത്യനെയും കുട്ടിയുടെ അമ്മയെയും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി മൊഴിയെടുത്ത ശേഷം അറസ്റ്റ് ചെയ്തു. പ്രാഥമിക നടപടികള്‍ക്ക് ശേഷം, പോലീസ് തെളിവെടുപ്പ് നടത്തുകയും, വിശദമായ റിപ്പോര്‍ട്ട് ശിശുക്ഷേമ സമിതിക്ക് കൈമാറുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നതിന് അപേക്ഷ സമര്‍പ്പിച്ചു. പ്രതിയുടെ വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ശാസ്താംകോട്ട പോലീസ് സേ്റ്റഷനില്‍ രജിസ്റ്റര്‍ ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആദിത്യന്‍ പ്രതിയാണ് എന്ന് അന്വേഷണത്തില്‍ വെളിവായി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ യാത്രക്കാരന്‍ മര്‍ദിച്ചു: ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു

തിരുവല്ല: ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ യാത്രക്കാരന്‍ മര്‍…