റാന്നി: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച സ്‌റ്റേഷനറി കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ചറുകുളഞ്ഞി വലിയകുളം കൈതതടത്തില്‍ പാന്റ് രാജനെന്നറിയപ്പെടുന്ന എസ്. രാജന്‍ (65) ആണ് പിടിയിലായത്. കടയില്‍ നിന്നും നാല് ബക്കറ്റുകളിലും രണ്ട് ചാക്കുകളിലുമായി സൂക്ഷിച്ചിരുന്ന ഹാന്‍സ്, കൂള്‍ ഇനങ്ങളില്‍പ്പെട്ട നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇട്ടിയപ്പാറ അടച്ചിപ്പുഴ റോഡിലെ വാടകക്കെട്ടിടത്തിലെ രണ്ടു മുറികളിലാണ് ഇവ വില്പനക്കായി സൂക്ഷിച്ചിരുന്നത്. അനധികൃത കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചതിനെതുടര്‍ന്നായിരുന്നു പരിശോധന. കടയുടെ വരാന്തയില്‍ പ്ലാസ്റ്റിക് മേശയ്ക്കടിയില്‍ ബക്കറ്റുകളിലും ചാക്കുകളിലുമായി സൂക്ഷിച്ച ഇവയില്‍ പൊട്ടിക്കാത്ത 120 പാക്കറ്റും പൊട്ടിച്ച 450 പാക്കറ്റും ഹാന്‍സും 350 പാക്കറ്റ് കൂളുമാണ് ഉണ്ടായിരുന്നത്. ഒരു പാക്കറ്റില്‍ 15 കവര്‍ ആണ് ഉണ്ടാവുക. ചോദ്യം ചെയ്തപ്പോള്‍ ഇവ കൈവശം വയ്ക്കുന്നതിനുള്ള അനുമതി പത്രങ്ങളൊന്നും ഇല്ലായിരുന്നു. എ എസ് ഐ കൃഷ്ണന്‍കുട്ടി, എസ് സി പി ഓ അജാസ് ചാറുവേലില്‍, സി പി ഓമാരായ ഗോകുല്‍ കണ്ണന്‍, അശോകന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.