
പത്തനംതിട്ട: ഭാര്യാപിതാവ് മരിച്ച വിവരം അറിഞ്ഞ് പഞ്ചാബില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച മരുമകന് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു. ആറന്മുള ദീപാലയത്തില്‍ കെ.ആര്.രവീന്ദ്രന് നായര്‍( ജില്ലാ സഹകരണ ബാങ്ക് റിട്ട.എക്സിക്യൂട്ടീവ് ഓഫീസര്‍ 70), മരുമകന് പന്തളം തോന്നല്ലൂര്‍ വടക്കേനലു തുണ്ടിയില്‍ പരേതനായ രാഘവന് പിളളയുടെയും ജാനകിയമ്മയുടെയും മകന് ആര്.സതീഷ് കുമാര്‍ (55-ഐ.ഓ.എല്‍.കെമിക്കല്‍സ് പഞ്ചാബ്) എന്നിവരാണ് മരിച്ചത്.
ഭാര്യാപിതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് മടങ്ങും വഴിയാണ് സതീഷിന്റെ മരണം. ദല്‍ഹിയിലെത്തി വിമാനത്തില്‍ നാട്ടിലേക്ക് വരാന്‍ വേണ്ടി ലുധിയാന റെയിവേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അസുഖം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന അയല്‍വാസികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആശുപതിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രണ്ടു പേരുടെയും
സംസ്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് നടക്കും. രവീന്ദ്രന് നായരുടെ മൂത്തമകള്‍ ദീപയുടെ ഭര്‍ത്താവാണ് സതീഷ് കുമാര്‍.
ആറന്മുളയിലെ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു രവീന്ദ്രന് നായര്‍. രാധാമണി ആണ് ഭാര്യ. മക്കള്‍: ദീപാ സതീഷ്, ദീപേഷ് കുമാര്‍. മരുമക്കള്‍: രാജലക്ഷ്മി പരേതനായ ആര്.സതീഷ് കുമാര്‍. സതീഷ്കുമാറിന്റെ മക്കള്‍: അശ്വതി എസ്.നായര്‍, ഐശ്വര്യ എസ്. നായര്‍.
രവീന്ദ്രന് നായര്‍ മല്ലപ്പുഴശേരി യുവജന വായനശാല മുന്‍ പ്രസിഡന്റ്, ആറന്മുള ഗവ.വി.എച്ച്.എസ്.എസ്.പി.ടി.എ. പ്രസിഡന്റ്, ആറന്മുള ക്ഷേത്ര ഉപദേശക സമിതി അംഗം,മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം ഉപദേശക സമതി സെക്രട്ടറി, ഹിന്ദു ഐക്യവേദി കോഴഞ്ചേരി താലൂക്ക് കമ്മറ്റി അംഗം, ബി.ജെ.പി.ജില്ലാ ജോയിന്റ് കണ്‍വീനര്‍, ആറന്മുള ജലമേള പ്രവര്ത്തകന് തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.ജില്ലാ സഹകരണ ബാങ്ക് മാനേജരായി കടമ്മനിട്ട,തടിയൂര്‍,റാന്നി,അയിരൂര്‍,പുറമറ്റം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു.തങ്ക അങ്കി ഘോഷയാത്ര,ആറന്മുള ഉത്സവം തുടങ്ങിയവയുടെ നടത്തിപ്പിലും സജീവമായിരുന്നു രവീന്ദ്രന് നായര്‍.