പത്തനംതിട്ട: നാട്ടുകാര്‍ക്കും ഇരയായവര്‍ക്കും അധികാരികള്‍ക്കും തടയിടാന്‍ കഴിയാതെ മുന്‍ ഡിസിസി അംഗത്തിന്റെ തട്ടിപ്പ് തുടരുന്നു. നയചാതുരിയോടെ സംസാരിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഇയാളും ഭാര്യയും ചേര്‍ന്ന് നാട്ടുകാരില്‍ നിന്ന് തട്ടിയെടുത്തത് ഒരു കോടിയില്‍പ്പരം രൂപയാണ്. കഴിഞ്ഞ 15 വര്‍ഷമായി ഇയാള്‍ തട്ടിപ്പ് തുടരുന്നുണ്ടെങ്കിലും ഒരു നടപടിയും എടുക്കാന്‍ കഴിയുന്നില്ലെന്നാണ് പണം പോയവരുടെ വിലാപം.
തട്ടയില്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘം എന്നൊരു സ്ഥാപനം തട്ടിക്കൂട്ടിയാണ് കോടികളുടെ തട്ടിപ്പ് നടത്തയിരിക്കുന്നത്. സംഘം പ്രസിഡന്റായിരുന്ന മുന്‍ പന്തളം തെക്കെക്കര പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി അംഗവുമായിരുന്ന എം.എന്‍. വിശാഖ്കുമാര്‍, ഭാര്യ പി.ആര്‍. ശ്രീകല, ജീവനക്കാരിയായിരുന്ന ബീനാരാജ് എന്നിവരുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്ന് ഇരയായവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലും ജില്ലാ ബാങ്കിലുംജോലി നല്‍കാമെന്ന് പറഞ്ഞാണ് വിവിധ കാലങ്ങളിലായി പണം വാങ്ങിയത്. പലരില്‍ നിന്നായി തട്ടിയെടുത്ത പണം ഒരു കോടിയിലധികം വരും. തൊഴില്‍ രഹിതരായ ചെറുപ്പക്കാരുള്ള വീടുകള്‍ കണ്ടെത്തി വളരെ വിദഗ്ധമായി അവരുടെ രക്ഷകര്‍ത്താക്കളുമായി ചങ്ങാത്തം കൂടി ഓരോരുത്തര്‍ക്കും ജോലി നല്‍കാമെന്ന് പറഞ്ഞാണ് 2015 മുതല്‍ തട്ടിപ്പ് നടത്തിയത്. ചിലര്‍ക്ക് വാങ്ങിയ തുകയ്ക്ക് വിശാഖ് കുമാറിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റെ ചെക്കുകള്‍ നല്‍കിയിട്ടുണ്ട്. അക്കൗണ്ടില്‍ പണം ഇല്ലാത്തിനാല്‍ ചെക്കുകള്‍ മടങ്ങി. തുടര്‍ന്ന് പണം ഈടാക്കുന്നതിനുള്ള കേസുകള്‍ കോടതികളില്‍ ഫയല്‍ ചെയ്തു. തട്ടിപ്പ് നടക്കുമ്പോള്‍ വിശാഖ്കുമാര്‍ പത്തനംതിട്ട ജില്ലാ സഹകരണബാങ്ക് ജീവനക്കാരന്‍ കൂടിയായിരുന്നു. നിലവില്‍ സഹകരണ സംഘം പ്രവര്‍ത്തനം ഇല്ല. പണാപഹരണം നടത്തുന്നതിനുള്ള ഒരു മറയായി ഉപയോഗിച്ച കടലാസ് സ്ഥാപനം മാത്രമായിരുന്നു ഇത്. പണം തിരികെ ചോദിച്ചാല്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തും. പിന്നാലെ വക്കീല്‍ നോട്ടീസ് അയച്ചും കളളക്കേസ് കൊടുത്തും ഭയപ്പെടുത്തുകയാണ്. പണം ആവശ്യപ്പെട്ട് സഹകരണ സംഘത്തിന്റെ മുന്‍പില്‍ സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയതാണ്. കൊടുമണ്‍ പോലീസ് സേ്റ്റഷനിലും ഉന്നത പോലീസ് അധികാരികള്‍ക്കും പരാതികള്‍ സമര്‍പ്പിച്ചിട്ടും നടപടിയുണ്ടായില്ല. പണം തിരികെ ലഭിക്കുന്നതിനും തട്ടിപ്പുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്ത സമ്മേളനത്തില്‍ ഓച്ചിറ മേമന സ്വദേശി രാജന്‍പിളള, ശ്രീനിലയം വിനോദ് തട്ടയില്‍, പന്മന ഇടപ്പളളിക്കോട്ട വെളിയത്ത് മുക്ക് സുമംഗലിയില്‍ ശശിധരന്‍ നായര്‍, ശ്രീലതാ ഹരികുമാര്‍ അമ്പാട്ട് വളളിക്കോട്, ഫിലിപ്പോസ് വര്‍ഗീസ് വാഴപിള്ളത്ത് പേഴുംപാറ എന്നിവര്‍ പങ്കെടുത്തു.